Saturday, March 14, 2026 Last Updated 27 Min 49 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
ജെബി പോള്‍
Sunday 01 Mar 2026 11.43 PM

ശബരിമല സന്നിധാനത്ത്‌ കൊടിമരം പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട്‌; ലഭിച്ച സ്വര്‍ണവും പൂശിയതും തമ്മില്‍ വ്യത്യാസമുണ്ടെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തല്‍

സംഭാവനയായും മറ്റും ലഭിച്ച സ്വര്‍ണവും പൂശിയ സ്വര്‍ണവും തമ്മില്‍ അളവില്‍ വ്യത്യാസമുണ്ടെന്നാണു കണ്ടെത്തല്‍. സംഭാവന കിട്ടിയ ആകെ സ്വര്‍ണം 9,573.010 ഗ്രാം ആയിരുന്നു. എന്നാല്‍ കൊടിമരത്തിന്‌ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന സ്വര്‍ണം 9,340.2 ഗ്രാമാണ്.
Kerala

കൊച്ചി; ശബരിമല സന്നിധാനത്ത്‌ കൊടിമരം പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട്‌ കണ്ടെത്തി വിജിലന്‍സ്‌ പ്രത്യേക അന്വേഷണസംഘം. സംഭാവനയായും മറ്റും ലഭിച്ച സ്വര്‍ണവും പൂശിയ സ്വര്‍ണവും തമ്മില്‍ അളവില്‍ വ്യത്യാസമുണ്ടെന്നാണു കണ്ടെത്തല്‍. കൊടിമര പുനഃസ്‌ഥാപനത്തിലെ സ്വര്‍ണത്തിന്റെയും പണത്തിന്റെയും ദുരുപയോഗം വ്യക്‌തമാക്കിയുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും.

കൊടിമര നിര്‍മാണ സമയത്തെ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളുടെ അറിവോടെയാണു തിരിമറി നടന്നതെന്നാണ്‌ അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്‌. ലോഹങ്ങളുടെ കൃത്യമായ അളവ്‌ തിട്ടപ്പെടുത്താന്‍ എക്‌സ്‌റേ, ഫ്‌ളൂറോസീന്‍സ്‌, സ്‌പെക്‌ട്രോസ്‌കോപ്പി തുടങ്ങിയ പരിശോധനകള്‍ നടത്തണം. കൊടിമരത്തില്‍ ആദ്യം പൂശിയ സ്വര്‍ണവും നിലവിലുള്ളതും തമ്മിലുള്ള വ്യത്യാസവും കണ്ടെത്തണം. ഈ സാഹചര്യത്തില്‍ കേസെടുത്ത്‌ അന്വേഷണം നടത്തേണ്ടതുണ്ടെന്ന്‌ കോടതിയെ അറിയിക്കും.

2017 മാര്‍ച്ച്‌ 22 ന്‌ കസ്‌റ്റംസ്‌ വകുപ്പില്‍നിന്ന്‌ 9.161 കിലോഗ്രാം സ്വര്‍ണം വാങ്ങിയെന്നും ഭക്‌തര്‍ 412 ഗ്രാം സ്വര്‍ണം സംഭാവന ചെയ്‌തെന്നും വ്യക്‌തമാണ്‌. ഇങ്ങനെ ആകെ സ്വര്‍ണം 9,573.010 ഗ്രാം ആയിരുന്നു. എന്നാല്‍ കൊടിമരത്തിന്‌ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന സ്വര്‍ണം 9,340.2 ഗ്രാമാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിവയ്‌ക്കുന്നതാണ്‌ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്‌.

കൊടിമരക്കേസ്‌ പ്രത്യേക കേസായി അന്വേഷിക്കണമെന്ന്‌ ഇടക്കാല ഉത്തരവിലൂടെയാണു ഹൈക്കോടതി നിര്‍ദേശിച്ചത്‌. അഴിമതി നിരോധന നിയമം, ക്രിമിനല്‍ ചട്ടംഎന്നിവ പ്രകാരം കേസെടുത്ത്‌ സ്വതന്ത്ര വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നായിരുന്നു നിര്‍ദേശം. കൊടിമരത്തിന്റെ പുനപ്രതിഷ്‌ഠയില്‍ ദേവസ്വം മാനുവലിലെ വ്യവസ്‌ഥകള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടതായും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കൊടിമരത്തിനു സ്വര്‍ണവും പണവും സംഭാവന ചെയ്‌ത 27 പേരില്‍ രണ്ടു നടന്മാരും ഉള്‍പ്പെടുന്നു. കഴിഞ്ഞദിവസം മോഹന്‍ലാലും ദിലീപും അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. കൂടുതല്‍ ആളുകള്‍ സ്വര്‍ണമോ പണമോ സംഭാവന ചെയ്‌തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതായി വിജിലന്‍സ്‌ വൃത്തങ്ങള്‍ അറിയിച്ചു.

വ്യക്‌തിഗത ദാതാക്കളുടെ രസീതുകള്‍ ഇല്ലാത്തതിനാല്‍ അക്കൗണ്ടിങ്ങിന്റെ രേഖാമൂലമുള്ള തെളിവുകള്‍ നഷ്‌ടപ്പെട്ടെന്നും ഇതു ഗുരുതരമായ വീഴ്‌ചയാണെന്നുമാണ്‌ ഹൈക്കോടതി നിരീക്ഷണം. ദേവസ്വം നിയമങ്ങളുടെയും സാമ്പത്തിക ഉത്തരവാദിത്വ മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനവും നടന്നിട്ടുണ്ട്‌.

കൊടിമര പുനര്‍നിര്‍മാണത്തിനു സ്വര്‍ണം സ്വീകരിച്ചതില്‍ മുന്‍ അഡ്വക്കേറ്റ്‌ കമ്മിഷണര്‍ എ.എസ്‌.പി. കുറുപ്പ്‌ ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലന്‍സ്‌ ഹൈക്കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്‌. സ്വര്‍ണം സ്വീകരിക്കാന്‍ എക്‌സിക്യുട്ടീവ്‌ ഓഫീസറെ ദേവസ്വം ബോര്‍ഡ്‌ ചുമതലപ്പെടുത്തിയിട്ടും കുറുപ്പ്‌ ഭക്‌തരില്‍നിന്ന്‌ നേരിട്ടു സ്വര്‍ണം വാങ്ങി. സംഭാവനയായി സ്വീകരിച്ചവയുടെ അളവ്‌ പരാമര്‍ശിച്ച്‌ രസീത്‌ നല്‍കുന്നതിലും വീഴ്‌ചയുണ്ടായി. സ്വര്‍ണബിസ്‌കറ്റുകളും നാണയങ്ങളും ഉള്‍പ്പെടെയാണ്‌ കുറുപ്പ്‌ സ്വീകരിച്ചത്‌. ബാക്കിവന്ന സ്വര്‍ണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെബി പോള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW