Friday, March 13, 2026 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 03.25 PM

ഉരുകുന്ന ചൂട്!, രണ്ടിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, 8 പ്രദേശങ്ങളില്‍ മഞ്ഞ ജാഗ്രത

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് രണ്ടിടങ്ങളില്‍. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ട് ആണ് രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അള്‍ട്രാ വയലറ്റ് സൂചിക എട്ടുമുതല്‍ പത്ത് വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ആറു മുതല്‍ ഏഴ് വരെയാണ് അള്‍ട്രാവയലറ്റ് സൂചിക.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ UV സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയര്‍ന്നതായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Ads by Google
Thursday 26 Feb 2026 03.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW