-->
ഇന്നലെയായിരുന്നു പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വിജയ് ദേവരകൊണ്ട- രശ്മിക വിവാഹം. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരായിരുന്നു താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്. ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം കൃതി സനോണ്‍. ഇവരുടെ വിവാഹചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കിട്ടുകൊണ്ടായിരുന്നു കൃതിയുടെ ആശംസ.
‘ഈ ഫ്രെയിമില്‍ ഒരുപാട് സ്‌നേഹവും സന്തോഷവും. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍ .നിങ്ങള്‍ക്ക് ഒരേ സമയം ജീവനും സമാധാനവും തോന്നിപ്പിക്കുന്ന മനോഹരമായ ഓര്‍മ്മകളും സ്‌നേഹവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. റാഷു.. നിന്നില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, കണ്ണീരോടെയുളള ആ പുഞ്ചിരി എന്നെ വികാരഭരിതയാക്കി. ഞാന്‍ ഇതുവരെ കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശുദ്ധമായ ഹൃദയമുളള ആളുകളില്‍ ഒരാളാണ് നിങ്ങള്‍. എല്ലാ സന്തോഷത്തിനും നിങ്ങള്‍ അര്‍ഹയാണ് എന്റെ സുഹൃത്തേ. നിങ്ങള്‍ രണ്ടുപേര്‍ക്കും ഒരു വലിയ ആലിംഗനം അയയ്ക്കുന്നു’ എന്നാണ് കൃതി കുറിച്ചത്. കോക്ക്‌ടെയില്‍ 2 വില്‍ രശ്മികയും കൃതിയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
ഉദയ്പൂരിന് പുറത്ത് 50 കിലോമീറ്റര്‍ അകലെയുളള ഐടിസി മെമെന്റോസ് എന്ന ആഢംബര ഹോട്ടലില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മികയുടെ കഴുത്തില്‍ താലികെട്ടിയത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുളള തെലുങ്ക് രീതിയിലുളള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകള്‍ കര്‍ണാടകയിലെ കൂര്‍ഗിലായതിനാല്‍ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുളള കൊടവ ചടങ്ങിലും വിവാഹച്ചടങ്ങുകള്‍ നടത്തി. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.