Friday, March 13, 2026 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 08.55 PM

കേരളത്തിന്റെ ഹെല്‍പ് ലൈനിലേക്ക് കോളുകളുടെ പ്രവാഹം, ഇതുവരെ എത്തിയത് 541 സഹായ അഭ്യര്‍ഥനകള്‍

on

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌കിലേക്ക് കോളുകളുടെ പ്രവാഹം. ഞായറാഴ്ച വൈകീട്ട് ആറ് മണി വരെ 541 കോളുകള്‍ ഹെല്‍പ്പ് ലൈനില്‍ എത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിദേശത്തുനിന്നും 188 പേരും രാജ്യത്തിനുള്ളില്‍ നിന്നും 353 പേരുമാണ് ഹെല്‍പ്ഡെസ്‌കില്‍ ബന്ധപ്പെട്ടത്.

രാജ്യത്തിന് അകത്ത് നിന്നും 353 പേര്‍ വിളിച്ചപ്പോള്‍ യുഎഇ 78, ഖത്തര്‍ 49, ബഹ്‌റൈന്‍ 39, കുവൈത്ത് 12, ഒമാന്‍ 5, സൗദി അറേബ്യ 3, യുകെ 2 എന്നിങ്ങനെയാണ് കോളുകളുടെ കണക്കുകള്‍. സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്നും ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികള്‍ (പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍ (എറണാകുളം, കാലടി സ്വദേശി), മകള്‍ സ്മൃതി മേനോന്‍(3 വയസ്സ്)) ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങി. സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാര്‍ കുവൈറ്റില്‍ നിന്നുളള ലോകകേരള സഭാംഗം വഴി നോര്‍ക്ക റൂട്ട്‌സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

അടിയന്തിരമായി മരുന്നുള്‍പ്പെടെ ആവശ്യപ്പെട്ട് ബഹ്‌റൈനില്‍ നിന്നും പ്രവാസികള്‍ നോര്‍ക്ക റൂട്ട്‌സില്‍ ബന്ധപ്പെട്ടിരുന്നു. ഇവര്‍ക്ക് ലോക കേരള സഭാംഗങ്ങളുടെ പിന്തുണയില്‍ വേണ്ട സഹായം ലഭ്യമാക്കി. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പോയവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായിട്ടുളള സഹായങ്ങളും നല്‍കി. ബഹ്‌റൈനില്‍ ഗവണ്‍മെന്റ് ഷെല്‍ട്ടറുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ പ്രവാസികളിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. ബഹ്‌റൈനില്‍ നോര്‍ക്കാ പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക ഹെല്‍പ്പ് ഗ്രൂപ്പ് (ഡെസ്‌ക്) രൂപീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പറ്റാതെ യു.എ.ഇ യില്‍ കുടുങ്ങി പോയ പ്രവാസികള്‍ക്ക് അടിയന്തരമായ സഹായങ്ങളും മലയാളി സംഘടനകള്‍, ലോക കേരള സഭംഗങ്ങള്‍ എന്നിവര്‍ മുഖേന ലഭ്യമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW