Friday, March 13, 2026 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
എന്‍. രമേഷ്‌
Thursday 05 Mar 2026 11.45 PM

തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍, സി.പി.എമ്മിനെ ഞെട്ടിച്ച്‌ പാലക്കാട്ട്‌ മാര്‍ക്‌സിസ്‌റ്റ്‌ കൂട്ടായ്‌മ, പങ്കെടുത്തത് ആയിരത്തിലധികം പേര്‍, ഇനിയും ആളെത്തുമെന്ന് സംഘാടകര്‍

Kerala, CPM

പാലക്കാട്‌: നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കെ സി.പി.എമ്മിനെ ഞെട്ടിച്ച്‌ പാലക്കാട്ട്‌ 'മാര്‍ക്‌സിസ്‌റ്റ്‌ കൂട്ടായ്‌മ' പിറന്നു. മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ പി.കെ. ശശിയാണ്‌ ചെയര്‍മാന്‍. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റും ചിറ്റൂരിലെ ജനകീയ കൂട്ടായ്‌മയുടെ നേതാവുമായ എം. സതീഷാണ്‌ കണ്‍വീനര്‍. ജില്ലാ മാര്‍ക്‌സിസ്‌റ്റ്‌ കൂട്ടായ്‌മയുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തതിനു പിറകേ പി.കെ. ശശിയെ സി.പി.എം. പുറത്താക്കി.

ജില്ലയില്‍ പലയിടങ്ങളിലായി രൂപപ്പെട്ടിരുന്ന സി.പി.എം. അതൃപ്‌തരുടെ കൂട്ടായ്‌മയാണ്‌ ജില്ലാതലത്തില്‍ വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്‌. മണ്ണാര്‍ക്കാട്‌, കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, വടക്കഞ്ചേരി, ഒറ്റപ്പാലം, കോങ്ങാട്‌, നെന്മാറ മേഖലകളില്‍ നിന്നായി ഇരുനൂറോളം സ്‌ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. മുന്‍ ഏരിയാ സെക്രട്ടറിമാരും മുന്‍ ജനപ്രതിനിധികളും കണ്‍വന്‍ഷനെത്തി.
സി.പി.എം. ജില്ലാ കമ്മിറ്റിയിലെ ഏഴുപേര്‍ കൂടി തങ്ങള്‍ക്കൊപ്പമുണ്ടെന്നും നല്ല സന്ദര്‍ഭം നോക്കി ഇവിടെ എത്തുമെന്നുമുള്ള പ്രഖ്യാപനവും കണ്‍വന്‍ഷനിലുണ്ടായി. കാര്യമായ പ്രചാരണമില്ലാതെ ഫോണ്‍ വിളികളിലൂടെ ഇത്രയധികം പേരെത്തിയതും സി.പി.എം. കേന്ദ്രങ്ങള്‍ ഞെട്ടലോടെയാണു കാണുന്നത്‌.

ഇത്‌ വിമതരുടെ കൂട്ടായ്‌മയല്ലെന്ന നിലപാടാണ്‌ കണ്‍വന്‍ഷന്‍ ഉയര്‍ത്തിക്കാട്ടിയത്‌. പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരേ മേല്‍ക്കമ്മിറ്റികളില്‍ നല്‍കിയ പരാതികളൊന്നും പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ്‌ ഇത്തരമൊരു തീരുമാനം. മണ്ണാര്‍ക്കാട്‌ നിന്ന്‌ 686 പരാതികളും ചിറ്റൂരില്‍ നിന്ന്‌ നാനൂറിലധികവും വടക്കഞ്ചേരിയില്‍ നിന്ന്‌ 160 പരാതികളും സംസ്‌ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക്‌ നല്‍കിയിട്ടും അതൊന്നും മുഖവിലയ്‌ക്കെടുത്തില്ലെന്നു കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി.

ജില്ലാ സെക്രട്ടറി ഏകാധിപത്യ നിലപാട്‌ സ്വീകരിക്കുന്നുവെന്നാണ്‌ കണ്‍വന്‍ഷനിലുയര്‍ന്ന പ്രധാന വിമര്‍ശനം. ഭരണസ്വാധീനവും കൈയൂക്കും ഉപയോഗിച്ച്‌ തൊഴില്‍ നഷ്‌ടപ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായി. എതിര്‍ക്കുന്നവരെ തകര്‍ക്കുക എന്ന സമീപനമാണ്‌ ജില്ലാനേതൃത്വം സ്വീകരിച്ചതെന്നും വിമര്‍ശനം.

ട്രേഡ്‌ യൂണിയന്‍ രംഗത്ത്‌ സ്വാധീനമുള്ള പി.കെ. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയും അസ്വസ്‌ഥത കൂട്ടും. ഒറ്റപ്പാലം, കോങ്ങാട്‌, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പി.കെ. ശശിക്ക്‌ കഴിയുമെന്നാണ്‌ വിലയിരുത്തല്‍. ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നാളിതുവരെ സി.പി.എമ്മിനെ കൈവിടാതിരുന്ന പല പഞ്ചായത്തുകളിലും ഭരണം നഷ്‌ടമായിട്ടുണ്ട്‌. അത്‌ നിയമസഭാ മണ്ഡലങ്ങളിലേക്കു കൂടി വ്യാപിക്കുമെന്ന സൂചനയാണ്‌ കണ്‍വന്‍ഷന്‍ നല്‍കുന്നത്‌.

എന്‍. രമേഷ്‌

രാഷ്‌ട്രീയത്തില്‍ സ്‌ഥിരമായ ബന്ധുവും ശത്രുവുമില്ലെന്ന്‌ പി.കെ. ശശി

പാലക്കാട്‌: സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കിയത്‌ പ്രതീക്ഷിച്ചിരുന്നതായും പുറത്താക്കാനുള്ള സംവിധാനം അവര്‍ക്കുണ്ടെന്നും പി.കെ. ശശി. പാര്‍ട്ടി നടപടി സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരാളെ പുറത്താക്കിയത്‌ കൊണ്ടൊന്നും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ആവില്ല. ഈ പോരാട്ടം തുടരും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കും. കള്ളനും കാട്ടുകള്ളനുമായവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്‌ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന്‌ അത്‌ ഞാന്‍ തീരുമാനിക്കേണ്ടത്‌ ആണോ എന്നായിരുന്നു മറുചോദ്യം. രാഷ്‌ട്രീയത്തില്‍ സ്‌ഥിരമായ ബന്ധുവോ ശത്രുവോ ഇല്ലെന്നും താല്‌പര്യങ്ങള്‍ മാത്രമാണുള്ളതെന്നും ഇ.എം.എസിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട്‌ പി.കെ. ശശി പറഞ്ഞു.

Ads by Google
എന്‍. രമേഷ്‌
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW