Friday, March 13, 2026 Last Updated 32 Min 16 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 08 Mar 2026 11.55 PM

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; രണ്ടുമാസം കൊണ്ട്‌ കെ.എസ്‌.ആര്‍.ടി.സി. വഴിയാധാരമാകുമെന്നു ഗണേഷ്‌, കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് തള്ളി ഗതാഗതമന്ത്രി

uploads/news/2026/03/829158/K.B.-Ganesh-Kumar.jpg

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. വിജയിച്ചാല്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ സ്‌ത്രീകള്‍ക്ക്‌ സൗജന്യയാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ്‌ വാഗ്‌ദാനത്തെ പരിഹസിച്ച്‌ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍. വാഗ്‌ദാനം നടപ്പാക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിലും അത്‌ രണ്ടുമാസം പോലും തുടരാനാകില്ലെന്നും അതോടെ കെ.എസ്‌.ആര്‍.ടി.സിയും നാട്ടുകാരും വഴിയാധാരമാകുമെന്നും മന്ത്രി വിമര്‍ശിച്ചു.

ലോക്‌സഭാ പ്രതിപക്ഷനേതാവ്‌ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച സൗജന്യയാത്രാ വാഗ്‌ദാനത്തെ ലക്ഷ്യമിട്ടാണ്‌ മന്ത്രിയുടെ പ്രതികരണം. ഇപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. ഒരുവിധം പച്ചപിടിച്ചു വരികയാണെന്നും, വകുപ്പിനെ നശിപ്പിക്കാന്‍ യു.ഡി.എഫ്‌. മുന്‍പും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്‌ത്രീകള്‍ക്ക്‌ സൗജന്യയാത്ര എന്നത്‌ പിന്നീട്‌ വനിതാദിനത്തില്‍ മാത്രമാണെന്നു മാറ്റിപ്പറയാന്‍ പോലും നാണമില്ലാത്തവരാണ്‌ കോണ്‍ഗ്രസുകാര്‍.

കര്‍ണാടകയില്‍ സ്‌ത്രീകള്‍ക്ക്‌ സൗജന്യയാത്രയെന്ന പ്രഖ്യാപനം നടത്തിയ ശേഷം അവിടത്തെ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന റിപ്പോര്‍ട്ടുകളും ഗണേഷ്‌ ചൂണ്ടിക്കാട്ടി. കെ.എസ്‌.ആര്‍.ടി.സി ഇപ്പോഴും ലാഭത്തിലായിട്ടില്ല. ദിവസേനയുള്ള നഷ്‌ടം കുറച്ച്‌, വരുമാനം കൂട്ടാനുള്ള ശ്രമത്തിലാണ്‌ സ്‌ഥാപനം.

പെന്‍ഷന്‍ ഉള്‍പ്പെടെ വലിയ സാമ്പത്തിക ബാധ്യതകള്‍ ഇപ്പോഴും കോര്‍പ്പറേഷനുണ്ട്‌. ജീവനക്കാര്‍ ഏറെ പ്രയാസപ്പെട്ടാണ്‌ സര്‍വീസ്‌ മുന്നോട്ടുകൊണ്ടുപോകുന്നത്‌. ഇത്തരം സാഹചര്യത്തില്‍ സൗജന്യയാത്രാ പദ്ധതി നടപ്പാക്കിയാല്‍ രണ്ടുമാസത്തിനകം കെ.എസ്‌.ആര്‍.ടി.സിക്ക്‌ ശമ്പളം നല്‍കാനോ സര്‍വീസ്‌ തുടരാനോ കഴിയില്ലെന്നും മന്ത്രി മുന്നറിയിപ്പ്‌ നല്‍കി. തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച്‌ വോട്ട്‌ നേടാനുള്ള ശ്രമം ശരിയല്ലെന്നും ഗണേഷ്‌ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
സ്വന്തം ലേഖകന്‍
Sunday 08 Mar 2026 11.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW