Thursday, March 19, 2026 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 11.46 PM

കോണ്‍ഗ്രസ്‌ പട്ടികയില്‍ അനിശ്‌ചിതത്വം .കണ്ണൂര്‍, കോന്നി, കൊച്ചി... തര്‍ക്കം തീരുന്നില്ല

uploads/news/2026/03/830954/k1.jpg

ന്യൂഡല്‍ഹി; കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന സ്‌ഥാനാര്‍ഥികളെ നിശ്‌ചയിക്കാനുള്ള ചര്‍ച്ച ഇന്നലെ രാത്രി വൈകിയും നീണ്ടു. അതോടെ രണ്ടാം പട്ടികയുടെ പ്രഖ്യാപനം അനിശ്‌ചിതത്വത്തിലായി. കണ്ണൂരും കോന്നിയും കൊച്ചിയും ഉള്‍പ്പെടെ തര്‍ക്കം നിലനില്‍ക്കുന്ന ചില സീറ്റുകള്‍ ഒഴിച്ചിട്ട്‌ ബാക്കിയുള്ളവ ഇന്നലെ വൈകിട്ടോടെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്‌. എന്നാല്‍, മണിക്കൂറുകള്‍ പിന്നിട്ടിട്ടും സമവായത്തിലെത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനു സാധിച്ചില്ല. ഇന്നലെ രാത്രി വൈകി വീണ്ടും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വസതിയില്‍ യോഗം ചേര്‍ന്നു സമാവായമുണ്ടാക്കാന്‍ ശ്രമം നടന്നു.
കെ. സുധാകരന്‍ കണ്ണൂരിലും അടൂര്‍ പ്രകാശ്‌ കോന്നിയിലും മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌. ഇനി പ്രഖ്യാപിക്കാനുള്ള പല സീറ്റുകളിലും സ്‌ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഒറ്റപ്പേരിലെത്താന്‍ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം 55 സ്‌ഥാനാര്‍ഥികളടങ്ങിയ ആദ്യപട്ടിക കോണ്‍ഗ്രസ്‌ പുറത്തിറക്കിയിരുന്നു.
ബാക്കിയുള്ള സ്‌ഥാനാര്‍ഥികളെ നിശ്‌ചയിക്കാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച സംസ്‌ഥാന നേതാക്കള്‍ക്കൊപ്പം കേന്ദ്ര നേതാക്കളും ചേര്‍ന്നു മാരത്തണ്‍ ചര്‍ച്ചയാണു നടത്തുന്നത്‌.
ഗ്രൂപ്പ്‌ സമവാക്യങ്ങളും വിജയസാധ്യതയും പ്രാദേശിക വികാരവും ഒരേ പോലെ പരിഗണിച്ചു പട്ടിക തയാറാക്കുകയെന്ന വെല്ലുവിളിയാണു ഹൈക്കമാന്‍ഡിനു മുന്നിലുള്ളത്‌. എല്ലാ ഗ്രൂപ്പ്‌ നേതാക്കളെയും പ്രീതിപ്പെടുത്തി പട്ടിക രൂപപ്പെടുത്താനുള്ള പ്രയാസമാണ്‌ പട്ടികയും ചര്‍ച്ചയും നീളാന്‍ കാരണം.
അതേസമയം, സ്‌ഥാനാര്‍ഥി പ്രഖ്യാപനം നീളുകയും ചില സീറ്റുകളിലെ വിവരങ്ങള്‍ പുറത്തുവരികയും ചെയ്‌തതോടെ കോണ്‍ഗ്രസ്‌ പൊട്ടിത്തെറിയുടെ വക്കിലാണ്‌. ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും തവനൂരിലും ചര്‍ച്ച ചെയ്യപ്പെട്ട സന്ദീപ്‌ വാര്യര്‍ക്ക്‌ തൃക്കരിപ്പൂര്‍ സീറ്റാണ്‌ മാറ്റിവച്ചത്‌. ഇതിനെതിരേ കാസര്‍ഗോഡ്‌ ഡി.സി.സി. നേതൃത്വം രംഗത്തെത്തി. കെട്ടിയിറക്ക്‌ സ്‌ഥാനാര്‍ഥി വേണ്ടെന്നാണു നിലപാട്‌.
കൊച്ചിയില്‍ നേതാക്കളായ മുഹമ്മദ്‌ ഷിയാസിനായും ദീപ്‌തി മേരി വര്‍ഗീസിനായും അനുകൂലികള്‍ പരസ്യമായി രംഗത്തെത്തി. ദീപ്‌തി മേരി വര്‍ഗീസിനായുള്ള പോസ്‌റ്റുകള്‍ അച്ചടിക്കുന്നതു നിര്‍ത്തിവച്ചു.
പെരുമ്പാവൂരില്‍ എല്‍ദോസ്‌ കുന്നപ്പള്ളിക്ക്‌ സീറ്റുണ്ടാവില്ലെന്ന്‌ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്‌.
അതിനിടെ, സീറ്റ്‌ കിട്ടാത്തതില്‍ ക്ഷുഭിതനായ കെ. സുധാകരനോടു കാത്തിരിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നിര്‍ദേശിച്ചതായി സൂചനയുണ്ട്‌. ഇതിനോടുള്ള സുധാകരന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. കണ്ണൂരില്‍നിന്നു മത്സരിക്കുമെന്ന ഉറച്ചനിലപാെടടുത്തിട്ടുള്ള സുധാകരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നീക്കങ്ങളും ശക്‌തമാക്കിയിരുന്നു. കണ്ണൂര്‍ സീറ്റ്‌ നല്‍കിയില്ലെങ്കില്‍ സുധാകരന്‍ കടുത്ത നിലപാടിലേക്കു പോകുമെന്ന നിഗമനത്തില്‍ അനുനയിപ്പിച്ച്‌ ഒപ്പം നിര്‍ത്താനാണു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ശ്രമം.
കോണ്‍ഗ്രസിന്റെ ആദ്യ സ്‌ഥാനാര്‍ഥി പട്ടികയില്‍ കെ. സുധാകരനെ ഉള്‍പ്പെടുത്താത്തതിനെതിരേ സുധാകരന്‍ അനുയായികള്‍ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരേ പേരാവൂരില്‍ പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ.എസ്‌. ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്‌. 'നന്ദി ഇല്ലെങ്കിലും നന്ദികേട്‌ ആവരുത്‌ സണ്ണീ... തിരിച്ചടി നേരിടേണ്ടിവരും...
കെ. സുധാകരന്‌ അഭിവാദ്യങ്ങള്‍' എന്നായിരുന്നു പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നില്‍ പതിച്ച പോസ്‌റ്റര്‍. കണ്ണൂര്‍ ഡി.സി.സി. പരിസരത്തേക്ക്‌
സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.

Ads by Google
Wednesday 18 Mar 2026 11.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW