Friday, March 13, 2026 Last Updated 31 Min 55 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Thursday 05 Mar 2026 11.45 PM

തിരിച്ചുവരവില്‍ രവീന്ദ്രനാഥ്‌, സീറ്റുറപ്പിച്ച്‌ മൊയ്‌തീന്‍

ഒരിടവേളയ്‌ക്കു ശേഷം സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലേക്കു മടങ്ങിയെത്തുകയാണ്‌ മുന്‍മന്ത്രി കൂടിയായ പ്രഫ. സി. രവീന്ദ്രനാഥ്‌. സഹകരണ ബാങ്ക്‌ നിക്ഷേപത്തട്ടിപ്പ്‌ കേസില്‍ വിവാദത്തിലായ എ.സി. മൊയ്‌തീന്‍ കുന്നംകുളത്ത്‌ വീണ്ടും സീറ്റുറപ്പിച്ചതാണ്‌ ശ്രദ്ധേയമായ മറ്റൊരു കാര്യം
uploads/news/2026/03/828674/k2.jpg

തൃശൂര്‍: പ്രഖ്യാപിക്കാനിരിക്കുന്ന സി.പി.എം സ്‌ഥാനാര്‍ഥിപ്പട്ടികയിലൂടെ ശ്രദ്ധേയമാകുന്നത്‌ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ തിരിച്ചുവരവ്‌.
സഹകരണ ബാങ്ക്‌ നിക്ഷേപത്തട്ടിപ്പ്‌ കേസില്‍ വിവാദത്തിലാകുകയും ഉപതെരഞ്ഞെടുപ്പിലൂടെ ഉള്‍പ്പെടെ മൂന്നു ടേം എം.എല്‍.എയാവുകയും ചെയ്‌ത എ.സി. മൊയ്‌തീന്‍ കുന്നംകുളത്ത്‌ വീണ്ടും സീറ്റുറപ്പിച്ചതാണ്‌ ശ്രദ്ധേയമായ മറ്റൊരു കാര്യം. ഏറെ അനിശ്‌ചിതത്വങ്ങള്‍ക്കൊടുവിലാണ്‌ തൃശൂര്‍ ജില്ലയിലുള്‍പ്പെട്ട മണലൂരിലും കുന്നംകുളത്തും സി.പി.എം സ്‌ഥാനാര്‍ഥികളുടെ പേരുകള്‍ പാര്‍ട്ടി സംസ്‌ഥാനനേതൃത്വം ഉറപ്പിച്ചത്‌. മറ്റെല്ലാ സിറ്റിങ്‌ സീറ്റുകളിലും നിലവിലെ എം.എല്‍.എമാര്‍ നേരത്തെതന്നെ സീറ്റുനേടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ഒരിടവേളയ്‌ക്കു ശേഷം സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലേക്കു മടങ്ങിയെത്തുകയാണ്‌ മുന്‍മന്ത്രി കൂടിയായ പ്രഫ. സി. രവീന്ദ്രനാഥ്‌. വരുന്ന തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും നിര്‍ണായകമാണെന്ന തിരിച്ചറിവിലാണ്‌ മുമ്പ്‌ മൂന്നുതവണ നിയമസഭാംഗമായ രവീന്ദ്രനാഥിനെ മണലൂരില്‍ സ്‌ഥാനാര്‍ഥിയാക്കാനുള്ള സി.പി.എമ്മിന്റെ അപ്രതീക്ഷിത നീക്കം. എ.സി. മൊയ്‌തീന്റെ ജനകീയത പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയാണ്‌ ടേം വ്യവസ്‌ഥ പരിഗണിക്കാതെ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള തീരുമാനം.
മണലൂരില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപന്‍ എത്തുമെന്ന്‌ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്‌. ഇതും രവീന്ദ്രനാഥിനെ പരിഗണിക്കുന്നതിനു കാരണമായി. മുമ്പ്‌ കോണ്‍ഗ്രസിന്റെ ശക്‌തിദുര്‍ഗമായിരുന്ന മണലൂര്‍ പിന്നീട്‌ ഇടതുപക്ഷത്തേക്കു ചായുകയായിരുന്നു. പ്രതാപനും രവീന്ദ്രനാഥും ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായാല്‍ ഫലം പ്രവചനാതീതമായിരിക്കും.
