Friday, March 13, 2026 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 28 Feb 2026 11.34 PM

കണ്ണൂര്‍ ജില്ലാ പട്ടികയില്‍ ശൈലജ ഇല്ല; മട്ടന്നൂരില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ആരായാലും ജയിക്കുമെന്ന്, പിണറായി ഓകെയെന്ന് എം.വി. ഗോവിന്ദന്‍, സുധാകരനോ? 'ഓ ഇല്ല'

രണ്ടുതവണ തുടര്‍ച്ചയായി എം.എല്‍.എയായവരെ മൂന്നാമൂഴത്തിനു പരിഗണിക്കേണ്ടത്‌ ജയപരാജയം നിര്‍ണായകമാകുന്ന മണ്ഡലങ്ങളില്‍ മാത്രമെന്ന ധാരണയാണ്‌ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്‌.
uploads/news/2026/02/827833/k2.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി സി.പി.എം. ജില്ലാനേതൃത്വങ്ങള്‍ സമര്‍പ്പിച്ച സ്‌ഥാനാര്‍ഥിപ്പട്ടിക സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗം പരിശോധിച്ചു. കണ്ണൂര്‍ ജില്ലാനേതൃത്വം നല്‍കിയ പ്രാഥമികപട്ടികയില്‍ മുന്‍മന്ത്രി കെ.കെ. ശൈലജയുടെ പേരില്ല. കഴിഞ്ഞതവണ ശൈലജ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച മട്ടന്നൂരില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ആരായാലും ജയിക്കുമെന്നാണ്‌ ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍.

രണ്ടുതവണ തുടര്‍ച്ചയായി എം.എല്‍.എയായവരെ മൂന്നാമൂഴത്തിനു പരിഗണിക്കേണ്ടത്‌ ജയപരാജയം നിര്‍ണായകമാകുന്ന മണ്ഡലങ്ങളില്‍ മാത്രമെന്ന ധാരണയാണ്‌ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്‌. ആലപ്പുഴയില്‍ സി.എസ്‌. സുജാതയെ പരിഗണിക്കണമെന്നതാണ്‌ സംസ്‌ഥാനനേതൃത്വത്തിന്റെ നിലപാടെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ്‌ നല്‍കിയ പട്ടികയില്‍ സുജാതയുടെ പേരില്ല. മുന്‍മന്ത്രി ടി.എം. തോമസ്‌ ഐസക്‌ മത്സരിക്കണമെന്ന സംസ്‌ഥാനനേതൃത്വത്തിന്റെ ആഗ്രഹവും ജില്ലയില്‍നിന്നുള്ള പട്ടികയില്‍ പ്രതിഫലിച്ചില്ല. ഇതോടെ സംസ്‌ഥാനനേതൃത്വത്തിന്റെ ഇംഗിതപ്രകാരമുള്ള സ്‌ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ വീണ്ടും ചേരേണ്ട സാഹചര്യമാണ്‌.

നാളെ മുതല്‍ സംസ്‌ഥാന സെക്രട്ടറിയടക്കം മുതിര്‍ന്നനേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റികള്‍ ചേരും. എട്ടിനു മുമ്പ്‌ സ്‌ഥാനാര്‍ഥിപ്പട്ടിക അന്തിമമാക്കാനാണ്‌ തീരുമാനം. എല്‍.ഡി.എഫിലെ സീറ്റ്‌ വിഭജനം സംബന്ധിച്ച്‌ സി.പി.എം-സി.പി.ഐ. ചര്‍ച്ച ഇന്നും നാളെയുമായി നടക്കും. മറ്റന്നാളോടെ സീറ്റ്‌ വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനം.

ജി. സുധാകരന്‍ മത്സരിക്കില്ലെന്ന്‌ എം.വി. ഗോവിന്ദന്‍; പിണറായി ഓകെ, സുധാകരന്‍ 'ഓ ഇല്ല'

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രി ജി. സുധാകരന്‍ സ്‌ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന്‌ പരിഹാസരൂപേണ മറുപടിയുമായി സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 'ഓ ഇല്ല' എന്ന്‌ മാത്രമായിരുന്നു പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തിനുശേഷമുള്ള പത്രസമ്മേളനത്തില്‍ ഗോവിന്ദന്റെ പ്രതികരണം. മുന്‍മന്ത്രി കെ.കെ. ശൈലജ മത്സരി ക്കുന്ന കാര്യത്തില്‍ വ്യക്‌തമായ മറുപടി നല്‍കാന്‍ ഗോവിന്ദന്‍ തയാറായില്ല. എല്ലാം പാര്‍ട്ടി പരിശോധിക്കുമെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന്‌ 'പോളിറ്റ്‌ ബ്യൂറോ തീരുമാനിച്ചല്ലോ'യെന്ന്‌ മറുപടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW