Wednesday, March 11, 2026 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
സി.ഒ.ടി. അസീസ്‌
സി.ഒ.ടി. അസീസ്‌
Saturday 28 Feb 2026 11.34 PM

പശ്‌ചിമേഷ്യ സംഘര്‍ഷം: പ്രവാസി കുടുംബങ്ങള്‍ ആശങ്കയില്‍; ഗള്‍ഫില്‍നിന്ന്‌ ഏറ്റവുമധികം ആളുകള്‍ വാര്‍ഷിക അവധിക്ക്‌ നാട്ടിലേക്ക്‌ വരുന്ന സീസണ്‍

റമദാന്‍ പാതിയോടെ വിവിധ ജി.സി.സി. രാജ്യങ്ങളില്‍നിന്ന്‌ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ കുടുംബ സമേതമെത്തുന്നു. ഇതേ സീസണില്‍ കേരളത്തില്‍നിന്ന്‌ സൗദി അറേബ്യയിലേക്കും നല്ല തിരക്കാണ്‌. വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കാനെത്തുന്നവരാണ്‌ ഏറെയും
uploads/news/2026/03/827820/Air-India.jpg

കോഴിക്കോട്‌: പശ്‌ചിമേഷ്യയില്‍ പെട്ടെന്നുണ്ടായ യുദ്ധസമാന സാഹചര്യം മലയാളക്കരയിലെങ്ങും ആശങ്ക പരത്തി. ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്ന്‌ ഏറ്റവുമധികം ആളുകള്‍ വാര്‍ഷിക അവധിക്ക്‌ നാട്ടിലേക്ക്‌ വരുന്ന സീസണാണിത്‌.
റമദാന്‍ പാതിയോടെ വിവിധ ജി.സി.സി. രാജ്യങ്ങളില്‍നിന്ന്‌ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ കുടുംബ സമേതമെത്തുന്നു. ഇതേ സീസണില്‍ കേരളത്തില്‍നിന്ന്‌ സൗദി അറേബ്യയിലേക്കും നല്ല തിരക്കാണ്‌. വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കാനെത്തുന്നവരാണ്‌ ഏറെയും. റമദാന്‍ അവസാന പത്തില്‍ മക്കയിലെ മസ്‌ജിദുല്‍ ചെലവഴിക്കാന്‍ പുറപ്പെടുന്നവര്‍ക്ക്‌ ഉയര്‍ന്ന വിമാന യാത്രാക്കൂലിയൊന്നും പ്രശ്‌നമല്ല. എല്ലാവരുടേയും യാത്രാ പദ്ധതികളെ അട്ടിമറിച്ചിരിക്കുകയാണ്‌ ഗള്‍ഫിലെ പുതിയ സംഭവ വികാസങ്ങള്‍. ഇപ്പോഴത്തെ പ്രതിസന്ധി നീണ്ടാല്‍ കേരളത്തിന്റെ സമ്പദ്‌ഘടനയേയും പിടിച്ചുലയ്‌ക്കും തീര്‍ച്ച. ഗള്‍ഫിലെ മിക്ക ഇന്ത്യന്‍ എംബസികളും പൗരന്മാര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
ആരും പുറത്തിറങ്ങരുത്‌ എന്നാണ്‌ നിര്‍ദേശം. ജി.സി.സി. രാജ്യങ്ങളിലെ അമേരിക്കന്‍ ഉദ്യോഗസ്‌ഥരോട്‌ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറാനും പുറത്തിറങ്ങരുതെന്നും അമേരിക്ക നിര്‍ദേശിച്ചു.
നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രവാസികള്‍ക്ക്‌ ഇപ്പോള്‍ അസാധ്യമാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളെല്ലാം ആകാശ പാതകള്‍ അടച്ചിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഒരു വിമാനവും പറക്കില്ല.
കാലിക്കറ്റ്‌ എയര്‍പോര്‍ട്ടിലും നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ഗള്‍ഫ്‌ സര്‍വീസുകള്‍ പൂര്‍ണമായും താറുമാറായി. ഇന്‍ഡിഗോ, ഖത്തര്‍ എയര്‍വേയ്‌സ്‌, തുര്‍ക്കി എയര്‍വേസ്‌, എമിറേറ്റ്‌സ്‌ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളെല്ലാം സര്‍വീസ്‌ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജി.സി.സി. രാജ്യങ്ങളിലേക്കുള്ള സര്‍വീസിന്‌ പുറമെ ലെബനോന്‍, സിറിയ, ഇറാഖ്‌, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും മാര്‍ച്ച്‌ രണ്ടുവരെ നിര്‍ത്തിയെന്ന്‌ വിമാന കമ്പനികള്‍ അറിയിച്ചു.
ഇറാന്‍, ഇറാഖ്‌, കുവൈത്ത്‌, ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാത അടച്ചു.
വ്യോമപാതകള്‍ അപകടാവസ്‌ഥയിലായതോടെ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ്‌ യാത്രകള്‍ അനിശ്‌ചിതത്വത്തിലായിരിക്കുകയാണ്‌. സര്‍വീസുകള്‍ എന്ന്‌ പുനരാരംഭിക്കുമെന്ന കാര്യത്തില്‍ വിമാനത്താവള അധികൃതര്‍ക്കോ കമ്പനികള്‍ക്കോ വ്യക്‌തതയില്ല. സംഘര്‍ഷം ലഘൂകരിക്കുന്നത്‌ വരെ ഈ നിയന്ത്രണങ്ങള്‍ തുടരാനാണ്‌ സാധ്യത.
ഇറാന്‍ തിരിച്ചടി ശക്‌തമാക്കിയതോടെ ഒമാന്‍ ഒഴികെയുള്ള അഞ്ച്‌ ജി.സി.സി. രാജ്യങ്ങള്‍ക്കുനേരെയും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. യു.എ.ഇ. അധികൃതര്‍ രാജ്യത്തുടനീളം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ദുബായിയിലെ ബുര്‍ജ്‌ ഖലീഫയും ലോകത്ത്‌ ഏറ്റവുമധികം ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കുന്ന ദുബായ്‌ മറീനയും ഇന്നലെ അടിയന്തരമായി ഒഴിപ്പിച്ചു. ഗള്‍ഫിലെ യു.എസിന്റെ പ്രധാന താവളമായ ബഹ്‌്റൈന്‍ ജുഫൈറിലെ ബേസിനെ ലക്ഷ്യമാക്കിയാണ്‌ ഇന്നലെ പ്രധാനമായും ആക്രമമുണ്ടായത്‌. ഈ താവളത്തിന്റെ എതിര്‍വശത്തുള്ള താമസ കേന്ദ്രങ്ങളും പെട്ടെന്ന്‌ ഒഴിപ്പിക്കുകയുണ്ടായി. ധാരാളം മലയാളികള്‍ അധിവസിക്കുന്ന പ്രദേശമാണിത്‌.

സി.ഒ.ടി. അസീസ്‌

Ads by Google
Ads by Google
TRENDING NOW