Saturday, March 14, 2026 Last Updated 40 Min 55 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
ജെബി പോള്‍
Monday 02 Mar 2026 11.33 PM

ശബരിമല യുവതീപ്രവേശം: സര്‍ക്കാര്‍ പുതിയ സത്യവാങ്‌മൂലം നല്‍കില്ല; നിലവിലുള്ളത് യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യവാങ്മൂലം, വേണ്ടെന്ന് ബോര്‍ഡ് നിലപാടറിയിക്കും

ആചാരാനുഷ്‌ഠാനങ്ങള്‍ കോടതിയിലൂടെ തിരുത്താന്‍ ഉദ്ദേശിച്ചുള്ള ഹര്‍ജി തള്ളണമെന്നാണ്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌. ഏത്‌ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ്‌ നിലപാടെന്ന്‌ ഇടതുസര്‍ക്കാര്‍ 2016 നവംബറില്‍ വ്യക്‌തമാക്കി
uploads/news/2026/03/828088/Sabarimala-3.jpg

കൊച്ചി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്‌മൂലം നല്‍കില്ല. പഴയ സത്യവാങ്‌മൂലത്തില്‍ മാറ്റംവരുത്തുകയുമില്ല. ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലമാണ്‌ നിലവിലുള്ളത്‌. അതേനിലപാട്‌ വ്യക്‌തമാക്കി സത്യവാങ്‌മൂലം നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിക്കുകയും ചെയ്‌തു.

ശബരിമല യുവതീപ്രവേശവിഷയത്തില്‍ പലപ്പോഴായി സംസ്‌ഥാനസര്‍ക്കാര്‍ വ്യത്യസ്‌തനിലപാടുകളാണു സ്വീകരിച്ചത്‌. വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരിക്കേ, യുവതീപ്രവേശത്തെ അനുകൂലിച്ചാണ്‌ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്‌. പിന്നീടുവന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതില്‍ കാതലായ ഭേദഗതി വരുത്തി.

ആചാരാനുഷ്‌ഠാനങ്ങള്‍ കോടതിയിലൂടെ തിരുത്താന്‍ ഉദ്ദേശിച്ചുള്ള ഹര്‍ജി തള്ളണമെന്നാണ്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌. ഏത്‌ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ്‌ നിലപാടെന്ന്‌ ഇടതുസര്‍ക്കാര്‍ 2016 നവംബറില്‍ വ്യക്‌തമാക്കി. യു.ഡി.എഫ്‌. സര്‍ക്കാര്‍ നല്‍കിയ അധികസത്യവാങ്‌മൂലം തള്ളണമെന്നും നിലപാടെടുത്തെങ്കിലും പുതിയ സത്യവാങ്‌മൂലം നല്‍കിയില്ല. 2007-ല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ഉറച്ചുനില്‍ക്കുമെന്ന്‌ അറിയിക്കുക മാത്രമാണു ചെയ്‌തത്‌. യു.ഡി.എഫ്‌. സര്‍ക്കാരിന്റ സത്യവാങ്‌മൂലമാണു നിലവില്‍ കോടതി മുമ്പാകെയുള്ളത്‌.

യുവതീപ്രവേശത്തെ എതിര്‍ക്കാനാണു ബോര്‍ഡിന്റെ പുതിയ തീരുമാനം. 2019-ല്‍ യുവതീപ്രവേശത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു ബോര്‍ഡിന്‌. യുവതീപ്രവേശത്തെ എതിര്‍ത്ത്‌ സത്യവാങ്‌മൂലം നല്‍കുമെന്നും, മുമ്പും ഈ നിലപാടാണ്‌ ബോര്‍ഡ്‌ എടുത്തിട്ടുള്ളതെന്നുമാണു പ്രസിഡന്റ്‌ കെ. ജയകുമാര്‍ പറഞ്ഞത്‌. സംസ്‌ഥാനസര്‍ക്കാര്‍ ഉള്‍പ്പെടെ 14-നകം നിലപാട്‌ അറിയിക്കണമെന്നു സുപ്രീം കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. വിശദമായ വാദം കേള്‍ക്കല്‍ ഏപ്രില്‍ ഏഴിനു തുടങ്ങും. അതിനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച്‌ രൂപീകരിക്കും. അംഗങ്ങളെ ചീഫ്‌ ജസ്‌റ്റിസ്‌ തീരുമാനിക്കും. കക്ഷികള്‍ നിലപാട്‌ എഴുതി നല്‍കണം. വാദത്തിന്‌ ഏപ്രില്‍ 22 വരെ സമയപരിധിയും നിശ്‌ചയിച്ചു.

ജെബി പോള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW