-->
പാലക്കാട്: സിപിഐഎമ്മിന്റെ പാലക്കാട് ജില്ലയിലെ പ്രധാനനേതാവായ പി.കെ. ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. വിമത പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടിയുമായി അകന്നു കഴിയുകയായിരുന്ന പി.കെ. ശശി യുഡിഎഫുമായി അടുക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ന് പി.കെ. ശശി വിളിച്ചു ചേര്‍ത്തിരുന്ന വിമത കണ്‍വെന്‍ഷന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും.
ഗുരുതരമായ അച്ചടക്കലംഘനം പി.കെ. ശശി നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഇന്ന് രാവിലെ പാലക്കാട് വിളിച്ചുചേര്‍ത്ത വിമത കണ്‍വെന്‍ഷനില്‍ പി.കെ.ശശി സംസ്ഥാന, ജില്ലാ നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ്ബാബുവിനെതിരേ സ്പിരിറ്റ് കച്ചവടക്കാരനെന്ന് വിളിക്കുകയും ചെയ്തു. മഹാരഥന്മാരായ നേതാക്കള്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും അഴിമതിക്കാര്‍ക്ക് എതിരേയുള്ള പോരാട്ടമാണ് ഇതെന്നും പറഞ്ഞിരുന്നു.
നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പിന്തുണയോട് കൂടി പി.കെ.ശശി മത്സരിക്കുമോ എന്നാണ് ഇനിയറിയേണ്ടത്. യുഡിഎഫ് നേതാക്കളും ലീഗ് നേതാക്കളുമായി കഴിഞ്ഞദിവസം പി.കെ. ശശി ചര്‍ച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയിലെ അസംതൃപ്തരായ തനിക്കൊപ്പമെന്നും സിപിഐഎമ്മിന്റെ ഏഴു ജില്ലാക്കമ്മറ്റിയംഗങ്ങള്‍ ഉണ്ടെന്നും പറഞ്ഞിരുന്നു. അതേസമയം ഈ പോരാട്ടം തുടരുമെന്നും കള്ളനും കാട്ടുകള്ളനുമായ ആളുകളെ ജനങ്ങള്‍ക്ക് മുമ്പില്‍ ക്രൂശിക്കുമെന്നായിരുന്നു പി.കെ. ശശിയുടെ ആദ്യപ്രതികരണം. പികെ ശശിയുടെ സാമ്പത്തീക വളര്‍ച്ച പരിശോധിക്കണമെന്ന് പാലക്കാട് ജില്ലാസെക്രട്ടറി സുരേഷ്ബാബുവും പ്രതികരിച്ചിരുന്നു.