-->
ന്യൂഡല്‍ഹി: മലയാളത്തിലെ പ്രമുഖ നടന്മാര്‍ ഉള്‍പ്പെട്ട ഭൂട്ടാനില്‍ നിന്നും നികുതിവെട്ടിച്ച് വാഹനങ്ങള്‍ കടത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റംസ് പിടിയില്‍. ബംഗാള്‍ സ്വദേശി ബിശ്വദീപാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ മറ്റു നാലുപേര്‍ അസമില്‍ നിന്നും പിടിയിലായി. സംഘത്തിലെ കൂട്ടാളികളെ സംബന്ധിച്ച വിവരവും കസ്റ്റംസിന് കിട്ടിയിട്ടുള്ളതായിട്ടാണ് വിവരം. പ്രതികളെ കേരളത്തില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു.
ഇവരെ ഉടന്‍ ചോദ്യം ചെയ്യും. എത്ര വാഹനങ്ങള്‍ ഇവര്‍ കടത്തിയിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. 500 ലധികം വാഹനങ്ങള്‍ കടത്തിയതായിട്ടാണ് പ്രാഥമിക വിവരം. ഭൂട്ടാനില്‍ നിന്നും കടത്തുന്ന വാഹനം നികുതി വെട്ടിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിക്കുകയൂം അവിടെ റജിസ്‌ട്രേഷന്‍ നടത്തിയ ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തുകയുമായിരുന്നു പതിവ്.
സംഘം ഏറ്റവും കുടുതല്‍ വാഹനങ്ങള്‍ കടത്തിയിരിക്കുന്നത് കേരളത്തിലേക്കാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. നേരത്തേ നടന്മാരായ അമിത് ചക്കാലക്കലും ദുല്‍ഖര്‍ സല്‍മാനും അടക്കമുള്ള വിവിധയാളുകളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും 50 ലധികം വാഹനങ്ങളായിരുന്നു കണ്ടെത്തിയത്. അമിത് ചക്കാലയ്ക്കലിന്റെ വീട്ടില്‍ നിന്നും ആറ് വാഹനങ്ങളും ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയത്.
മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തുപുരം തുടങ്ങിയ ജില്ലകളിലായിരുന്നു ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പരിശോധന നടന്നതും വാഹനം പിടിച്ചെടുത്തതും.
ഭൂട്ടാന്‍ ആര്‍മിയും മറ്റും ഉപേക്ഷിച്ച ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ് യു വികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. ഇതിന് പിന്നില്‍ വലിയൊരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയം.