-->
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുളള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്. തെലുങ്ക്, കൊടവ സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുളള ചടങ്ങുകളാണ് നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വൈറലായിരുന്നു.
ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് നൈറ്റിലെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഫെബ്രുവരി 24-നായിരുന്നു സംഗീത് നൈറ്റ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാത്രി എന്നാണ് ദമ്പതികള്‍ ഈ ചടങ്ങിനെ വിശേഷിപ്പിച്ചത്. സംഗീത് വേദിയില്‍ വിജയും ശര്മികയും ഒന്നിച്ച് നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ അവരുടെ പ്രണയത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു. വിജയ്യുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മിക നൃത്തം ചെയ്യുന്ന ചിത്രവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഞങ്ങളുടെ സംഗീത് രാത്രി. കണ്ണുനിറയുന്നതുവരെ ചിരിച്ചും, പാദങ്ങള്‍ വേദനിക്കുന്നതുവരെ നൃത്തം ചെയ്തും, എല്ലാവരുടെയും വാക്കുകളും സര്‍പ്രൈസുകളും കേട്ട് വികാരങ്ങള്‍ അടക്കിപ്പിടിക്കാനാവാതെ കണ്ണുനീര്‍ ഒഴുകിയും തീര്‍ത്ത ഒരു വൈകുന്നേരം. മനോഹരമായ മനുഷ്യര്‍ നിറഞ്ഞ ഒരു വലിയ സന്തോഷകരമായ പാര്‍ട്ടി ആയിരുന്നു അത്- എന്നാണ് വിജയ് ദേവരകൊണ്ട ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
'സ്‌നേഹവും, ആനന്ദക്കണ്ണീരും, ചിരിയും, സംഗീതവും, പാട്ടും, തിളക്കവും നിറഞ്ഞ ആ രാത്രി... രാത്രി മുഴുവന്‍ ഞങ്ങള്‍ നൃത്തം ചെയ്യുകയായിരുന്നു. ശരിക്കും ഇത് ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും സന്തോഷം നിറഞ്ഞ രാത്രിയായിരുന്നു വിജുവും (വിജയ്) ഞാനും പരസ്പരം സര്‍പ്രൈസ് നല്‍കാന്‍ ആഗ്രഹിച്ചപ്പോള്‍ മുതല്‍.. കുടുംബാംഗങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്താന്‍ ആഗ്രഹിച്ചത് വരെ.. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഇത്രത്തോളം സ്വതന്ത്രമായും മനോഹരമായും നൃത്തം ചെയ്യുന്നത് കണ്ട് ഞങ്ങള്‍ ശരിക്കും ആവേശഭരിതരായി. ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹത്തിന് നടുവില്‍ വിജയ്യും ഞാനും ഒന്നായി നൃത്തം ചെയ്ത രാത്രി- എന്നാണ് രശ്മികയുടെ വാക്കുകള്‍.
ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്ക് ഡിസൈന്‍ ചെയ്ത മനോഹരമായ വസ്ത്രങ്ങള്‍ ആണ് സംഗീത് നൈറ്റില്‍ വിജയും രശമികയും ധരിച്ചത്.