Sunday, March 15, 2026 Last Updated 11 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ക്രിസ്‌ത്യന്‍ ജനവിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്ത്‌ വിളിച്ച വിവിധ ക്രിസ്‌ത്യന്‍ സഭാ പ്രതിനിധികളുടെ യോഗത്തിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം പ്രഖ്യാപിച്ചത്‌. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഇതുവരെ നടപ്പാക്കിയ ശിപാര്‍ശകള്‍ യോഗത്തില്‍ വിശദീകരിച്ചു. നടപ്പാക്കിയ കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കേന്ദ്ര സംസ്‌ഥാന നയങ്ങളും വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിച്ചാല്‍ മാത്രം നടപ്പാക്കാന്‍ കഴിയുന്നവയും കൂടുതല്‍ ആഴത്തില്‍ പരിശോധന ആവശ്യമായവയുമാണ്‌ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നടപ്പാക്കാന്‍ അവശേഷിക്കുന്നത്‌. എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത്‌ നിര്‍ത്താനും അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനുമാണ്‌ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
വിവിധ വിഭാഗങ്ങളുടെ പ്രശ്‌നം രേഖാമൂലം നല്‍കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു പ്രസിദ്ധീകരിച്ച വിവരങ്ങളെപ്പറ്റിയും ഇനി നടപ്പാക്കാന്‍ ഉള്ളവയെപ്പറ്റിയും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഒരു മേല്‍നോട്ട സമിതിയെ നിയോഗിക്കണമെന്ന്‌ ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. ഇക്കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ചയില്‍ ഉയര്‍ന്ന്‌ വന്ന അഭിപ്രായങ്ങളും എഴുതി തരുന്ന വിവരങ്ങളും സര്‍ക്കാര്‍ വിശദമായി പഠിച്ചശേഷം വീണ്ടും യോഗം ചേരാമെന്നു മുഖ്യമന്ത്രി അറിയിച്ചു.
ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ട സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ക്ലിമീസ്‌ കാതോലിക്ക ബാവ യോഗത്തില്‍ പറഞ്ഞു. വെബ്‌സൈറ്റിലെ വിവരങ്ങള്‍ പഠിച്ചശേഷം അഭിപ്രായം അറിയിക്കാമെന്ന്‌ വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും വ്യക്‌തമാക്കി.
മന്ത്രി വി അബ്‌ദുറഹ്‌മാന്‍, മന്ത്രി പി. രാജീവ്‌, ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലക്‌, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്‌. മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം തുടങ്ങിയവരും ക്രിസ്‌ത്യന്‍ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു.

സഭാതര്‍ക്കം പരിഹരിക്കപ്പെടും: സാബു എം. ജേക്കബ്‌

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ സഭാ തര്‍ക്കം പരിഹരിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വഴിതുറക്കുന്നുവെന്നു ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ്‌ സാബു എം. ജേക്കബ്‌.
'ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി. രാജ്യത്തെ ജനസംഖ്യയില്‍ രണ്ടര ശതമാനമാനത്തില്‍ താഴെമാത്രമാണ്‌ ക്രിസ്‌ത്യന്‍ വിശ്വാസികള്‍.
മൈക്രോ ന്യൂനപക്ഷമായ ക്രിസ്‌ത്യന്‍ വിശ്വാസികളില്‍ തന്നെ ചെറിയ വിഭാഗമാണ്‌ യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങള്‍. പ്രധാനമന്ത്രി തന്റെ രാജ്യത്തെ ഏറ്റവും ചെറിയ വിശ്വാസിസമൂഹത്തിന്റെ ആഭ്യന്തര തര്‍ക്കം പരിഹരിക്കാന്‍ സമയം കണ്ടെത്തി എന്നത്‌ ആശാവഹമാണ്‌'-അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW