-->
കൊല്ലം: കേഡര്‍ അച്ചടക്കത്തിന് പേരുകേട്ട സി.പി.എം. ഉള്‍പാര്‍ട്ടി പോരില്‍ തകര്‍ന്നടിയുമ്പോള്‍ അധികാരത്തുടര്‍ച്ച വെല്ലുവിളിയാകുന്നു. അടുത്ത കാലത്തായി പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന വിമത സ്വരങ്ങളും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ കുടുംബ വാഴ്‌ചാ ആരോപണങ്ങളും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. നേരത്തെ പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്താല്‍ അതിനപ്പുറം മറ്റൊന്നില്ല എന്നതായിരുന്നു രീതി. എന്നാല്‍ ഇന്ന് അണികള്‍ക്കിടയില്‍ പരസ്യമായ പ്രതിഷേധങ്ങള്‍ വര്‍ധിച്ചുവരുന്നു.
തുടര്‍ച്ചയായി ഭരണത്തില്‍ തുടരുന്നത് പാര്‍ട്ടിക്കുള്ളില്‍ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടാനും അത് വിഭാഗീയതയിലേക്ക് നയിക്കാനും കാരണമാകുന്നുവെന്ന ആക്ഷേപവും ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ എന്ന നിലയില്‍ മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും മന്ത്രിസഭയിലും ലഭിക്കുന്ന അമിത പ്രാധാന്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ അസംതൃപ്‌തിക്ക് കാരണമായിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കളെ മറികടന്ന് റിയാസിന് നല്‍കുന്ന പരിഗണന കുടുംബവാഴ്‌ച എന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ്. അന്തരിച്ച കോടിയേരി ബാലകൃഷ്‌ണന്റെ മക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും നേരത്തെ പാര്‍ട്ടിയുടെ പ്രതിച്‌ഛായയെ ബാധിച്ചിരുന്നു. പാര്‍ട്ടി പദവികളിലേക്ക് നേതാക്കളുടെ ബന്ധുക്കള്‍ കടന്നുവരുന്നത് കേഡര്‍മാരുടെ മനോവീര്യം തകര്‍ക്കാന്‍ കാരണമാകുന്നു.
തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിയമം തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയ കരുത്തരായ നേതാക്കളെ മാറ്റിനിര്‍ത്താന്‍ കാരണമായി. ഇത് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും പരിചയസമ്പന്നരുടെ അഭാവം വിഷയമായി. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ സമുദായ താല്‍പര്യങ്ങള്‍ നോക്കുന്നുവെന്ന ആരോപണവും പാര്‍ട്ടി നേരിടുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടിയുടെ മതേതര നിലപാടുകളെ ചോദ്യം ചെയ്യുന്നതായി. തിരുത്തലുകള്‍ക്ക് പാര്‍ട്ടി തയാറാകണമെന്ന ആഹ്വാനം താഴെത്തട്ടില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ കടുപ്പമേറിയ നിലപാടുകള്‍ പലപ്പോഴും ഇതിനെ അടിച്ചമര്‍ത്തുകയാണ്.
വിമത സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം അവ കേള്‍ക്കാനും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ കുടുംബവാഴ്‌ചാ ആരോപണങ്ങള്‍ പ്രവൃത്തിയിലൂടെ തിരുത്താന്‍ സി.പി.എമ്മിന് കഴിയുന്നില്ല. പാലക്കാട് ജില്ലയില്‍ പി.കെ. ശശിയെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയുടെ നൈതികതയെയും അച്ചടക്കത്തെയും ചോദ്യം ചെയ്യുന്നതാണ്. ഷൊര്‍ണൂര്‍ എം.എല്‍.എയായിരിക്കെ പാര്‍ട്ടിയിലെ തന്നെ ഒരു വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം അദ്ദേഹം തിരികെ വരികയും വീണ്ടും പാര്‍ട്ടിയില്‍ കരുത്തനാവുകയും ചെയ്‌തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സ്‌ത്രീപക്ഷ പാര്‍ട്ടി എന്ന അവകാശവാദത്തിന് ഇത് മങ്ങലേല്‍പിച്ചു.
മണ്ണാര്‍ക്കാട് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടും പാര്‍ട്ടി ഫണ്ട് വകമാറ്റിയെന്നുമുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. അന്വേഷണത്തിനൊടുവില്‍ അദ്ദേഹത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് തരംതാഴ്‌ത്തുകയും കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്‌ഥാനത്ത് നിന്ന് മാറ്റുകയും ചെയ്‌തത് നേതൃത്വത്തിന് മേലുള്ള അണികളുടെ സമ്മര്‍ദം മൂലമാണ്.
പി.കെ. ശശിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നിലകൊണ്ടപ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തിനെതിരേ ശക്‌തമായ നിലപാടെടുത്തു. ഇത് പാര്‍ട്ടിയില്‍ വലിയൊരു വിള്ളലുണ്ടാക്കി. സ്‌ഥാനാര്‍ഥി നിര്‍ണയത്തിലും പ്രാദേശിക സ്വാധീനമുള്ള നേതാക്കള്‍ക്കെതിരേ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഈ സംഭവം. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ അണികള്‍ എപ്പോഴും കണ്ണടച്ച് അംഗീകരിക്കില്ലെന്നതിന്റെ തെളിവുകളായിരുന്നു കുറ്റ്യാടിയിലെയും പൊന്നാനിയിലെയും പ്രതിഷേധങ്ങള്‍. കേരള കോണ്‍ഗ്രസിന് (എം) സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ ആയിരക്കണക്കിന് സി.പി.എം. പ്രവര്‍ത്തകരാണ് അന്ന് തെരുവിലിറങ്ങിയത്.
