Friday, March 13, 2026 Last Updated 31 Min 35 Sec ago English Edition
Todays E paper
Ads by Google
ബിജു ലോട്ടസ്‌
Sunday 08 Mar 2026 11.55 PM

ഹോട്ടല്‍ മേഖല തകരും; ഗൃഹോപയോഗ എല്‍.പി.ജിയുടെ ലഭ്യത ഉറപ്പാക്കാനുള്ള ഉത്തരവില്‍ വ്യവസായ മേഖലയ്‌ക്ക്‌ ആശങ്ക, പുനഃപരിശോധിക്കണമെന്ന്

ഗാര്‍ഹിക ഉപയോഗ എല്‍.പി.ജി ഉത്‌പാദനത്തിന്‌ പരമാവധി മുന്‍ഗണന നല്‍കുന്നതോടെ ഗ്യാസ്‌ അടിസ്‌ഥാനമാക്കിയ മറ്റു വ്യവസായ മേഖലകളില്‍ വിതരണ അസന്തുലിതാവസ്‌ഥ ഉണ്ടാകാമെന്ന ആശങ്കയുമുണ്ട്‌.
uploads/news/2026/03/829156/k5.jpg

അടിമാലി: രാജ്യത്ത്‌ ഗൃഹോപയോഗ എല്‍.പി.ജിയുടെ ലഭ്യത ഉറപ്പാക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യവസായ മേഖലകള്‍ക്ക്‌ ആശങ്ക. റിഫൈനറികളില്‍നിന്നു ലഭിക്കുന്ന പ്രപെയ്‌ന്‍, ബ്യൂട്ടെയ്‌ന്‍ ഗ്യാസുകള്‍ പരമാവധി എല്‍.പി.ജി നിര്‍മാണത്തിനു മാത്രം ഉപയോഗിക്കണമെന്ന നിര്‍ദേശമാണ്‌ ഉത്തരവിന്റെ പ്രധാന ഭാഗം.

പൊതുജനങ്ങള്‍ക്ക്‌ എല്‍.പി.ജി ലഭ്യത ഉറപ്പാക്കുകയെന്നത്‌ അനിവാര്യമാണെങ്കിലും ഇതിന്റെ വ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഗൗരവമായ ചര്‍ച്ച ആവശ്യമാണെന്നു വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. പുതിയ നിര്‍ദേശപ്രകാരം, സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ മുഖേന മാത്രമേ പ്രധാനമായും എല്‍.പി.ജി വിതരണം നടക്കൂ. ഈ സാഹചര്യത്തിലാണ്‌ വ്യവസായ മേഖലയില്‍ ആശങ്കകള്‍ ഉയരുന്നത്‌.

ഉത്തരവ്‌ നടപ്പാക്കുന്നതോടെ കൊമേഴ്‌സല്‍ ഗ്യാസിന്റെ വിതരണം പ്രതിസന്ധിയിലായേക്കും. ഹോട്ടല്‍ വ്യവസായ മേഖലയെ ഇതു സാരമായി ബാധിക്കും. പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ പ്രപെയ്‌ന്‍, ബ്യൂട്ടെയ്‌ന്‍ ഗ്യാസുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കു വന്‍ തിരിച്ചടിയാകാം.

വ്യാവസായിക ആവശ്യങ്ങള്‍ക്കു പ്രപെയ്‌ന്‍, ബ്യൂട്ടെയ്‌ന്‍ ലഭ്യത കുറയുന്നത്‌ ചില മേഖലകളില്‍ ഉല്‍പാദനച്ചെലവ്‌ വര്‍ധിക്കാനും ഉല്‍പ്പന്നങ്ങളുടെ വില ഉയരാനും ഇടയാക്കും. ഗാര്‍ഹിക ഉപയോഗ എല്‍.പി.ജി ഉത്‌പാദനത്തിന്‌ പരമാവധി മുന്‍ഗണന നല്‍കുന്നതോടെ ഗ്യാസ്‌ അടിസ്‌ഥാനമാക്കിയ മറ്റു വ്യവസായ മേഖലകളില്‍ വിതരണ അസന്തുലിതാവസ്‌ഥ ഉണ്ടാകാമെന്ന ആശങ്കയുമുണ്ട്‌. സ്വകാര്യമേഖലയില്‍ ഇപ്പോള്‍ത്തന്നെ ഗ്യാസിനു വലിയ തോതില്‍ ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്‌.

ഈമാസം അഞ്ചിനാണ്‌ കേന്ദ്രസര്‍ക്കാരിന്റെ പെട്രോളിയം മന്ത്രാലയ ഡയറക്‌ടര്‍ ഉത്തരവിറക്കിയത്‌. അവശ്യസാധന നിയമപ്രകാരമാണ്‌ ഇതു നടപ്പാക്കുക. എന്നാല്‍ ജനങ്ങള്‍ക്ക്‌ എല്‍.പി.ജി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ മേഖലയുടെ വളര്‍ച്ചയും തൊഴിലവസരങ്ങളും സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്‌. അതിനാല്‍ ഉത്തരവിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വിലയിരുത്തി നയം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ശക്‌തമാകുകയാണ്‌.

ബിജു ലോട്ടസ്‌

Ads by Google
Ads by Google
LATEST NEWS
TRENDING NOW