എന്നാല്‍ കുന്നംകുളത്ത്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കോളിളക്കം സൃഷ്‌ടിച്ച കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വിവാദ നിഴലിലായ എ.സി. മൊയ്‌തീന്‍ സ്‌ഥാനാര്‍ഥിയാകില്ലെന്ന സൂചനകളാണ്‌ ആദ്യം പുറത്തുവന്നിരുന്നത്‌. ടേം വ്യവസ്‌ഥയും അദ്ദേഹത്തിന്‌ എതിരായിരുന്നു. എന്നാല്‍ ജനകീയനായ ബദല്‍ സ്‌ഥാനാര്‍ഥിയെ കണ്ടെത്താനാവാതെ വന്നതാണ്‌ വീണ്ടും അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമെന്നാണു വിവരം. അടുത്തിടെ നടന്ന കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ഭരണ സമിതി തെരഞ്ഞെടുപ്പ്‌ യു.ഡി.എഫ്‌. ബഹിഷ്‌കരിച്ചതോടെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥികള്‍ എല്ലാ സീറ്റിലും വിജയിച്ചിരുന്നു.
2004 ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ പരാജയപ്പെടുത്തിയാണ്‌ എ.സി. മൊയ്‌തീന്‍ രംഗത്തു വന്നത്‌. അതിനുമുമ്പ്‌ കുറച്ചുകാലം തെക്കുംകര പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടുതവണയും കുന്നംകുളം മണ്‌ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ആദ്യ പിണറായി മന്ത്രിസഭയില്‍ വിവിധ വകുപ്പുകളുടെ ചുമതല മൊയ്‌തീന്‍ വഹിച്ചിരുന്നു. അദ്ദേഹംതന്നെ ഇത്തവണയും തുടരണമെന്ന ആവശ്യം പ്രാദേശികമായി ശക്‌തമായിരുന്നു.
സി.പി.എമ്മിന്റെ ജില്ലയിലെ ജനകീയ മുഖങ്ങളിലൊന്നാണ്‌ പ്രഫ. സി. രവീന്ദ്രനാഥ്‌. 2006 ല്‍ കൊടകരയില്‍ നിന്നാണ്‌ അദ്ദേഹം ആദ്യം നിയമസഭയിലെത്തിയത്‌. 2008 ല്‍ നടന്ന പുനസംഘടനയില്‍ ഈ മണ്ഡലം ഇല്ലാതാവുകയും പകരം അതിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉള്‍പ്പെടുത്തി പുതുക്കാട്‌ മണ്ഡലം നിലവില്‍ വരുകയും ചെയ്‌തു.
തുടര്‍ന്ന്‌ 2011 ലും 2016 ലും പുതുക്കാട്‌ മണ്ഡലത്തില്‍നിന്ന്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയുമായി. 2021 ലെ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്‌ഥ പാര്‍ട്ടി കര്‍ശനമാക്കിയതോടെ രവീന്ദ്രനാഥിനു പകരം കെ.കെ. രാമചന്ദ്രന്‍ സ്‌ഥാനാര്‍ഥിയായി. നിലവില്‍ എം.എല്‍.എയായ രാമചന്ദ്രന്‍ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിച്ച രവീന്ദ്രനാഥ്‌ കോണ്‍ഗ്രസിലെ ബെന്നി ബെഹ്‌നാനോടു പരാജയപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ്‌ സി.പി.ഐയില്‍നിന്ന്‌ സി.പി.എം ഏറ്റെടുത്താല്‍ രവീന്ദ്രനാഥ്‌ സ്‌ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ്‌ ഇതുവരെ ഉയര്‍ന്നുകേട്ടിരുന്നത്‌. മണലൂരില്‍ ടി.എന്‍. പ്രതാപന്‍ സ്‌ഥാനാര്‍ഥിയാകുമെന്ന്‌ ഉറപ്പായതോടെയാണ്‌ സിറ്റിങ്‌ സീറ്റ്‌ നിലനിര്‍ത്താന്‍ ജനകീയ മുഖത്തെത്തന്നെ സി.പി.എം രംഗത്തിറക്കാന്‍ തീരുമാനിച്ചത്‌. നിലവിലെ എം.എല്‍.എ മുരളി പെരുനെല്ലി മാറിയേക്കുമെന്ന്‌ ഉറപ്പായിരുന്നെങ്കിലും പകരക്കാരനായി രവീന്ദ്രനാഥ്‌ എത്തിയത്‌ അവസാനവട്ട ചര്‍ച്ചകളിലാണ്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW