-->
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രി നടത്തിയ ഇറാന്‍ അനുകൂല പ്രസ്താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികള്‍ താമസിക്കുന്ന ജിസിസി രാഷ്ട്രങ്ങളെ ആക്രമിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധം പാടില്ലെന്ന് പ്രധാനമന്ത്രി മോദി പ്രതികരിച്ചതാണ്. ബിജെപി ഇറാനെ തളളുന്നില്ല. ഇറാന്‍ കപ്പലിന് സംരക്ഷണം നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് രാഹുല്‍ഗാന്ധി രാഷ്ട്രീയ നാടകം നടത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ധിരാഗാന്ധി ഗ്യാരന്റി പ്രഖ്യാപനത്തില്‍ ചര്‍ച്ച നടക്കണം. കോണ്‍ഗ്രസിന്റെ പൊളളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണം. തെലങ്കാന സര്‍ക്കാര്‍ തകര്‍ന്നു നില്‍ക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടാത്ത സ്ഥിതിയാണ്. കര്‍ണാടകയില്‍ വികസനത്തിന് പണമില്ലെന്ന് ഉപമുഖ്യമന്ത്രി തന്നെ പറയുന്നു. വ്യാജ വാഗ്ദാനം നല്‍കി ഏത് ലെവല്‍ വരെയും കോണ്‍ഗ്രസ് പോകും. ജനങ്ങള്‍ക്ക് വേണ്ടിയല്ല അഴിമതിക്ക് വേണ്ടിയാണ് പ്രഖ്യാപനം. കര്‍ഷകര്‍ക്ക് വായ്പ ഇളവ് നല്‍കിയതില്‍ പോലും യുപിഎ സര്‍ക്കാര്‍ തട്ടിപ്പ് നടത്തിയെന്ന് സിഎജി കണ്ടെത്തിയതാണ്. സൗജന്യ കെഎസ്ആര്‍ടിസി യാത്ര വാഗ്ദാനവും വന്‍ തട്ടിപ്പാണ്. കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴും ശമ്പളവും പെന്‍ഷനും കിട്ടുന്നില്ല. പിന്നെ എങ്ങനെ സൗജന്യയാത്ര നല്‍കാനാവും?
സംസ്ഥാനത്ത് കോണ്‍ഗ്രസ്- സിപിഎം ധാരണ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ജനങ്ങള്‍ അവരെ സ്വീകരിക്കില്ല. തിരുവനന്തപുരം കോര്‍പറേഷനിലെ മാലിന്യ പ്രശ്‌നം വിശ്വസിക്കാന്‍ തക്ക പൊട്ടന്മരല്ല ജനങ്ങള്‍. ഞാനും ഈ നഗരം സന്ദര്‍ശിച്ചതാണ്. കൃത്യമായി മാലിന്യം നീക്കം ചെയ്തു. മന്ത്രി ശിവന്‍കുട്ടി കൂടി പങ്കെടുത്ത യോഗത്തിലാണ് മാലിന്യം പല സ്ഥലങ്ങളിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. 10 വര്‍ഷമായി ഭരിക്കുന്ന ഒന്നും ചെയ്യാത്ത സര്‍ക്കാരിന്റെ ഭാഗമായ സിപിഎം എംഎല്‍എമാരാണ് ഒന്നര മാസം മാത്രമായ ബിജെപി നഗരസഭയെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.