-->
തൃശ്ശൂര്‍: നാട്ടികയില്‍ സിറ്റിംഗ് എം.എല്‍.എ. സി.സി. മുകുന്ദനെ തഴഞ്ഞ് മുന്‍ എം.എല്‍.എ. ഗീതാ ഗോപിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.ഐ. നീക്കം. നാട്ടിക സംവരണമണ്ഡലത്തില്‍ ഒന്നാമൂഴത്തില്‍ വന്‍ വിജയം നേടിയിട്ടും രണ്ടാം തവണ പാര്‍ട്ടി പരിഗണിക്കാത്തതിന്റെ അതൃപ്തിയിലാണ് മുകുന്ദന്‍. ഒരുതവണ ജയിച്ചവര്‍ക്ക് രണ്ടാമൂഴം നല്‍കുമെന്ന പാര്‍ട്ടിയുടെ സാധാരണ മാനദണ്ഡം കാറ്റില്‍ പറത്തിയാണ് മുകുന്ദനെ അവഗണിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ സിപിഐയില്‍ നിലനില്‍ക്കുന്ന ശക്തമായ ചേരിപ്പോരാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്. മുന്‍പ് രണ്ടുതവണ ഇതേ മണ്ഡലത്തില്‍ വിജയിച്ച ഗീതാ ഗോപിക്കാണ് ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കുന്നത്.
ഇതില്‍ പ്രതിഷേധിച്ച് സിപിഐ വിട്ട് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിലാണ് മുകുന്ദന്‍ എന്നാണ് വിവരം. മുകുന്ദന്റെ പ്രതിഷേധവും മണ്ഡലത്തിലെ ജയസാധ്യതയും കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ സമീപിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവ് ഫോണില്‍ ബന്ധപ്പെടുകയും, തുടര്‍ന്ന് ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടെത്തി അദ്ദേഹത്തെ കാണുകയും ചെയ്തു. പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കിട്ടിയ ശേഷം തന്റെ അന്തിമ തീരുമാനം അറിയിക്കാമെന്നാണ് മുകുന്ദന്‍ മറുപടി നല്‍കിയത്.
എം.എല്‍.എ എന്ന നിലയില്‍ പാര്‍ട്ടി നിയോഗിച്ച സെക്രട്ടറി തന്റെ ലെറ്റര്‍ പാഡുകളും ഒപ്പും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി നല്‍കിയതോടെയാണ് മുകുന്ദന്‍ ജില്ലാ നേതൃത്വത്തിന് സെക്രട്ടറിയെ മാറ്റുന്നത് വരെ അദ്ദേഹം നേതൃത്വവുമായി അകന്നുനില്‍ക്കുകയും അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജപ്തി ഭീഷണിയിലായ ചോര്‍ന്നൊലിക്കുന്ന വീട്ടിലെ താമസവും തന്റെ ബാല്യകാല ദുഃഖങ്ങള്‍ വിവരിക്കുന്ന പുസ്തകവും ജനങ്ങള്‍ക്കിടയില്‍ മുകുന്ദന്റെ മതിപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ജനപ്രീതിയും വികസന നേട്ടങ്ങളും മുന്‍നിര്‍ത്തി സ്വതന്ത്രനായി മത്സരിച്ചാലും അദ്ദേഹം വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.