-->
തിരുവനന്തപുരം: തനിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തതതിനെതിരേ കടുത്ത ആരോപണങ്ങളുമായി ആര്‍. ശ്രീലേഖ രംഗത്ത്. വിരമിച്ച ഡി.ജി.പി ആയിട്ടും പോലീസ് തനിക്കെതിരേ കള്ളക്കേസെടുത്തതു ദുഃഖകരമാണെന്ന് അവര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
പോലീസിന്റെ നടപടി തെറ്റും രാഷ്‌ട്രീയപ്രേരിതവുമാണെന്നാണ് അവരുടെ ആരോപണം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേക്കു മത്സരിക്കാമെന്നും അവര്‍ പറഞ്ഞു.ചെയ്യുന്നതു തെറ്റാണെന്ന് പോലീസിന് അറിയാത്തതല്ല. ഭാരതീയ ന്യായസംഹിത പ്രകാരം സമയപരിധിക്കകത്ത് കേസ് കൊടുക്കേണ്ടതുണ്ട്. എന്നാല്‍ താന്‍ ചെയ്‌തെന്നു പറയുന്ന കുറ്റകൃത്യം 2016ലെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെയും 2022ലെ വീഡിയോ ചാനലിലൂടെയും പുറത്തുവന്നതാണ്. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിനു ലഭിക്കാവുന്ന പരമാവധി ശിക്ഷ രണ്ടു വര്‍ഷമാണ്. അതിനാല്‍ സംഭവം നടന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ കേസ് രജിസ്‌റ്റര്‍ ചെയ്യേണ്ടതായിരുന്നെന്ന് ശ്രീലേഖ വ്യക്‌തമാക്കി.
മൂന്നര വര്‍ഷത്തിനു ശേഷമാണ് പരാതിക്കാരന്‍ കേസുമായി എത്തിയത്. ആ ഒറ്റക്കാരണത്താല്‍ തന്നെ കേസ് എടുക്കാന്‍ പാടില്ലായിരുന്നു. സ്‌റ്റേഷനില്‍നിന്നോ കോടതിയില്‍നിന്നോ തനിക്കെതിരേ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. പോലീസിനെ തനിക്കെതിരേ ആരോ ഉപയോഗിക്കുകയായിരുന്നെന്ന ഗുരുതര ആരോപണവും അവര്‍ ഉന്നയിച്ചു.കേസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കേസ് തള്ളാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലേഖ അറിയിച്ചു. സംഭവത്തില്‍ പോലീസിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.