Wednesday, March 18, 2026 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.39 PM

തൊണ്ടിമുതല്‍ തിരിമറി കേസ്‌: ആന്റണി രാജുവിന്റെ ഹര്‍ജി തള്ളി

uploads/news/2026/03/830755/k6.jpg

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ ഉത്തരവ്‌ മരവിപ്പിക്കണമെന്ന മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ ആന്റണി രാജുവിന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത തുടരും. തൊണ്ടിമുതല്‍ കേസില്‍ മൂന്നു വര്‍ഷം തടവിനാണ്‌ വിചാരണ കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചത്‌. തുടര്‍ന്ന്‌ എം.എല്‍.എ സ്‌ഥാനം നഷ്‌ടപ്പെടുകയും തെരഞ്ഞെടുപ്പ്‌ മത്സരരംഗത്ത്‌ നിന്ന്‌ അയോഗ്യനാവുകയും ചെയ്‌തിരുന്നു.
കുറ്റക്കാരനെന്ന വിധി സസ്‌പെന്‍ഡ്‌ ചെയ്‌താല്‍ മാത്രമേ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. എന്നാല്‍, കോടതിയുടെ കസ്‌റ്റഡിയിലുള്ള തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നതു ഗൗരവതരമായ കുറ്റമാണെന്നു ഹര്‍ജി തള്ളിക്കൊണ്ട്‌ ജസ്‌റ്റിസ്‌ സി. ജയചന്ദ്രന്‍ വ്യക്‌തമാക്കി.
നിയമ നിര്‍മാണ സഭകളിലേക്ക്‌ മത്സരിക്കാനുള്ള അവകാശം തടയപ്പെടുന്നത്‌ ശിക്ഷയെ തുടര്‍ന്നുള്ള നിയമപരമായ അനന്തരഫലം മാത്രമാണെന്നിരിക്കെ അത്‌ സ്‌റ്റേ ചെയ്യാന്‍ മറ്റ്‌ കാരണങ്ങളില്ല. രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടവര്‍ക്ക്‌ അയോഗ്യത കല്‍പിക്കുന്ന വ്യവസ്‌ഥ ജനപ്രതിനിധ്യ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ ജനപ്രതിനിധികളുടെ സംശുദ്ധി ഉറപ്പാക്കാനാണെന്നും കോടതി പറഞ്ഞു. അതേസമയം, തിരുവനന്തപുരം സെഷന്‍സ്‌ കോടതിയിലുള്ള അപ്പീലിന്‌ സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ ബാധകമാകില്ലെന്ന്‌ ഉത്തരവില്‍ പറയുന്നു.
1990ല്‍ മയക്കുമരുന്ന്‌ കേസിലെ പ്രതിയും തന്റെ കക്ഷിയുമായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയുടെ കസ്‌റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്‌ത്രം കൈക്കലാക്കി മാറ്റം വരുത്തിയെന്ന കേസിലാണ്‌ ആന്റണി രാജു ശിക്ഷിക്കപ്പെട്ടത്‌.

Ads by Google
Tuesday 17 Mar 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW