-->
പാലക്കാട്: മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ റിട്ടയേർഡ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു. മുട്ടിക്കുളങ്ങര എയുപി സ്കൂളിലെ മുൻ അധ്യാപകനും മുണ്ടൂർ നൊച്ചുപ്പുള്ളി കയ്യറ വീട്ടിൽ താമസക്കാരനുമായ കെ.വി. രാധാകൃഷ്ണനാണ് (66) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പാലക്കാട്–കോഴിക്കോട് ബൈപാസിലെ കൊപ്പം ജംക്‌ഷനിലായിരുന്നു അപകടം.
കൊപ്പത്തുനിന്ന് ബൈക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങിയെന്നും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചെന്നും നോർത്ത് പോലീസ് അറിയിച്ചു.
ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടുവളപ്പിൽ രാവിലെ 11 മണിയോടെ സംസ്കാരം നടക്കും. പൊന്നമ്മയാണ് ഭാര്യ. മക്കൾ: സാന്ദ്ര, സരോജ്.