-->
ദോഹ: ഖത്തർ സായുധ സേനയുടെ പക്കലുള്ള പേട്രിയറ്റ് ഇന്റർസെപ്റ്റർ (Patriot Interceptor) മിസൈലുകളുടെ ശേഖരം തീർന്നുപോയെന്ന തരത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് നിഷേധിച്ചു. ബ്ലൂംബർഗ് (Bloomberg) പ്രസിദ്ധീകരിച്ച റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും രാജ്യത്തിന്റെ പ്രതിരോധ ശേഖരം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
മിസൈൽ ശേഖരം കുറഞ്ഞുവെന്ന രീതിയിൽ ബ്ലൂംബർഗ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർത്ത പൂർണ്ണമായും തെറ്റാണെന്നും ഖത്തറിന്റെ പ്രതിരോധ സംവിധാനങ്ങൾ സുസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.ഏത് ബാഹ്യ വെല്ലുവിളികളെയും നേരിടാൻ ഖത്തർ സായുധ സേന സുസജ്ജമാണ്. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ആയുധശേഖരം നിലവിലുണ്ടെന്ന് ഖത്തർ മീഡിയ ഓഫീസ് അറിയിച്ചു.
മേഖല അതീവ സെൻസിറ്റീവായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിരുത്തരവാദപരമാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.തെറ്റായ വാർത്ത തിരുത്തുന്നതിനായി നിയമനടപടികൾ ഉൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും ആലോചിച്ചു വരികയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ ആക്രമണം ആരംഭിച്ചത് മുതൽ രാജ്യത്തിന് നേരെ തൊടുത്ത മിസൈലുകളെയും ഡ്രോണുകളെയും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതുവരെയായി കണ്ടെത്തിയ 3ക്രൂസ് മിസൈലുകൾ വിജയകരമായി തകർത്തു.വിക്ഷേപിച്ച 101ബാലിസ്റ്റിക് മിസൈലുകളിൽ 98 എണ്ണവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ഖത്തർ പ്രതിരോധ സേന വെടിവെച്ചിട്ടു.നിരീക്ഷിച്ച 39 ഡ്രോണുകളിൽ 24 എണ്ണം തകർത്തു.ഖത്തറിന്റെ വ്യോമപരിധി ലംഘിക്കാൻ ശ്രമിച്ച 2 SU-24 യുദ്ധവിമാനങ്ങളെയും വിജയകരമായി പ്രതിരോധിച്ചതായും സമൂഹമാധ്യമമായ 'X' ലൂടെ പ്രതിരോധമന്ത്രാലയം വെളിപെടുത്തി
ഷഫീക്ക് അറക്കൽ