Saturday, March 14, 2026 Last Updated 32 Min 0 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 28 Feb 2026 01.40 AM

സഭാതര്‍ക്കം: പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മോദി; പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഉറപ്പ് നല്‍കി

തര്‍ക്കം കോടതിക്കു പുറത്തു സമവായ മാര്‍ഗത്തിലൂടെ പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി. കൂടിക്കാഴ്ച രണ്ടര മണിക്കൂര്‍ നീണ്ടു. സഭാ തര്‍ക്കം കൂടാതെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ചയായി.
uploads/news/2026/02/827658/Modi-Bava-2.jpg

കൊച്ചി: സഭകള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അന്ത്യോഖ്യയുടെയും കിഴക്കിന്റെയും പാത്രിയര്‍ക്കീസും സാര്‍വത്രിക സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയെ കാണാന്‍ കഴിഞ്ഞത് തനിക്കു ബഹുമതിയാണെന്നും വിശാലമായ വിഷയങ്ങളെക്കുറിച്ചു ഞങ്ങള്‍ മികച്ച ചര്‍ച്ച നടത്തിയെന്നും നരേന്ദ്ര മോദി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച രണ്ടര മണിക്കൂര്‍ നീണ്ടു. സഭാ തര്‍ക്കം കൂടാതെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ചയായി.
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സഭാതര്‍ക്കം കോടതിക്കു പുറത്തു സമവായ മാര്‍ഗത്തിലൂടെ പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് ആവശ്യമായ എല്ലാ പിന്തുണയും ഇടപെടലുകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഉറപ്പുനല്‍കി.

ആഗോളതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന സമാധാന ശ്രമങ്ങളെയും പ്രവര്‍ത്തനങ്ങളെയും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെയും പാത്രിയര്‍ക്കീസ് ബാവ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് ഒപ്പമായിരുന്നു പാത്രിയര്‍ക്കീസ് ബാവയുടെ ഉച്ചഭക്ഷണം.

ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്, യാക്കോബായ സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സഭാ തര്‍ക്കം പരിഹരിക്കാന്‍ ഒപ്പമുണ്ടാകുമെന്നു യാക്കോബായ സഭ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാവരും ഇരുന്നു ചര്‍ച്ചചെയേîണ്ട വിഷയമാണ്. ഒരു വിഭാഗത്തിന്റെ അഭിപ്രായമാണു കേട്ടത്. ബി.ജെ.പി. മുന്‍കൈയെടുത്തു പ്രശ്‌നപരിഹാരത്തിനു ശ്രമിക്കും. അതിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി താല്‍പര്യപ്പെട്ട പ്രകാരം ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണു പാത്രിയര്‍ക്കീസ് ബാവ ഡല്‍ഹിയിലെത്തിയത്. ബാവ ഇന്നു പത്തിനു ലബനോനിലേക്കു മടങ്ങും.
ട്വന്റി 20 പാര്‍ട്ടി എന്‍.ഡി.എയിലേക്കു വന്നതിനെത്തുടര്‍ന്നാണു നൂറു വര്‍ഷത്തിലേറെയായി നീളുന്ന മലങ്കര സഭാ തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് മുന്‍കൈയെടുത്തുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ സംബന്ധിച്ചു കഴിഞ്ഞ ദിവസം ചേര്‍ന്ന യാക്കോബായ സഭാ വര്‍ക്കിങ് കമ്മിറ്റി ചര്‍ച്ചചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW