-->
.
കൊച്ചി: മോദി- പാത്രിയര്‍ക്കീസ് ബാവ കൂടിക്കാഴ്‌ച ഇന്ന് ഉച്ചയ്‌ക്ക് സഭാ തര്‍ക്കത്തിലെ സമവായ സാധ്യത രാഷ്‌ട്രീയ നേട്ടമാക്കാന്‍ ബി.ജെ.പി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയും ഇന്നു ന്യൂഡല്‍ഹിയില്‍ നടത്തുന്ന കൂടിക്കാഴ്‌ച രാഷ്‌ട്രീയ നേട്ടമാക്കാന്‍ ബി.ജെ.പി.
യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയും ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബും കൂടിക്കാഴ്‌ചയില്‍ സംബന്ധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍നിന്നു പാത്രിയര്‍ക്കീസ് ബാവ ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. ഇന്ന് ഉച്ചയ്‌ക്ക് 12.15നു പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്‌ച. കോട്ടയത്ത് ഓര്‍ത്തഡോക്‌സ് സഭാ സിനഡ് നടക്കുന്നതിനിടെയാണ് ഇവരുടെ കൂടിക്കാഴ്‌ച എന്നതും ശ്രദ്ധേയമാണ്.
സഭാ തര്‍ക്കത്തിനു പരിഹാരമോ അയവോ ഉണ്ടായാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ അതു നേട്ടമാകുമെന്നാണു ബി.ജെ.പിയുടെ പ്രതീക്ഷ. ഇരു കാതോലിക്കമാരുമായും മോദി നേരത്തെ ചര്‍ച്ച നടത്തിയതാണെങ്കിലും ഫലം കണ്ടിരുന്നില്ല. സഭാ തര്‍ക്കത്തില്‍ ഇടതു-വലതു മുന്നണികള്‍ രാഷ്‌ട്രീയനേട്ടമുണ്ടാക്കി വരികയാണെന്നും തര്‍ക്കം പരിഹരിക്കാന്‍ തങ്ങള്‍ മുന്‍കൈയെടുക്കുമെന്നുമാണു ബി.ജെ.പിയുടെ വാഗ്‌ദാനം. ഇരു സഭാ വിശ്വാസികള്‍ക്കും ഇതു പ്രതീക്ഷ നല്‍കുന്നുണ്ട്.
അതേസമയം, ബി.ജെ.പി. ഇരുസഭകളുമായും ബാന്ധവത്തിനു ശ്രമിക്കുന്നത് ഇടതു വലതു മുന്നണികളെ ഒരുപോലെ വലയ്‌ക്കുന്നുണ്ട്. മലങ്കര ചര്‍ച്ച് ബില്‍ കൊണ്ടുവന്ന് ഇടതുസര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു വിശ്വാസികളുടെ പ്രതീക്ഷ. യാക്കോബായ സഭയുടെ അസ്‌തിത്വം സംരക്ഷിക്കപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പലവട്ടം സഭാ വേദികളില്‍ പ്രഖ്യാപിച്ചതു വിശ്വാസികള്‍ക്കു വലിയ പ്രതീക്ഷയും നല്‍കിയിരുന്നു. എന്നാല്‍, ഇടതു സര്‍ക്കാരിനു നിയമം കൊണ്ടുവരാനുള്ള സമയം ഇനിയില്ല.
അധികാരത്തില്‍ വന്നാല്‍ സഭാ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കളും പ്രസ്‌താവിച്ചിട്ടുണ്ട്. അതിനിടെയാണ് അപ്രതീക്ഷിതമായി ട്വന്റി 20 പാര്‍ട്ടി ബി.ജെ.പി. മുന്നണിയിലെത്തുന്നത്. സഭാ തര്‍ക്കം പരിഹാരിക്കാന്‍ സാധിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍, നേട്ടമാകുമെന്നു ബി.ജെ.പിയും പ്രതീക്ഷിക്കുന്നു.
യാക്കോബായ സമുദായാംഗമായ സാബു എം. ജേക്കബാണ് ഇന്നത്തെ കൂടിക്കാഴ്‌ചയ്‌ക്കു മുന്‍കൈയെടുത്തത്. പാത്രിയര്‍ക്കീസുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്ന കാര്യം അദ്ദേഹം കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്ക ബാവയെ നേരില്‍കണ്ട് അറിയിച്ചിരുന്നു. ട്വന്റി 20 പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ നിരവധി പേര്‍ യാക്കോബായ, കത്തോലിക്ക സമുദായാംഗങ്ങളാണ്. പ്രധാനമന്ത്രി ഇടപെട്ടു സഭാ തര്‍ക്കം പരിഹരിക്കാനായാല്‍, മറ്റു സഭകള്‍ക്കും അതു പ്രതീക്ഷ നല്‍കുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
അതേസമയം, സഭാ തര്‍ക്ക വിഷയത്തില്‍, സുപ്രീം കോടതി നിര്‍ദ്ദേശിച്ച ആറു കാര്യങ്ങളില്‍ ഹൈക്കോടതി വാദംകേട്ടു വിധി പറയാനിരിക്കുകയാണ്. കത്തോലിക്ക വിഭാഗങ്ങളുമായും ബി.ജെ.പി. നല്ല ബന്ധത്തിലാണ്. മുനമ്പം വഖഫ് വിഷയത്തില്‍ പിന്തുണ നല്‍കി. കഴിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലങ്ങളില്‍ ക്രൈസ്‌തവരുടെ സഹായത്താല്‍ വിജയിക്കാനാവുമെന്നാണു ബി.ജെ.പി. വിലയിരുത്തല്‍. ഇന്നു പാത്രിയര്‍ക്കീസുമായി നടത്തുന്ന കൂടിക്കാഴ്‌ചയ്‌ക്കു പിന്നാലെ മറ്റു സഭകളിലെ തലവന്മാരുമായും കൂടിക്കാഴ്‌ചയുണ്ടാകും.
ജെബി പോള്‍