-->
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ സര്‍ക്കാരിന്റെ മദ്യനയത്തെ നിരന്തരം ചോദ്യംചെയ്‌ത് കത്തോലിക്കാ സഭ.
തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ യു.ഡി.എഫ്. കണ്ടുവച്ചിട്ടുള്ള വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സംസ്‌ഥാനത്ത് ബാറുകളുടെ എണ്ണം കൂട്ടിയതും പ്രവര്‍ത്തനസമയം കൂട്ടിയതും ഉദാരമദ്യനയം ഇടതു സര്‍ക്കാര്‍ നടപ്പാക്കിയതും.
ഇന്നലെ മദ്യവിരുദ്ധ ഞായര്‍ ആചരിച്ച സഭയുടെ പള്ളികളില്‍ കുര്‍ബാന മധ്യേ വായിച്ച സര്‍ക്കുലര്‍, ഒരിക്കല്‍ കൂടി സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് യു.ഡി.എഫിന് പിന്തുണ നല്‍കുന്നതായി. കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മിഷനാണ് സര്‍ക്കുലര്‍ തയാറാക്കിയത്. സംസ്‌ഥാനത്തെ വര്‍ധിച്ചു വരുന്ന മദ്യ-ലഹരി ഉപയോഗത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതാണ് സര്‍ക്കുലര്‍. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ സര്‍ക്കുലറില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
കേരളത്തില്‍ ബാറുകളുടെ എണ്ണം 29 മാത്രമായിരിക്കെ, 2016 ല്‍ അധികാരത്തില്‍ എത്തിയ ഇടതു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത് ഒരു തുള്ളി മദ്യം പോലും കൂടുതല്‍ അനുവദിക്കില്ല എന്നായിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ അത് മദ്യവര്‍ജനം എന്നായി മാറി. മദ്യവര്‍ജനം വ്യക്‌തികള്‍ തീരുമാനിക്കേണ്ട കാര്യമാണ്. മദ്യനിരോധനം സര്‍ക്കാരിന്റെ കടമയാണെന്ന കാര്യം മറന്നുകൊണ്ടാണ് കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചത്.
ഇപ്പോള്‍ സംസ്‌ഥാനത്താകെ ആയിരത്തിലധികം ബാറുകള്‍ പ്രവര്‍ത്തിക്കുന്നു. 337 ബെവ്‌കോ - കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലൈറ്റുകള്‍, 5071 കള്ളുഷാപ്പുകള്‍. മദ്യം വിറ്റ് പണം കണ്ടെത്തുന്നത് തുടര്‍ഭരണം ലഭിച്ച സര്‍ക്കാരുകളുടെ കുറുക്കുവഴിയാണെന്നും സര്‍ക്കുലര്‍ ആരോപിക്കുന്നു. ഐടി പാര്‍ക്കുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള നീക്കത്തെയും ബ്രൂവെറി പദ്ധതികളെയും സര്‍ക്കുലര്‍ വിമര്‍ശിച്ചു.
രാസലഹരി ഉപയോഗം വര്‍ദ്ധിക്കുമെന്ന കാരണം പറഞ്ഞാണ് മദ്യശാലകളുടെ എണ്ണം കൂട്ടിയത്. ഇതിന്റെ മറവില്‍ യഥേഷ്‌ടം ലൈസന്‍സ് അനുവദിച്ചു. മദ്യപിച്ചുകൊണ്ടിരുന്നവരല്ല രാസലഹരി ഉപയോഗിച്ചു തുടങ്ങിയത്. എം.ഡി.എം.എ., ഹൈബ്രിഡ് കഞ്ചാവുകള്‍ ധാരാളമായി ലഭ്യമായി. ഇത് തടയേണ്ട എക്‌സൈസ് -പോലീസ്-ഫോറസ്‌റ്റ് -റവന്യൂ സംവിധാനങ്ങള്‍ നിസംഗതയോടെ പ്രഹസന മീറ്റിങ്ങുകള്‍ നടത്തി പിരിയുകയാണ് പതിവെന്നും കെ.സി.ബി.സി. കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ 1400 സ്‌കൂളുകള്‍ ലഹരിയുടെ ഹോട്ട് സ്‌പോട്ടുകളായി സര്‍ക്കാര്‍ തന്നെ നിര്‍ണയിച്ചിട്ടുണ്ട്.
ലഹരി വിപത്തിനെതിരേ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാകണമെന്ന് കെ.സി.ബി.സി. ആവശ്യപ്പെട്ടു. പരസ്‌പരം പഴിചാരുന്ന കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ അല്ല ഇനി ആവശ്യമെന്നും കമ്മിഷന്‍ സര്‍ക്കുലര്‍ അടിവരയിടുന്നു.
ഏതാനും ആഴ്‌ച മുമ്പ്,സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രംഗത്തു വന്നിരുന്നു. അതിരൂപത ജാഗ്രതാ സമിതിയുടെ യോഗത്തിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
മദ്യ ഉപഭോഗവും ലഭ്യതയും കുറയ്‌ക്കുന്നതിന് ഘട്ടംഘട്ടമായി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നു നേരത്തെ പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്ന രാഷ്‌ട്രീയ, ഭരണ നേതൃത്വത്തിന്റെ നിലപാടുമാറ്റം ആശ്‌ചര്യജനകമാണെന്ന് കുറ്റപ്പെടുത്തി. ഇതുതന്നെയാണ് യു.ഡി.എഫ്. ഏറ്റെടുക്കാന്‍ പോകുന്ന മുദ്രാവാക്യവും.
രാജു പോള്‍