Friday, March 13, 2026 Last Updated 38 Min 50 Sec ago English Edition
Todays E paper
Ads by Google
നൂറനാട്‌ മധു
Sunday 01 Mar 2026 11.43 PM

‘സ്വര്‍ണപ്രിയനല്ല സ്വാമി അയ്യപ്പന്‍; അനാവശ്യ ആഭരണം ചാര്‍ത്തല്‍ അഹിതം, പൂജകള്‍ കൂടുതല്‍ നടത്തുന്നത്‌ ചിലരുടെ ഹിതത്തിന്, സമ്പത്ത്‌ കുടുമ്പോള്‍ ദേവഹിതം മറക്കും’

തിരുവാഭരണ ഘോഷയാത്രയുടെ മഹത്വം കുറയുന്ന ഒരു പ്രവൃത്തിയും ദേവസ്വം ബോര്‍ഡോ ഭക്‌തജനങ്ങളോ ചെയ്‌തുകൂടെന്നു രാജാ പറയുന്നു. ഭക്‌തര്‍ നല്‍കുന്ന സ്വര്‍ണം ഭഗവാനു ചാര്‍ത്തുന്നത്‌ ശരിയല്ല.
uploads/news/2026/03/827950/Vishakham-Thirunal-Pandalam.jpg

പന്തളം: അയ്യപ്പന്‌ സ്വര്‍ണഭൂഷാദികളോടു താല്‍പര്യമില്ലെന്നും ഭക്‌തരുടെ കൗതുകത്തിനുവേണ്ടിയാണ്‌ തിരുവാഭരണങ്ങള്‍ അണിയുന്നതെന്നും സ്വന്തം പുസ്‌തകത്തിലെ വാക്കുകള്‍ ചൂണ്ടിക്കാട്ടി പന്തളം കൊട്ടാരം നിര്‍വാഹകസംഘം മുന്‍ പ്രസിഡന്റ്‌ വിശാഖംനാള്‍ പി. രാമവര്‍മ രാജാ. ശബരിമല ശ്രീകോവില്‍ മുഴുവന്‍ സ്വര്‍ണം പതിച്ചതില്‍ പ്രസിദ്ധ തന്ത്രിയായ കുഴിക്കാട്‌ ഭട്ടതിരി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ടു നടക്കുന്ന കളവുകളില്‍ തന്റെ ദുഃഖം പങ്കുവയ്‌ക്കുകയായിരുന്നു എണ്‍പത്തിനാല്‌ പിന്നിട്ട രാമവര്‍മ രാജാ.
''തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന തൊഴുന്നത്‌ ഏറ്റവും പുണ്യമായി കരുതുന്നു. അങ്ങയുടെ വംശജര്‍ മകരോത്സവത്തിനു മുടങ്ങാതെ ശബരിമലയില്‍ വരികയും എനിക്കു കൗതുകമില്ലെങ്കിലും ഭക്‌തരുടെ കൗതുകത്തിന്‌ ആഭരണങ്ങള്‍ അലങ്കരിക്കുകയും ചെയ്യണം. തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നു കൊണ്ടുവരികയും തിരികെ അങ്ങോട്ടുതന്നെ കൊണ്ടുപോകുകയും ചെയ്യണം.

പന്തളം രാജധാനി ഉപേക്ഷിച്ച്‌ അയ്യപ്പന്‍ ശബരിമലയ്‌ക്കു യാത്രയാകുമ്പോള്‍ രാജാവിനു നല്‍കിയ ഉപദേശങ്ങളില്‍ പ്രധാനമാണിത്‌. പട്ടാഭിഷേകത്തിന്‌ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ പന്തളരാജനു നല്‍കിയ ഉപദേശങ്ങളില്‍ പ്രധാനമായിരുന്നു സ്വര്‍ണഭൂഷാദികളില്‍ കമ്പമില്ലെന്നത്‌.'' ശബരിമല ചിന്തകള്‍ എന്ന തന്റെ പുസ്‌തകത്തില്‍ രാമവര്‍മ രാജാ എഴുതി. ഈ വരികളാണ്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയതും. എഴുത്തുകള്‍ തന്റെ വ്യക്‌തിപരമായ ചിന്തകളാണെന്നും രാജകുടുബത്തിന്റെ അഭിപ്രായമായി അതിനെ കരുതേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട്‌ പതിനഞ്ചോളം പുസ്‌തകങ്ങള്‍ രാമവര്‍മ്മ രാജാ എഴുതിയിട്ടുണ്ട്‌. അതില്‍ രണ്ടെണ്ണം മലയാളത്തിലും 13 എണ്ണം ഇംഗ്ലീഷിലുമാണ്‌. ഇംഗ്ലീഷ്‌ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ആയിരത്തോളം രചനകള്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

