Friday, March 13, 2026 Last Updated 31 Min 28 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Tuesday 03 Mar 2026 11.36 PM

പത്തു സീറ്റുകളില്‍ വിജയം ഉറപ്പെന്ന്‌ ബി.ജെ.പി. സര്‍വേ റിപ്പോര്‍ട്ട്‌; 15വരെ ലഭിക്കാമെന്നും വിലയിരുത്തല്‍ , ക്രിസ്‌ത്യന്‍ ഔട്ട്‌ റീച്ച്‌ പ്രോഗ്രാമിന് ഫലം കണ്ടുതുടങ്ങി

ജോര്‍ജ്‌ കുര്യനെ മന്ത്രിസ്‌ഥാനത്തേക്കു കൊണ്ടുവന്നതും ഷോണ്‍ ജോര്‍ജിന്റെ ഇടപെടലുകളുമൊക്കെ ക്രിസ്‌ത്യന്‍ സഭാനേതൃത്വവുമായി അടുക്കാനുള്ള ​ശ്രമത്തില്‍ ബി.ജെ.പി. സഹായിച്ചിട്ടുണ്ട്‌. ട്വന്റി20 മുന്നണിയിലെത്തിയതോടെ എറണാകുളം ജില്ലയിലെ ഏതാനും മണ്ഡലങ്ങളില്‍ നേട്ടമുണ്ടാകുമെന്നാണു പ്രതീക്ഷ
BJP Kerala

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തു സീറ്റുകളില്‍ വിജയം ഉറപ്പെന്നു ബി.ജെ.പി. സര്‍വേ റിപ്പോര്‍ട്ട്‌. 15 സീറ്റുകള്‍ വരെ ലഭിക്കാമെന്നുമാണു ബി.ജെ.പി. സംസ്‌ഥാനനേതൃത്വം ഏറ്റവുമൊടുവില്‍ നടത്തിയ സര്‍വേയില്‍ വ്യക്‌തമായത്‌. കുന്നത്തുനാട്ടില്‍ ട്വന്റി20 - ബി.ജെ.പി. സഖ്യം വിജയിക്കുമെന്നാണു ബി.ജെ.പി. നേതൃത്വത്തിന്റെ ഉറപ്പ്‌.

കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്‌ഥാനത്തിലും മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേഫലവും വിലിയിരുത്തിയാണു ബി.ജെ.പി. റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. വിജയം ഉറപ്പുള്ള മണ്ഡലങ്ങളിലും ജയസാധ്യതയുള്ള മണ്ഡലങ്ങളിലും സ്വീകരിക്കേണ്ട പ്രവര്‍ത്തനപരിപാടിയും തയാറാക്കിയിട്ടുണ്ട്‌. ബി.ജെ.പി. മത്സരിച്ച 16 ലോകസഭാമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 11 നിയമസഭാ സീറ്റില്‍ ഒന്നാംസ്‌ഥാനവും ഒമ്പതിടത്തു രണ്ടാം സ്‌ഥാനവും നേടി. മൊത്തം 33,31,250 വോട്ടും 16.8% വോട്ട്‌ വിഹിതവും ബി.ജെ.പിക്കും എന്‍.ഡി.എ. മുന്നണിക്കു മൊത്തം ഇരുപതു ശതമാനം വോട്ടുമാണു ലഭിച്ചത്‌.

തിരുവനന്തപുരം ലോക്‌സഭാ സീറ്റിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്‌, നേമം എന്നിവയും ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ആറ്റിങ്ങലും കാട്ടാക്കടയും മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട, തൃശൂരിലെ പുതുക്കാട്‌ എന്നിവിടങ്ങളുമാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒന്നാം സ്‌ഥാനത്തെത്തിയ നിയമസഭാ മണ്ഡലങ്ങള്‍.

മഞ്ചേശ്വരം, കാസര്‍ഗോഡ്‌, പാലക്കാട്‌, ഹരിപ്പാട്‌, കായംകുളം, വര്‍ക്കല, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര എന്നീ നിയമസഭാ മണ്ഡലങ്ങളിലാണു രണ്ടാം സ്‌ഥാനത്ത്‌ എത്തിയത്‌. തിരുവനന്തപുരത്ത്‌ പാറശാല മാത്രമാണു മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടത്‌. പ്രധാനമണ്ഡലങ്ങളിലെ സ്‌ഥാര്‍ഥിപട്ടിക അന്തിമഘട്ടത്തിലാണ്‌.

ബി.ജെ.പി ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന വട്ടിയൂര്‍ക്കാവ്‌, പാലക്കാട്‌ മണ്ഡലങ്ങള്‍ക്കായി വിവിധ നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ ക്രിസ്‌ത്യന്‍ ഔട്ട്‌ റീച്ച്‌ പ്രോഗ്രാമിന്റെ ഭാഗമായി ക്രിസ്‌ത്യന്‍ വോട്ടുകള്‍ തങ്ങള്‍ക്ക്‌ അനുകൂലമാക്കി മാറ്റിയെടുക്കാന്‍ ബി.ജെ.പി. നടത്തുന്ന ഇടപെടലുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്‌. 2019 ലെയും 2024 ലെയും ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ്‌ പാറ്റേണ്‍ പരിശോധിക്കുമ്പോള്‍ അതു വ്യക്‌തമാണ്‌. ട്വന്റി20 സഖ്യം ക്രൈസ്‌തവ വിഭാഗത്തെ അടുപ്പിക്കാന്‍ സഹായിക്കും.

ട്വന്റി20 എന്‍.ഡി.എ. മുന്നണിയിലെത്തിയതോടെ എറണാകുളം ജില്ലയിലെ ഏതാനും മണ്ഡലങ്ങളില്‍ നേട്ടമുണ്ടാകുമെന്നാണു ബി.ജെ.പി. പ്രതീക്ഷ. ദീര്‍ഘകാലമായി ബി.ജെ.പിയില്‍ സജീവപ്രവര്‍ത്തകനായിരുന്ന ജോര്‍ജ്‌ കുര്യനെ മന്ത്രിസ്‌ഥാനത്തേക്കു കൊണ്ടുവന്നതും ഷോണ്‍ ജോര്‍ജുമൊക്കെ ക്രിസ്‌ത്യന്‍ സഭാനേതൃത്വവുമായി അടുക്കാനും അവരെ തങ്ങളോട്‌ അടുപ്പിക്കാനുമുള്ള തന്ത്രങ്ങളില്‍ ബി.ജെ.പി. ഒരളവുവരെ വിജയിച്ചിട്ടുണ്ട്‌.

പണ്ടു റേച്ചല്‍ മത്തായി മാത്രമായിരുന്നു ബി.ജെ.പിയുടെ മുഖമായി ക്രിസ്‌ത്യന്‍ സമുദായത്തില്‍നിന്നു കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്നതു മാറിയിരിക്കുന്നു. അറിയപ്പെടുന്ന പ്രമുഖര്‍ പലരും ബി.ജെ.പിക്ക്‌ ഒപ്പം ചേര്‍ന്നിട്ടുണ്ട്‌. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്കു ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാരുടെ അനുഭാവം നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടുന്നില്ല എന്നതു യാഥാര്‍ഥ്യമായി ബി.ജെ.പി. മനസിലാക്കുന്നുണ്ട്‌. ഇത്തവണ അതു പരിഹരിക്കാനാവുമെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW