-->
കോട്ടയം: പിന്‍വാതില്‍ നിയമനത്തില്‍ റെക്കോര്‍ഡിട്ടവരാണ് പി.എസ്.സി. പ്രായപരിധി കൂട്ടുമെന്ന് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണ്.
10 വര്‍ഷമായി ചെയ്യാന്‍ മടിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തേത് ശമ്പള കമ്മിഷന്‍ പ്രഖ്യാപനം. 2024-ല്‍ കമ്മിഷന്‍ പ്രഖ്യാപിച്ച് അതിന്റെ ശിപാര്‍ശകള്‍ നടപ്പാക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഈ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുമ്പോഴേക്കും അടുത്ത സര്‍ക്കാര്‍ നിലവില്‍ വരും. സാമ്പത്തിക ബാധ്യത പുതിയ സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. പോകുന്ന പോക്കിലാണ് പി.എസ്.സി. പരീക്ഷ എഴുതാനുള്ള പ്രായപരിധി ഉയത്തിയത്. റാങ്ക് ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം നല്‍കാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടില്‍ ഇഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും എത്രയോ സഹന സമരങ്ങള്‍ നടത്തി. എന്നിട്ടും നടപടിയുണ്ടായില്ലെന്ന് സതീശന്‍ പറഞ്ഞു.
2021-ല്‍ 1600 രൂപ പെന്‍ഷന്‍ 2500 ആക്കുമെന്ന് പ്രഖ്യാപിച്ചു. നാലേമുക്കാല്‍ വര്‍ഷവും ചില്ലിക്കാശ് കൂട്ടിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 400 രൂപ കൂട്ടിയത്. തെരഞ്ഞെടുപ്പിനു മുന്‍പ് രണ്ട് മാസം പെന്‍ഷന്‍ നല്‍കിയാല്‍ മതി. പെന്‍ഷന്‍ തുക 900 രൂപ കൂട്ടിക്കിട്ടുമെന്നു കരുതി പാവങ്ങളായ നിരവധി പേര്‍ ഇവര്‍ക്ക് വോട്ട് ചെയ്‌തു. തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പിന്നീടാണ് ജനങ്ങള്‍ക്ക് മനസിലായത്. ആഗോള അയ്യപ്പ സംഗമത്തില്‍ മോഷ്‌ടിച്ചവര്‍ തന്നെയാണ് നടപടി എടുക്കേണ്ടത്. 600 പേര്‍ പങ്കെടുത്ത പരിപാടിയില്‍ 12 കോടി രൂപയാണ് അടിച്ചുമാറ്റിയത്. സ്‌പോണ്‍സര്‍ഷിപ്പിന് പോലും കണക്കില്ല. ഇല്ലാത്ത വൗച്ചറും കള്ളക്കണക്കും എഴുതി അയ്യപ്പന്റെ പേരില്‍ നടത്തിയ തട്ടിപ്പാണ് ആഗോള അയ്യപ്പ സംഗമം. സ്വര്‍ണം മോഷ്‌ടിച്ചിട്ടും മതിയാകാതെ തുടരുകയാണ്. കേരളത്തെ അപമാനിക്കുന്നതിന് വേണ്ടി ഇല്ലാത്ത കഥകളുണ്ടാക്കി സംഘിപരിവാറിന്റെ പിന്തുണയോടെയുള്ള കേരള സ്‌റ്റേറിയെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.
'ഇരുവര്‍' പേരെങ്കിലും മാറ്റാമായിരുന്നു
കേരളത്തിലെ മുഖ്യമന്ത്രി അറിയപ്പെടുന്ന നടനുമായി അഭിമുഖം നടത്തുന്നതില്‍ ഒരു തെറ്റുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പക്ഷെ 2008-ല്‍ ഉമ്മന്‍ ചാണ്ടി ഇതുപോലൊരു അഭിമുഖം നടത്തിയിരുന്നു. അന്നിട്ട പേരാണ് 'ഇരുവര്‍'. ആ പേരെങ്കിലും മാറ്റാമായിരുന്നു. ഇടയ്‌ക്കൊക്കെ മുഖ്യമന്ത്രി ചിരിക്കുന്നത് നമ്മളും കാണട്ടെ. സാധാരണയായി ഉത്തരം പറയാറില്ലല്ലോ. മന്‍ കി ബാത്ത് ആണല്ലോ. ഇങ്ങോട്ട് പറയാറല്ലേയുള്ളൂ. ശരിക്കുള്ള അഞ്ചാമത്തെ ചോദ്യം വരുമ്പോള്‍ എഴുന്നേല്‍ക്കുന്നതാണല്ലോ പതിവ്. മോഹന്‍ലാലിനോടെങ്കിലും മുഖ്യമന്ത്രി മറുപടി പറയട്ടെന്നും സതീശന്‍ പറഞ്ഞു.