Saturday, March 14, 2026 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 10.37 AM

ഭരണഘടനാവിരുദ്ധ പ്രസംഗം : സജി ചെറിയാനെ സഹായിച്ച് പോലീസ് വീണ്ടും ; റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി തള്ളി

uploads/news/2026/02/827693/saji-cherian.jpg

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി സജി ചെറിയാനെ വീണ്ടും സഹായിച്ച് പോലീസ്. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ തുടരന്വേഷണത്തിന് തെളിവില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി. അന്വേഷണപിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് മടക്കിയത്. സജിചെറിയാന്റെ വിവാദപ്രസംഗം ലൈവ് ചെയ്ത മൊബൈല്‍ കണ്ടെത്താനായില്ല. അക്കൗണ്ടും മരവിപ്പിച്ചു തുടങ്ങിയ ന്യായവാദങ്ങളാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ച് മാറിനില്‍ക്കേണ്ടി വന്ന പ്രസംഗത്തിനാണ് തെളിവില്ലെന്ന് പറഞ്ഞിരിക്കുന്നത്. വീഡിയോ സഹിതം നല്‍കിയ പരാതിയാണ് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. വിവാദപ്രസംഗത്തിന്റെ വീഡിയോ സഹിതം സ്വകാര്യ അന്യായം ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ആദ്യം കേസെടുത്തത്. വിവാദമായതിനെ തുടര്‍ന്ന് സജിചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കുകയും ഉണ്ടായിരുന്നു. പോലീസ് ആദ്യഘട്ടത്തില്‍ അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ അനുകൂല റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളുകയും ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം സമയബന്ധിതമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

രണ്ടു വര്‍ഷം മുമ്പായിരുന്നു ഉത്തരവ്. എന്നാല്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തലവന് നല്‍കിയത്. ഈ തലവന്‍ അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയായെന്ന് പറയാനാകൂ. കോടതിയും അംഗീകരിക്കണം. എന്നിരിക്കെ അബദ്ധജഡിലമായ റിപ്പോര്‍ട്ടാണ് തനിക്ക് മുന്നിലേക്ക് വന്നതെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശ് റിപ്പോര്‍ട്ട് മടക്കുകയായിരുന്നു.

അന്ന് ഈ പ്രസംഗം ഒരു മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ലൈവ് ചെയ്തിരുന്നു. ഈ മൊബൈല്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. പിന്നീട് ഒരു അക്കൗണ്ട് വഴിയാണ് ഇത് ലൈവ് ചെയ്തത്. അക്കൗണ്ടും പിന്നീട് നശിപ്പിക്കപ്പെട്ടു. എന്നാല്‍ സൈബര്‍ വിംഗിന്റെ സഹായത്തോടെ ഈ അക്കൗണ്ട് തിരിച്ചെടുക്കാമെന്നിരിക്കെ അത് എന്തുകൊണ്ട് ചെയ്തില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ചോദിച്ചു. രണ്ടാമത്തെ പ്രാവശ്യവും സജി ചെറിയാനെ രക്ഷിക്കണം എന്ന് ഉദ്ദേശിച്ച ലൂസ്‌ഫോള്‍ ഇട്ടുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ തുടരന്വേഷണത്തിന് ഏതൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന കാര്യം അക്കമിട്ട് നിരത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് മേധാവി റിപ്പോര്‍ട്ട് മടക്കിയത്. നാട്ടുകാര്‍ മുഴുവനും കണ്ട വിവാദ പ്രസംഗത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത് മന്ത്രിയെ സഹായിക്കാനാണ് ആക്ഷേപം.

പത്തനംതിട്ടയില്‍ നടന്ന ഒരു സാംസ്‌ക്കാരിക പരിപാടിയിലായിരുന്നു സജി ചെറിയാന്‍ വിവാദപ്രസംഗം ഉണ്ടായത്. ''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിട്ടുള്ളതെന്നാണ് നമ്മള്‍ എല്ലാവരും പറയുന്നത്. പക്ഷേ ഞാന്‍ പറയുന്നത് ഇന്ത്യയിലെ കൂടുതല്‍ ജനങ്ങളെ ഏറ്റവും കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയെന്നാണ്. ബ്രിട്ടീഷുകാര്‍ പറഞ്ഞതും തയ്യാറാക്കിക്കൊടുത്തതുമൊക്കെ വെച്ച് ഒരു ഭരണഘടന ഇന്ത്യാക്കാരന്‍ എഴുതിവെച്ചു. അതീ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഫലമായി രാജ്യത്തെ ഏതൊരാള്‍ പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്തെ ഏറ്റവും കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. മതേതരത്വം, ജനാധിപത്യം എന്നൊക്കെ എന്തോ കുന്തോം കുടച്ചക്രവുമൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.'' ഇതായിരുന്നു സജി ചെറിയാന്റെ ഭാഷ്യം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW