Friday, March 13, 2026 Last Updated 29 Min 19 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
ജെബി പോള്‍
Saturday 28 Feb 2026 11.05 AM

പുതിയ സെന്‍ട്രല്‍ ജയില്‍ വരുന്നു, മണിമലയും കുണ്ടറയും പരിഗണനയില്‍, നടപടി ജയിലുകളിലെ ദുരവസ്‌ഥ സംബന്ധിച്ചു സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍

തടവുകാരുടെ തിരക്കും സ്‌ഥലപരിമിതിയും കണക്കിലെടുത്തു സംസ്‌ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലുള്‍പ്പെടെ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു
Kerala

കൊച്ചി: പുതിയ സെന്‍ട്രല്‍ ജയില്‍ സ്‌ഥാപിക്കാന്‍ കോട്ടയം ജില്ലയിലെ മണിമലയും കൊല്ലം ജില്ലയിലെ കുണ്ടറയും പരിഗണനയില്‍. തിരുവനന്തപുരത്തിനും തൃശൂരിനുമിടയില്‍ സെന്‍ട്രല്‍ ജയില്‍ സ്‌ഥാപിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.

തടവുകാരുടെ തിരക്കും സ്‌ഥലപരിമിതിയും കണക്കിലെടുത്തു സംസ്‌ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലുള്‍പ്പെടെ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജയിലുകളിലെ ദുരവസ്‌ഥ സംബന്ധിച്ചു സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണു സത്യവാങ്‌മൂലം നല്‍കാന്‍ ചീഫ്‌ സെക്രട്ടറിയോടു നിര്‍ദേശിച്ചത്‌.

ജയിലുകളിലെ അരക്ഷിതാവസ്‌ഥ, ദുരിതം എന്നിവ സംബന്ധിച്ചു മൊത്തത്തില്‍ വിലയിരുത്തല്‍ നടത്തി വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇതിനായി അഡീഷണല്‍ ചീഫ്‌ സെക്രട്ടറി (ആഭ്യന്തരം) അധ്യക്ഷനായി മൂന്നംഗ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി (ധനം), ജയില്‍ ഡി.ജി.പി. എന്നിവരാണു മറ്റംഗങ്ങള്‍. കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണു ജയില്‍ വികസനം നടക്കുകയെന്നു സത്യവാങ്‌മൂലത്തില്‍ പറയുന്നു.

ആലപ്പുഴയിലെ പുതിയ ജയില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. പഴയകെട്ടിടം ജില്ലാ ജയിലാക്കി നവീകരിക്കും. അട്ടക്കുളങ്ങര വനിതാജയില്‍ സെന്‍ട്രല്‍ ജയിലിന്റെ പഴയ ബ്ലോക്കിലേക്കു മാറ്റി, നിലവിലെ വനിതാ ജയിലില്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാരെ താമസിപ്പിക്കാനും തീരുമാനിച്ചു. സെന്‍ട്രല്‍ ജയിലിലെ ബ്ലോക്ക്‌- 2 നവീകരിക്കും.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഇ- 1 ബ്ലോക്ക്‌ നവീകരിച്ചു 48 പേരെക്കൂടി താമസിപ്പിക്കും. 50 പുതിയ തടവുകാരെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നവീകരിക്കും. വിയ്യൂര്‍ ആശുപത്രി ബ്ലോക്കും എച്ച്‌ ബ്ലോക്കും നവീകരിക്കും. നവീകരണം നടക്കുന്നതിനാല്‍, 40 തടവുകാരെ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്കു മാറ്റാനും തീരുമാനിച്ചു. പത്തനംതിട്ട ജില്ലാ ജയില്‍ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌.

തളിപ്പറമ്പ്‌ ജയിലില്‍ പുതിയ ബ്ലോക്ക്‌ നിര്‍മാണവും മാവേലിക്കര ജയിലില്‍ വനിതാ തടവുകാര്‍ക്കുള്ള പുതിയ ബ്ലോക്ക്‌ നിര്‍മാണവും നടക്കുന്നു. നെയ്യാറ്റിന്‍കര ജയിലിന്റെ വിപുലികരണത്തിനായി നാലേക്കര്‍ സ്‌ഥലം ഏറ്റെടുക്കാന്‍ ഫണ്ട്‌ അനുവദിച്ചു. വയനാട്‌ കൃഷ്‌ണഗിരിയില്‍ പുതിയ ജില്ലാ ജയിലിനായി നാലേക്കര്‍ സ്‌ഥലം എടുത്തിട്ടുണ്ട്‌. ജയിലുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും നിരീക്ഷണ സാമഗ്രികളും സ്‌ഥാപിക്കാനായി പുതിയ ബജറ്റില്‍ 47 കോടി രൂപ നീക്കിവച്ചതായും ചീഫ്‌ സെക്രട്ടറിയുടെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW