-->
വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിൽ വൈത്തിരി എസ്എച്ച്ഒ അനിൽകുമാറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന അനിൽകുമാർ ക്രൈം ബ്രാഞ്ചിന് മുൻപിൽ കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ വൈത്തിരി സ്റ്റേഷനിലെ സിഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് കുഴൽപ്പണം തട്ടിയെടുത്ത സംഭവം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അനിൽകുമാറിന് പുറമെ എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തിരുന്നത്. പിടിച്ചെടുത്ത കുഴൽപ്പണം റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയതിനാണ് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ഉത്തര മേഖലാ ഐജി രാജ്‌പാൽ മീണ നാല് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്‌തത്. ഉദ്യോഗസ്ഥർക്കെതിരെ കവർച്ചക്ക് കേസെടുത്തിരുന്നു.