-->
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി പട്ടികയില്‍ ഇക്കുറി കൂടുതല്‍ സ്‌ത്രീകള്‍ ഇടംപിടിക്കുമെന്നു സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 വനിതകളാണ് കോണ്‍ഗ്രസിനായി മത്സരരംഗത്തിറങ്ങിയത്. ഇത്തവണ 15 പേര്‍ക്കെങ്കിലും ടിക്കറ്റ് ഉറപ്പാണ്.
നിലവിലെ നിയമസഭയില്‍ ഉമാ തോമസ് മാത്രമാണ് കോണ്‍ഗ്രസിന്റെ ഏകവനിതാപ്രതിനിധി. ഉമ തൃക്കാക്കരയിലും മുന്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്‌മാന്‍ അരൂരിലും വീണ്ടും മത്സരിച്ചേക്കും. സി.പി.എം. വിട്ട് കോണ്‍ഗ്രസിലെത്തിയ കൊട്ടാരക്കര മുന്‍ എം.എല്‍.എ. അയിഷാ പോറ്റിക്കും സീറ്റുണ്ടാകും.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്‌ണന്‍ എലത്തൂരിലും കെ.എ. തുളസി ചേലക്കരയിലും കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളാകാനാണ് സാധ്യത. മുന്‍ എം.പി. രമ്യ ഹരിദാസിന് ഒരവസരം കൂടി ലഭിച്ചേക്കും. അടൂര്‍, ചിറയിന്‍കീഴ്, ബാലുശേരി തുടങ്ങിയ സംവരണമണ്ഡലങ്ങളില്‍ എവിടെയും അവര്‍ക്ക് നറുക്കുവീഴാം.
കൊല്ലം ഡി.സി.സി. അധ്യക്ഷ ബിന്ദു കൃഷ്‌ണ കൊല്ലത്തുതന്നെയാകുമോ മത്സരിക്കുകയെന്നു വ്യക്‌തമല്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. മുത്താര മാവേലിക്കരയിലും മുന്‍മന്ത്രി പി.കെ. ജയലക്ഷ്‌മി മാനന്തവാടിയിലും സ്‌ഥാനാര്‍ഥിയായേക്കും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സോണിയ ഗിരി, എറണാകുളം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ദീപ്‌തി മേരി വര്‍ഗീസ്, അമൃത രാമകൃഷ്‌ണന്‍ എന്നിവരും സാധ്യതാപ്പട്ടികയിലുണ്ട്.
സോണിയയെ തൃശൂര്‍ ജില്ലയിലും ദീപ്‌തിയെ എറണാകുളം ജില്ലയിലും അമൃതയെ കണ്ണൂര്‍ ജില്ലയിലുമാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവും മത്സരരംഗത്തുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 24% സീറ്റാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. അത്രയും ലഭിച്ചില്ലെങ്കിലും കൂടുതല്‍ വനിതാ സ്‌ഥാനാര്‍ഥികളുണ്ടാകുമെന്ന് ഉറപ്പായി.
വിനോദ് താമരശേരി