ഒടുവില്‍ നേതൃത്വത്തിന് വഴങ്ങേണ്ടി വരികയും സി.പി.എം. തന്നെ അവിടെ മത്സരിക്കുകയും ചെയ്‌തു. പൊന്നാനിയില്‍ പി. നന്ദകുമാറിനെ സ്‌ഥാനാര്‍ഥിയാക്കിയതിനെതിരേ പൊന്നാനിക്കാരന്‍ മതിയെന്ന മുദ്രാവാക്യവുമായി അണികള്‍ പ്രകടനം നടത്തി. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ഇത്തരത്തില്‍ പരസ്യമായ പ്രതിഷേധം ഉണ്ടായത് സി.പി.എമ്മിന്റെ കേഡര്‍ സംവിധാനത്തില്‍ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു.
പിണറായി വിജയന്‍- മുഹമ്മദ് റിയാസ് ബന്ധത്തിന് പുറമെ സമീപകാലത്ത് ഉയര്‍ന്ന എക്‌സാലോജിക് വിവാദവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ പ്രതിപക്ഷം കുടുംബവാഴ്‌ചയുടെ ഭാഗമായി ഉയര്‍ത്തിക്കാട്ടി. ഇത് അണികള്‍ക്കിടയിലും പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും വ്യക്‌തമായ വിശദീകരണം നല്‍കാന്‍ നേതൃത്വം പാടുപെട്ടു. സി.പി.എമ്മിന്റെ കരുത്ത് അതിന്റെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരാണ്. സി.പി.എമ്മിന്റെ അടിത്തറ ജനാധിപത്യ കേന്ദ്രീകരണമാണ്. എന്നാല്‍ സമീപകാല സംഭവങ്ങള്‍ ഈ കേന്ദ്രീകരണത്തിന് മുകളില്‍ വ്യക്‌തി താല്‍പര്യങ്ങളും അധികാര സംരക്ഷണവും നിഴലിക്കുന്നുണ്ടോയെന്ന ചോദ്യം ഉയര്‍ത്തുന്നു. പി.കെ. ശശിക്കെതിരെയുള്ള നടപടികള്‍ പാര്‍ട്ടിക്കുള്ളിലെ പുതിയ പ്രവണതകളുടെ നേര്‍ചിത്രമാണ്.
ഗൗരവകരമായ ലൈംഗികാരോപണം ഉയര്‍ന്നിട്ടും ശശിക്കെതിരേ കര്‍ശന നടപടി വൈകിയത് നേതൃത്വത്തിന്റെ തണല്‍ അദ്ദേഹത്തിന് ഉണ്ടെന്ന തോന്നല്‍ അണികളിലുണ്ടാക്കി. പാര്‍ട്ടിക്ക് കീഴിലുള്ള സഹകരണ സ്‌ഥാപനങ്ങളിലെ ഫണ്ട് വിനിയോഗത്തില്‍ അദ്ദേഹം പുലര്‍ത്തിയ സ്വേച്‌ഛാധിപത്യം പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചു.ഒടുവില്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്‌ഥാനത്ത് നിന്നും പാര്‍ട്ടി പദവികളില്‍ നിന്നും അദ്ദേഹത്തെ നീക്കിയത് അണികളുടെ പ്രതിഷേധം തെരുവിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണ്. ജനകീയരായ നേതാവായ ജി. സുധാകരന്‍ പാര്‍ട്ടിയുമായി കലഹിക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം ഘടകങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ ജയപരാജയങ്ങള്‍ നിശ്‌ചയിക്കുന്നത് ഒരു വശത്തേക്കും ചായാത്ത നിഷ്‌പക്ഷ വോട്ടര്‍മാരാണ്. കുടുംബ വാഴ്‌ചാ ആരോപണങ്ങളും അഴിമതിക്കഥകളും ഈ വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റും. അഴിമതിരഹിത ഭരണമെന്ന പ്രതിച്‌ഛായക്ക് ഇത് വലിയ ആഘാതമാണ്. പരസ്യമായി പ്രതിഷേധിച്ചില്ലെങ്കിലും ബൂത്തുകളില്‍ പാര്‍ട്ടിക്കെതിരെ നിശബ്‌ദമായ അടിയൊഴുക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലെ ശശി വിരുദ്ധ വിഭാഗത്തിന്റെ നീക്കങ്ങള്‍ ഇതിന് ഉദാഹരണമാണ്.
പരിചയസമ്പന്നരായ നേതാക്കളെ മാറ്റി നിര്‍ത്തി പുതുമുഖ പരീക്ഷണം നടത്തുമ്പോള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന നേതാക്കളുടെ കുറവ് പ്രചാരണ രംഗത്ത് പ്രകടമാകും. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ഇത്തരം നേതാക്കളുടെ സാന്നിധ്യം അനിവാര്യമാണ്.
സി.പി.എം. ആഭ്യന്തര ശുദ്ധീകരണത്തിന് തയാറായില്ലെങ്കില്‍ അച്ചടക്കമുള്ള പാര്‍ട്ടിയെന്ന ഖ്യാതി നഷ്‌ടപ്പെടുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായേക്കാം.
ഉണ്ണി വി.ജെ. നായര്‍