Friday, March 13, 2026 Last Updated 32 Min 51 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
ജെബി പോള്‍
Sunday 08 Mar 2026 11.55 PM

'തന്ത്രിയെ വേട്ടയാടുകയാണെന്ന പ്രതീതി തിരിച്ചടിക്കാം'; രാജീവരുടെ ജാമ്യം: 'അപ്പീലില്‍' തീരുമാനമെടുക്കാതെ സര്‍ക്കാര്‍, വൈകിപ്പിക്കാന്‍ ശ്രമം

അനുകൂല സഹചര്യം ഉരുത്തിരിയുംവരെ അപ്പീല്‍ നല്‍കുന്നതു വൈകിപ്പിക്കാനാണു ശ്രമം. തെരഞ്ഞെടുപ്പ്‌ വരുന്ന സാഹചര്യത്തില്‍, തന്ത്രിയെ വേട്ടയാടുകയാണെന്ന പ്രതീതി ഭക്‌തരുടെ അസംതൃപ്‌തിയ്‌ക്കു കാരണമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
uploads/news/2026/03/829146/Kandararu-Rajeevaru.jpg

കൊച്ചി: തന്ത്രി കണ്‌ഠര്‌ രാജീവര്‍ക്കു ജാമ്യം നല്‍കിയതിനെതിരേ അപ്പീല്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമായില്ല. തന്ത്രിക്കെതിരേയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതല്ലെന്ന പരാമര്‍ശമടക്കം കൊല്ലം വിജിലന്‍സ്‌ കോടതി വിധിയ്‌ക്കെതിരേ അപ്പീല്‍ നല്‍കണമെന്നു പ്രത്യേക അന്വേഷണസംഘം (എസ്‌.ഐ.ടി.) സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയതാണ്‌. എന്നാല്‍, രണ്ടാഴ്‌ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടില്ല.

ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചു പ്രതിപക്ഷം സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങളാണ്‌ ഉയര്‍ത്തുന്നത്‌. കോടതി കുറ്റക്കാരനല്ലെന്നു പറഞ്ഞിട്ടും തന്ത്രിയെ വേട്ടയാടുകയാണെന്നു അവര്‍ ആരോപിക്കുന്നു. അതിനാല്‍, അനുകൂല സഹചര്യം ഉരുത്തിരിയുംവരെ അപ്പീല്‍ നല്‍കുന്നതു വൈകിപ്പിക്കാനാണു ശ്രമം. തെരഞ്ഞെടുപ്പ്‌ വരുന്ന സാഹചര്യത്തില്‍, തന്ത്രിയെ വേട്ടയാടുകയാണെന്ന പ്രതീതി ഭക്‌തരുടെ അസംതൃപ്‌തിയ്‌ക്കു കാരണമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

ശബരിമല തന്ത്രിയെ അറസ്‌റ്റുചെയ്യുന്ന കാര്യത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടായെന്നും അറസ്‌റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുമാണു രമേശ്‌ ചെന്നിത്തല ആരോപിക്കുന്നത്‌. യുവതി പ്രവേശനത്തെ എതിര്‍ത്തതിന്റെ പക കൂടിയാണു തന്റെ അറസ്‌റ്റെന്നാണു തന്ത്രി കോടതിയില്‍ വാദിച്ചത്‌. പക്ഷേ, അറസ്‌റ്റില്‍ സര്‍ക്കാര്‍ ഗൂഢാലോചനയില്ലെന്നും അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണു നടക്കുന്നതെന്നും എസ്‌.ഐ.ടി. അന്വേഷണത്തില്‍ സര്‍ക്കാരിന്‌ ഇടപെടാനാകില്ലെന്നുമാണു മന്ത്രി പി. രാജീവ്‌ പറഞ്ഞത്‌.

ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണു തന്ത്രിക്ക്‌ ഉത്തരവാദിത്വമെന്നും അറ്റകുറ്റപ്പണികളും മറ്റും ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണെന്നുമാണു വിജിലന്‍സ്‌ കോടതിയുടെ കണ്ടെത്തല്‍. പൂജകള്‍ ഉള്‍പ്പടെയുള്ള താന്ത്രികമായ കാര്യങ്ങളില്‍ വീഴ്‌ച വന്നാലാണു തന്ത്രിക്ക്‌ ഉത്തരവാദിത്വമുള്ളതെന്നും ഇവിടെ അറ്റകുറ്റപ്പണികള്‍ മാത്രമാണു നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്കു കടന്നുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നു സുപ്രീം കോടതി നിര്‍ദേശമുള്ളതാണ്‌. എന്നാല്‍, അതിന്റെ ലംഘനം കൊല്ലം വിജിലന്‍സ്‌ കോടതിയുടെ ജാമ്യ ഉത്തരവിലുണ്ടെന്നാണ്‌ എസ്‌.ഐ.ടി. വിലയിരുത്തല്‍.

ഹൈക്കോടതിയില്‍ എത്തിയാല്‍ ഈ പരാമര്‍ശങ്ങള്‍ നീക്കംചെയ്യാനും ജാമ്യഉത്തരവ്‌ ചോദ്യംചെയ്യാനുമുള്ള സാധ്യതയുണ്ട്‌. ഭാവിയില്‍ കേസിന്റെ വിചാരണയെ തന്നെ ബാധിക്കുന്ന പരാമര്‍ശങ്ങളാണു വിജിലന്‍സ്‌ കോടതി നടത്തിയത്‌.

വിജിലന്‍സ്‌ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക സിംഗിള്‍ ബെഞ്ചാവും അപ്പല്‍ പരിഗണിക്കുക. ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനും കേസിന്റെ മെറിറ്റിലേക്കു കടന്നുള്ള കോടതിയുടെ നിരീക്ഷണത്തില്‍ ഇടപെടല്‍ വേണമെന്നും എസ്‌.ഐ.ടിക്ക്‌ ആവശ്യപ്പെടാനാകും.

ജെബി പോള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW