-->
ഒരുകാലത്ത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിമാരിലൊരാളായിരുന്നു സിമ്രാൻ . തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമൊക്കെ സിമ്രാൻ സാന്നിധ്യമറിയിച്ചിരുന്നു. ഇടയ്ക്ക് അഭിനയത്തിൽ നിന്ന് ചെറിയൊരിടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് സിമ്രാൻ. ഇപ്പോഴിതാ നടൻ മമ്മൂട്ടിയേക്കുറിച്ച് സിമ്രാൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടി ചിത്ര ഇന്ദ്രപ്രസ്ഥത്തിലൂടെയായിരുന്നു സിമ്രാന്റെ തെന്നിന്ത്യൻ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് സിമ്രാൻ സംസാരിച്ചത്. മമ്മൂട്ടി ഐക്കണിക് ഫിഗറാണെന്നും ഇന്നും ഒരു മാറ്റവുമില്ലെന്നും അവർ പറഞ്ഞു. എല്ലാവർക്കും മാതൃകയാണ് മമ്മൂട്ടി. തന്റെ സഹോദരൻ സുമിത് മമ്മൂട്ടിയ്ക്കൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും സിമ്രാൻ പറഞ്ഞു.
"ഇന്ദ്രപ്രസ്ഥം എന്ന ഒറ്റച്ചിത്രമേ മമ്മൂട്ടി സാറിനൊപ്പം ചെയ്തിട്ടുള്ളൂ. തമിഴ്നാട്ടിൽ ഡൽഹി ദർബാർ എന്ന പേരിലാണ് ആ പടം റിലീസ് ചെയ്തത്. വിദ്യാസാഗറായിരുന്നു സംഗീതസംവിധായകൻ. ഞാൻ പക്ഷേ മമ്മൂട്ടി സാറിന്റെ നായികയല്ലായിരുന്നു. വിദ്യാസാഗർ ഈണമിട്ട രണ്ട് ഗാനങ്ങളുണ്ട് ആ ചിത്രത്തിൽ. അതിമനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ദക്ഷിണേന്ത്യയിലെ എന്റെ ആദ്യ ചിത്രവും അതായിരുന്നു. ഇന്ദ്രപ്രസ്ഥത്തിന് ശേഷമാണ് നേരുക്ക് നേർ ചെയ്തത്.
മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കണിക് ഫിഗറാണ്. ഇപ്പോഴും അങ്ങനെത്തന്നെയാണ്. തീരെ മാറിയിട്ടില്ല. നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് മമ്മൂട്ടി സാർ. രജനി സാറും അങ്ങനെത്തന്നെ. എന്റെ അനിയൻ സുമിത് മമ്മൂട്ടി സാറിനൊപ്പം ബിഗ് ബി എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഇളയ സഹോദരനായി വേഷമിട്ടിരുന്നു." സിമ്രാൻ പറഞ്ഞു.