-->
ആലപ്പുഴ: മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരന്‍ പാര്‍ട്ടി വിടുമെന്നു സൂചന. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നും സുധാകരന്‍ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്‌തമാക്കി. ഇന്ന് പത്രസമ്മേളനം നടത്തി കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ മത്സരിക്കില്ലെന്നു ഗോവിന്ദന്‍ പരിഹാസരൂപേണ പ്രതികരിച്ചതാണ് ദീര്‍ഘകാലമായി നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തെ ഏറ്റവുമൊടുവില്‍ പ്രകോപിപ്പിച്ചത്. താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നു ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറയുന്നതിന്റെയും തുടര്‍ന്ന് ചിരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സുധാകരന്‍ ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ചു.
മാധ്യമപ്രവര്‍ത്തകര്‍ പറവൂരിലെ വസതിയിലെത്തിയെങ്കിലും സുധാകരന്‍ പ്രതികരിക്കാന്‍ തയാറായില്ല. ഇന്ന് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ പറയുമെന്ന് ഭാര്യ ജൂബിലി നവപ്രഭ മുഖേന അറിയിക്കുകയും ചെയ്‌തു. ഇതോടെ, 63 വര്‍ഷമായി സി.പി.എമ്മിന്റെ ഭാഗവും മുന്‍സംസ്‌ഥാനസമിതി അംഗവുമായ സുധാകരന്‍ കടുത്തതീരുമാനം കൈക്കൊള്ളുമെന്ന അഭ്യൂഹം ശക്‌തമായി.
സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഫോണില്‍ ബന്ധപ്പെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുധാകരന്‍ അയഞ്ഞില്ല. പാര്‍ട്ടി അംഗത്വ ഫോം പൂരിപ്പിച്ച് നല്‍കില്ലെന്നു വ്യക്‌തമാക്കി. പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള സമയപരിധി എട്ടിന് അവസാനിക്കും. ഏഴിന് വിവിധ പദ്ധതികളുടെ ഉദ്‌ഘാടനത്തിനായി ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുമോയെന്നും രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നു.
'ജില്ലാ സെക്രട്ടറി തിരിഞ്ഞുനോക്കിയില്ല; സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു'
സുധാകരന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്: '2026 മെമ്പര്‍ഷിപ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടിവന്നില്ല. 2022-ല്‍ സംസ്‌ഥാനസമിതിയില്‍നിന്ന് ഒഴിവായി. ആലപ്പുഴ ഡി.സിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരുകയാണ്. വീണ് പരുക്കേറ്റശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വര്‍ഷത്തെ സംസ്‌ഥാന കമ്മിറ്റി അംഗത്വത്തിനുശേഷം ബ്രാഞ്ചില്‍ വന്ന് പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണപോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതുപരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു, അടിയന്തരാവസ്‌ഥയുടെ 50-ാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇ.എം.എസ്. ഹാളില്‍ നടത്തിയപ്പോള്‍, അടിയന്തരാവസ്‌ഥയുടെ ആദ്യകാലത്തുതന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്‌റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദനവും ബി.ഐ.ആര്‍. കേസ് ഉള്‍പ്പടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളായ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല. എന്റെ അച്‌ഛനെവരെ ആക്ഷേപിച്ച് ഒരു എല്‍.സി. മെമ്പര്‍ പോസ്‌റ്റിട്ടു. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാനേതൃത്വത്തില്‍പ്പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത്. ഇപ്പോള്‍ സംസ്‌ഥാന സെക്രട്ടറിതന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി, ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നയാളല്ലെന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്‌തു. അതുകേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസാലെ മെമ്പര്‍ഷിപ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍, നന്ദി'.