''കൊല്ലവര്‍ഷം 1118 മുതല്‍ 1121 വരെ പന്തളമന്നന്‍ രാജാ രാജശേഖരന്‍ തിരുവാഭരണങ്ങളുമായി ഭഗവാനെ കാണാന്‍ ശബരിമലയ്‌ക്കു പോയിട്ടുണ്ട്‌. രാജന്‌ ആരോഗ്യപ്രശ്‌നമുണ്ടെന്നു കണ്ട ഭഗവാന്‍ അരുള്‍ ചെയ്‌തു: ഞാന്‍ അവിടെയുണ്ടല്ലോ. പിന്നിട്‌ വലിയകോയിക്കലില്‍ തേവാരപ്പുരയില്‍ സാളഗ്രാം പ്രതിഷ്‌ഠിച്ച്‌ അയ്യനെ പ്രാര്‍ത്ഥിച്ചു. അതുവരെ കൈപ്പുഴയില്‍ ശിവക്ഷേത്രവും ശ്രീകൃഷ്‌ണ ക്ഷേത്രവും മാത്രമായിരുന്നു ഉള്ളത്‌. പിന്നീട്‌ തിരുവാഭരണങ്ങള്‍ രാജാവ്‌ പ്രതിനിധിയുടെ പക്കല്‍ നല്‍കി വിടുകയായിരുന്നു. 1194 ലാണ്‌ പന്തളരാജ്യം പൂര്‍ണതയില്‍ സ്‌ഥാപിച്ചത്‌. അന്ന്‌ രാജ്യത്തിന്‌ ആയിരം ചതുരശ്ര മൈല്‍ വിസ്‌തീര്‍ണം. ക്രിസ്‌ത്യന്‍, മുസ്ലിം ദേവാലയങ്ങള്‍ സ്‌ഥാപിക്കാന്‍ പന്തളരാജന്‍ സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവാഭരണ ഘോഷയാത്രയുടെ മഹത്വം കുറയുന്ന ഒരു പ്രവൃത്തിയും ദേവസ്വം ബോര്‍ഡോ ഭക്‌തജനങ്ങളോ ചെയ്‌തുകൂടെന്നു രാജാ പറയുന്നു. ഭക്‌തര്‍ നല്‍കുന്ന സ്വര്‍ണം ഭഗവാനു ചാര്‍ത്തുന്നത്‌ ശരിയല്ല. വിശേഷാല്‍ പൂജകള്‍ കുടുതലായി നടത്തുന്നത്‌ ചിലരുടെ ഹിതത്തിനാണ്‌. സമ്പത്ത്‌ കുടുമ്പോള്‍ ദേവഹിതം മറക്കും. ആചാരം ലംഘിക്കും. പന്തളം രാജകുടുബത്തിന്‌ അര്‍ഹിക്കുന്ന പരിഗണന നല്‍കി ക്കൊണ്ടു ഭരണസമിതി രൂപീകരിക്കപ്പെട്ടാല്‍ ദേവഹിതത്തോടൊപ്പം ശബരിമലയുടെ യശസും വീണ്ടും വര്‍ധിച്ചു വരുമെന്നും റിട്ട.പോളിടെക്‌നിക്‌ പ്രിന്‍സിപ്പല്‍ കൂടിയായ രാമവര്‍മ രാജാ പറഞ്ഞു.

നൂറനാട്‌ മധു

Ads by Google
നൂറനാട്‌ മധു
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW