-->
ദോഹ/റിയാദ്: ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലുടനീളം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെയും വെള്ളിയാഴ്ചയുമായി ഇറാൻ്റെ ഭാഗത്തുനിന്ന് ശക്തമായ ആക്രമണങ്ങളുണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം ആക്രമണങ്ങളെയും അതത് രാജ്യങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു.
ശനിയാഴ്ച ഖത്തറിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണത്തെ സായുധ സേന വിജയകരമായി പ്രതിരോധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഇറാൻ്റെ ഭാഗത്തുനിന്ന് ഖത്തറിലേക്ക് പത്ത് ഡ്രോണുകൾ അയച്ചതായും ഇതിൽ ഒൻപതെണ്ണം തകർത്തതായും അധികൃതർ വ്യക്തമാക്കി. ഒന്ന് വിജനമായ സ്ഥലത്ത് പതിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമപാതയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക പാതകളിലൂടെ പരിമിതമായ സർവീസുകൾ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്.സൗദിയിലെ അൽ-ഖർജിലുള്ള പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ മന്ത്രാലയം തകർത്തു. ഷെയ്ബ എണ്ണപ്പാടത്തിന് നേരെ വന്ന ആറ് ഡ്രോണുകളും റിയാദിന് കിഴക്കായി മറ്റൊരു ഡ്രോണും തകർത്തവയിൽ ഉൾപ്പെടുന്നു. യുഎഇയിലും സമാനമായ രീതിയിൽ മിസൈൽ, ഡ്രോൺ ഭീഷണികൾ നേരിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈലുകൾ തകർക്കുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണ് ദുബായിൽ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും പിന്നീട് ഭാഗികമായി പുനരാരംഭിക്കുകയും ചെയ്തു.ബഹ്‌റൈനിൽ മണിക്കൂറുകൾക്കിടയിൽ രണ്ടുതവണ അപായ സൈറണുകൾ മുഴങ്ങി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ജോർദാനിലെ അഖബയ്ക്ക് മുകളിലും മിസൈൽ വെടിവച്ചിട്ടതായി റിപ്പോർട്ടുകളുണ്ട്.ഇറാൻ്റെ തിരിച്ചടി തുടരുന്നത് ആഗോള വിപണിയെയും വിമാനയാത്രയെയും എണ്ണ വിതരണത്തെയും ദോഷകരമായി ബാധിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. നിലവിൽ ഗൾഫ് മേഖലയിലെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തുന്നതിന് മുൻപ് സർവീസുകളെക്കുറിച്ച് കൃത്യമായ വിവരം തേടണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
ഷഫീക്ക് അറക്കൽ