-->
പുതുക്കാട്: ചികിത്സാപ്പിഴവില്‍ കാഴ്‌ച നഷ്‌ടപ്പെട്ട യുവാവിന്റെ കുടുംബം തൃശൂര്‍ മെഡിക്കല്‍ കോളജിനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്.
2023ല്‍ കാല്‍ മുട്ടുവേദനയ്‌ക്കുള്ള ചികിത്സയ്‌ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയ തൃക്കൂര്‍ മുളങ്കാട്ടുപറമ്പില്‍ സനൂപിന്റെ ഇരു കൃഷ്‌ണമണികളും നീക്കം ചെയ്യാനായുള്ള ശസ്‌ത്രക്രിയ നടത്തിയെന്നും മെഡിക്കല്‍ കോളജിന്റെ അനാസ്‌ഥ മൂലം കാഴ്‌ച നഷ്‌ടമായെന്നുമാണു പരാതി.
മുട്ടുവേദനയ്‌ക്കുള്ള ചികിത്സയ്‌ക്കിടെ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസിലായിട്ടില്ല. എന്തിനാണ് എന്റെ കണ്ണുകള്‍ എടുത്തതെന്നാണ് 38 കാരനായ സനൂപിന്റെ ചോദ്യം.അച്‌ഛനും അമ്മയും ഒന്നാംക്ല ാസുകാരനായ മകനും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ എല്ലാമായിരുന്നു സനൂപ്. ടൈല്‍സ് പണിക്ക് പോയാണ് സനൂപ് കുടുംബം നോക്കിയിരുന്നത്. ഇരുന്ന് ജോലിയെടുക്കുന്നതിന് മുട്ടുവേദന തടസമായി മാറിയതോടെയാണ് ചികിത്സിക്കാമെന്ന് തീരുമാനിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അച്‌ഛനെയും കൂട്ടി ബൈക്ക് ഓടിച്ചാണ് സനൂപ് പോയത്. എന്നാല്‍, ആ യാത്ര എന്നെന്നേക്കുമായുള്ള കൂരിരുട്ടിലേക്കാകുമെന്ന് സനൂപ് കരുതിയില്ല. ആശുപത്രിയുടെ തറയില്‍ കിടത്തി ആദ്യം മുട്ടുവേദനയ്‌ക്കുള്ള ചികിത്സ തുടങ്ങി. കയ്യില്‍ ക്യാനുല ഇട്ട സ്‌ഥലത്ത് വേദനയും തടിപ്പും അനുഭവപ്പെട്ടതോടെ നഴ്‌സുമാരോട് പറഞ്ഞെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
അപ്പോഴേക്കും കൈയിലാകെ അണുബാധ പടര്‍ന്നിരുന്നു. ഓര്‍മ്മ മങ്ങി, വായില്‍ നിന്നും മൂക്കില്‍ നിന്നും രക്‌തം വന്നു തുടങ്ങിയപ്പോള്‍ ഐ.സി.യുവിലേക്ക് മാറ്റി. സനൂപിന്റെ രോഗാവസ്‌ഥയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കുടുംബത്തോട് ഒന്നും പറഞ്ഞില്ല.
പിന്നീട് കണ്ണിനു ശസ്‌ത്രക്രിയ വേണമെന്ന് അറിയിച്ചു. ശസ്‌ത്രക്രിയയ്‌ക്കായുള്ള സമ്മതപത്രത്തില്‍ അബോധാവസ്‌ഥയില്‍ ആയിരുന്ന മകന്റെ കൈ കൂട്ടിപ്പിടിച്ച് സനൂപിന്റെ അമ്മ വത്സല ഒപ്പിടീപ്പിച്ചു. ഇരു കൃഷ്‌ണമണികളും നീക്കം ചെയ്യാനായുള്ള ശസ്‌ത്രക്രിയ ആണെന്ന് വത്സലയ്‌ക്ക് മനസിലായില്ല.
ശസ്‌ത്രക്രിയയ്‌ക്കുശേഷം കണ്ണിന്റെ കെട്ട് അഴിച്ചപ്പോഴാണ് കുടുംബവും സനൂപും ഈ വിവരം അറിയുന്നത്. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ നിര്‍ബന്ധിത ഡിസ്‌ചാര്‍ജ് നല്‍കി ജില്ലാ ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അപ്പോഴും സ്വയം ആവശ്യപ്പെട്ടതുകൊണ്ടുള്ള ഡിസ്‌ചാര്‍ജ് എന്ന കള്ള രേഖയാണ് ഒപ്പം കൊടുത്തയച്ചത്.
ജില്ലാ ആശുപത്രിയിലും ചികിത്സയ്‌ക്ക് ഡോക്‌ടറുടെ കാല്‍ പിടിക്കേണ്ടി വന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആശുപത്രി അധികൃതര്‍ വിട്ടു നല്‍കിയിരുന്നില്ല. പിന്നീട് വിവരാവകാശ നിയമത്തിലൂടെയാണ് ഇത് നേടിയെടുത്തത്. പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സനൂപിന്റെ ചികിത്സയ്‌ക്ക് നേതൃത്വം നല്‍കിയ ഡോക്‌ടര്‍ സ്‌ഥലം മാറിപ്പോയതുകൊണ്ട് ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പ്രായമായ അമ്മ അടുത്തുള്ള വീടുകളില്‍ ജോലിക്ക് പോയാണ് ഇപ്പോള്‍ കുടുംബം പോറ്റുന്നത്. നീതി തേടി ഇനി എവിടെ പോകണം എന്നു പോലും അറിയാതെ ഇരുട്ടില്‍ കഴിയുകയാണ് ഈ കുടുംബം.