-->
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്‌ഥാനത്തെത്തിയ മുപ്പതോളം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി പ്രാഥമിക പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചെങ്കിലും എതിരാളികള്‍ ആരെന്നതില്‍ അവ്യക്‌തത. ബി.ജെ.പിയിലേക്ക് ഒഴുകുന്ന വോട്ടുകള്‍ തങ്ങളുടെ ചേരിയില്‍നിന്നാകുമെന്ന ആശങ്കമൂലം ഈ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ എതിര്‍പക്ഷത്തെ സീറ്റുമോഹികള്‍ക്കുപോലും മടി. ബി.ജെ.പിയുടെ മുന്നേറ്റം മുന്നില്‍ കാണുന്ന മണ്ഡലങ്ങളില്‍ എങ്ങനെ പ്രതിരോധ തന്ത്രമൊരുക്കുമെന്നറിയാതെ നട്ടം തിരിയുകയാണ് ഇരുമുന്നണി നേതൃത്വവും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചതോടെ ദേശീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയും സഹായവും ബി.ജെ.പി. സംസ്‌ഥാന ഘടകത്തിനു ലഭിക്കുന്നുണ്ട്. വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന് ഐ.ടി. സെല്‍ നേതാക്കളടക്കം സംസ്‌ഥാനത്തെത്തി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തര്‍ക്കങ്ങളില്ലാതെ ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കി പ്രചാരണരംഗത്ത് ബി.ജെ.പി കുതിപ്പ് തുടങ്ങിയപ്പോഴും രൂക്ഷമായ തര്‍ക്കം ഇരുമുന്നണികളിലും എതിരാളികളെ വലയ്‌ക്കുകയാണ്.
കോര്‍പ്പറേഷന്റെ ഭരണത്തിലേറിയശേഷം വൈകാതെയെത്തിയ ആറ്റുകാല്‍ പൊങ്കാല മികവാര്‍ന്ന രീതിയില്‍ നടത്താന്‍ സാധിച്ചത് തലസ്‌ഥാനത്ത് ബി.ജെ.പി.യില്‍ ആത്മവിശ്വാസം ഇരട്ടിയാക്കി. നേമത്ത് പ്രാഥമികവട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറടക്കം പൊങ്കാല നടത്തിപ്പില്‍ പങ്കാളിയായിരുന്നു. നേമത്ത് രാജീവിനെ എതിരിടുന്നതില്‍ വി. ശിവന്‍കുട്ടിക്ക് വിമുഖതയുണ്ടായിരുന്നെങ്കിലും സിറ്റിങ് എം.എല്‍.എ.മാര്‍ അതാതിടങ്ങളില്‍ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ മണ്ഡലം മാറാന്‍ സാധിച്ചില്ല.
ആരോഗ്യപ്രശ്‌നങ്ങളടക്കം അലട്ടുന്ന ശിവന്‍കുട്ടി മുമ്പ് ഇതേ മണ്‌ഡലത്തില്‍ ബി.ജെ.പിയിലെ ഒ. രാജഗോപാലിനോടു തോറ്റ ചരിത്രവുമുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തി പൂജാച്ചടങ്ങില്‍ തൊഴാതെ അലക്ഷ്യനായി നില്‍ക്കുന്ന ശിവന്‍കുട്ടിയുടെ ചിത്രം ബി.ജെ.പി. കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച മുന്നേറ്റം നടത്തിയ തൃശൂരില്‍ പത്മജ വേണുഗോപാല്‍ ചിഹ്നം വരച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരാഴ്‌ച മുമ്പേ തുടക്കം കുറിച്ചെങ്കിലും എതിരാളികള്‍ ആരെന്നതില്‍ വ്യക്‌തതയില്ല. സി.പി.ഐയിലെ സിറ്റിങ് എം.എല്‍.എ. ബാലചന്ദ്രന്‍ ഒരു ടേം മാത്രമാണു പൂര്‍ത്തിയായതെങ്കിലും ബി.ജെ.പിയോടു മുട്ടാനുള്ള ആരോഗ്യമില്ലെന്നാണ് എല്‍.ഡി.എഫിലെ വിലയിരുത്തല്‍. മാറുകയാണെങ്കില്‍ പകരമാരെന്നതിന് ഇപ്പോഴും ഉത്തരമായിട്ടില്ല. ബാലചന്ദ്രന്റെ പ്രവര്‍ത്തനത്തില്‍ സി.പി.ഐ.നേതൃത്വം പോലും തൃപ്‌തരല്ല. സീറ്റുമോഹികള്‍ ഏറെയുള്ള കോണ്‍ഗ്രസിലാണെങ്കില്‍ തൃശൂരില്‍ മത്സരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഫലത്തില്‍ സ്‌ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും മുമ്പുതന്നെ സാധ്യതാപ്പട്ടികയില്‍ പത്മജയ്‌ക്കു മേല്‍ക്കൈ.
ബി.ജെ.പി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പാലക്കാട് ശോഭാ സുരേന്ദ്രന്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ജില്ലയില്‍ ഇരുമുന്നണികളിലും അറിയപ്പെടുന്ന നേതാക്കള്‍ ഏറെയുണ്ടെങ്കിലും ശോഭയോടു മുട്ടാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. എതിരാളി ശോഭയാണെന്നറിഞ്ഞതോടെ, കഴിഞ്ഞതവണ ഇടതുസ്‌ഥാനാര്‍ഥിയായിരുന്ന സരിന്‍, ഇത്തവണയില്ലെന്ന് നേതൃത്വത്തോടു തീര്‍ത്തുപറഞ്ഞെന്നാണു സൂചന. പ്രതീക്ഷയില്ലാത്ത മണ്ഡലത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നൊരു സ്‌ഥാനാര്‍ഥിയെ ഇറക്കാനുള്ള ആലോചനയിലാണ് സി.പി.എം. നേതൃത്വം. ഇത് ശോഭയുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാകുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും സ്‌ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രാദേശിക വാദം ഉയര്‍ത്തുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ശോഭയ്‌ക്കെതിരേ മത്സരിക്കാന്‍ മടി. സജീവ പാര്‍ട്ടിപ്രവര്‍ത്തകനല്ലാത്ത ടെലിവിഷന്‍ താരം രമേശ് പിഷാരടിയെ പാലക്കാട് നിര്‍ത്തി ബലിയാടാക്കാനാണു നീക്കമെന്ന ആക്ഷേപം പാര്‍ട്ടിപ്രവര്‍ത്തകരിലുണ്ട്.
സമീപകാലത്തായി ക്രിസ്‌ത്യന്‍ വോട്ട് ബാങ്കില്‍ കടന്നുകയറിയ ബി.ജെ.പി.യുടെ സ്വാധീനം സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് പാലായില്‍ ഷോണ്‍ ജോര്‍ജിന്റെ പ്രവര്‍ത്തന മുന്നേറ്റം. പാലായാണ് തട്ടകമെങ്കിലും പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഷോണിനെതിരേ മത്സരിക്കാന്‍ ജോസ്. കെ. മാണിക്കും പതര്‍ച്ച. ജോസിനെ മത്സരത്തിലേക്കു തളളിയിടാന്‍ റോഷി അഗസ്‌റ്റിന്‍ കാണിച്ച മിടുക്ക് പാര്‍ട്ടിയിലും ഭിന്നത രൂക്ഷമാക്കി. ഇതിന്റെ ഗുണവും ഷോണിനു ലഭിക്കുമെന്നാണു വിലയിരുത്തല്‍. ഇതേ പാറ്റേണ്‍ പ്രയോഗവത്‌കരിച്ചാണ് തിരുവല്ലയില്‍ ബി.ജെ.പിക്കായി തെരഞ്ഞെടുപ്പുരംഗത്ത് സജീവമായ അനൂപ് ആന്റണിയുടെ മുന്നേറ്റം.
ആറന്മുളയില്‍ പരമ്പരാഗത വോട്ടുബാങ്കിനൊപ്പം ക്രിസ്‌ത്യന്‍ വോട്ടുകളും താമരയില്‍ വിഴ്‌ത്താനുളള ബി.ജെ.പി നീക്കം തിരിച്ചറിഞ്ഞ് പിന്മാറ്റത്തിനുളള ഒരുക്കത്തിലായിരുന്നു സിറ്റിജ് എം.എല്‍.എ. വീണാ ജോര്‍ജ്. ഇവരെ പിന്തുണയ്‌ക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍നിന്നു പോലും ബി.ജെ.പിയിലേക്ക് സമീപകാലത്തായി വോട്ടൊഴുക്ക് പ്രകടം. വീണയെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഭര്‍ത്താവുതന്നെ രംഗത്തുവന്നത് മാറിയ രാഷ്‌ട്രീയ സാഹചര്യം ഉള്‍ക്കൊണ്ടാണെന്നാണു വിലയിരുത്തല്‍. എന്നാല്‍ സുരക്ഷിതത്വം കുറഞ്ഞ മണ്ഡലത്തില്‍ വീണതന്നെ മത്സരിക്കട്ടെയെന്നു പാര്‍ട്ടി തീരുമാനിച്ചതോടെ കുരുക്കില്‍ പെട്ട അവസ്‌ഥയായി. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി അബിന്‍ വര്‍ക്കിയെത്തിയെങ്കിലും ഓടിച്ചുവിടുമെന്ന പ്രഖ്യാപനവുമായി മണ്‌ഡലത്തിലാകെ പോസ്‌റ്ററുകളും നിറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ ചിരപരിചിതനായ മുന്‍ ഡി.ജി.പി: ആര്‍. ശ്രീലേഖ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനുശേഷം മണ്ഡലത്തില്‍ സജീവം. ഇന്നലെ ചിഹ്നം വരച്ച് സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്‌തു. നിലവിലെ എം.എല്‍.എ പ്രശാന്ത് വീണ്ടും മത്സരിക്കുമെങ്കിലും സമീപകാല വിവാദങ്ങള്‍ പ്രതിഛായയ്‌ക്കു മങ്ങലായി. കോര്‍പ്പറേഷന്‍ ബില്‍ഡിങ്ങില്‍നിന്ന് ഓഫീസ് ഒഴിയേണ്ട സാഹചര്യവും തിരിച്ചടിയായി. ഈയൊരു പോരില്‍ ആദ്യവിജയം നേടിയ ശ്രീലേഖയ്‌ക്ക് ഇതോടെ നിയമസഭാ മത്സരരംഗത്തും കൈവന്നത് മേല്‍ക്കൈ.
പാലക്കാട് മത്സരിക്കാന്‍ സമ്മര്‍ദ്ദമേറിയതോടെ പാര പേടിച്ച് ഒഴിഞ്ഞുമാറിയ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവിലെത്തിയെങ്കിലും പ്രാദേശിക നേതൃത്വങ്ങള്‍ ഇനിയും ഉണര്‍ന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ മികച്ച മുന്നേറ്റം കണ്ടതോടെ തൃപ്പൂണിത്തുറയില്‍ സിറ്റിങ് എം.എല്‍.എ: കെ.ബാബു തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്നുതന്നെ വിരമിച്ചു. ട്വന്റി 20 കൂടെച്ചേര്‍ന്നതോടെ തൃപ്പൂണിത്തുറയില്‍ വന്‍ശക്‌തിയായ ബി.ജെ.പി.യെ ചെറുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ ദീപക് ജോയിയെ രംഗത്തിറക്കാനാണു കോണ്‍ഗ്രസ് നീക്കം. എന്നാലിത് ഒട്ടും ഫലപ്രദമല്ലെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പങ്കുവയ്‌ക്കുന്നു. ബാബുവിനെതിരേ കഴിഞ്ഞതവണ മത്സരിച്ച എം. സ്വരാജിനെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ സി.പി.എം. സംസ്‌ഥാനനേതൃത്വം തന്നെ പിന്‍വലിച്ചു. കായംകുളത്തും അരൂരും മണലൂരും ഏറ്റുമാനൂരും ചെങ്ങന്നൂരും കഴക്കൂട്ടത്തും മഞ്ചേശ്വരത്തും ചാത്തന്നൂരിലും കോഴിക്കോട് സൗത്തിലുമടക്കം ഇത്തരത്തില്‍ പ്രചാരണ രംഗത്ത് എന്‍.ഡി.എ. മുന്നേറ്റം പ്രകടമാണ്.
ജിനേഷ് പൂനത്ത്