Friday, March 13, 2026 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
ജെബി പോള്‍
Monday 23 Feb 2026 11.42 PM

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌; സഭകള്‍ക്ക്‌ മുറവിളി, പ്രതിപക്ഷത്തിന്‌ മൗനം, മിക്കവാറും ശിപാര്‍ശകള്‍ നടപ്പാക്കിയെന്ന്‌ സര്‍ക്കാര്‍

റിപ്പോര്‍ട്ട്‌ പുറത്തുവിടുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ വേണ്ടത്ര സമ്മര്‍ദം ചെലുത്തുന്നില്ലെന്നാണു സഭകളുടെ പരാതി. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ ഒരു സമ്മേളത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടതല്ലാതെ പിന്നീട്‌ പ്രതികരണമൊന്നും ഉണ്ടായില്ല.
uploads/news/2026/02/826918/k4.jpg

കൊച്ചി: ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരണം, നടപ്പാക്കല്‍ സംബന്ധിച്ചു ക്രൈസ്‌തവ സഭകളും സംഘടനകളും ശബ്‌ദമുയര്‍ത്തുമ്പോള്‍ പ്രതിപക്ഷത്തിനു പ്രതികരണമില്ല. റിപ്പോര്‍ട്ടിലെ മിക്കവാറും ശിപാര്‍ശകള്‍ നടപ്പാക്കിയെന്ന്‌ സര്‍ക്കാരും.
റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്നാവശ്യപ്പെട്ടു കേരള ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന കണ്‍വന്‍ഷനുകള്‍ക്ക്‌ മാര്‍ച്ച്‌ ഒന്നിനു വൈപ്പിനില്‍ തുടക്കമാകും. തീരദേശ മണ്ഡലങ്ങളിലാണ്‌ ആദ്യം നടക്കുക.

റിപ്പോര്‍ട്ട്‌ പുറത്തുവിടുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ വേണ്ടത്ര സമ്മര്‍ദം ചെലുത്തുന്നില്ലെന്നാണു സഭകളുടെ പരാതി. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ ഒരു സമ്മേളത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടതല്ലാതെ പിന്നീട്‌ പ്രതികരണമൊന്നും ഉണ്ടായില്ല. ബി.ജെ.പിയും നിലപാട്‌ വ്യക്‌തമാക്കിയിട്ടില്ലെന്നു സഭാവൃത്തങ്ങള്‍ പറഞ്ഞു.

ഫലത്തില്‍, സഭകളുടെ സമ്മര്‍ദം ശക്‌തമായിരിക്കുന്നതു സര്‍ക്കാരിന്റെ മേലാണ്‌. വൈകാതെ റിപ്പോര്‍ട്ട്‌ പുറത്തുവിടുമെന്നാണു മന്ത്രി വി. അബ്‌ദു റഹ്‌മാന്‍ പറയുന്നത്‌.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പാണ്‌ ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷനെ നിയമിക്കുന്നത്‌. കേരളത്തിലെ ക്രൈസ്‌തവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. തെരഞ്ഞെടുപ്പു മുന്നില്‍കണ്ടു ൈക്രസ്‌തവ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ്‌ ഇടതുസര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിട്ടത്‌. എന്നാല്‍, പിന്നീടു സര്‍ക്കാരിന്‌ ഇതില്‍ താല്‍പര്യം കുറഞ്ഞുവെന്നാണ്‌ ആരോപണം.

വീണ്ടും തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തില്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടുമെന്നാണു സര്‍ക്കാര്‍ പറയുന്നത്‌. ഒപ്പം റിപ്പോര്‍ട്ടിലെ മിക്കവാറും ശിപാര്‍ശകള്‍ നടപ്പാക്കിയെന്നും. എന്നാല്‍, റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്നറിഞ്ഞാല്‍ മാത്രമേ നടപ്പാക്കിയതും നടപ്പാക്കാത്തതും അറിയാന്‍ കഴിയൂവെന്നാണു സഭകള്‍ പറയുന്നത്‌. കഴിഞ്ഞ 21 നു സഭകളുടെ യോഗം വിളിച്ചെങ്കിലും മാറ്റിവയ്‌ക്കുകയായിരുന്നു.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ സഭാ നേതൃത്വം രൂക്ഷവിമര്‍ശനമാണ്‌ ഉന്നയിച്ചിരുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തെത്തി നില്‍ക്കുന്ന പശ്‌ചാത്തലത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം.

സമുദായം മറുപടി നല്‍കുമെന്ന്‌
കത്തോലിക്ക കോണ്‍ഗ്രസ്‌

നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ൈക്രസ്‌തവ സമുദായം മറുപടി നല്‍കുമെന്നാണു കത്തോലിക്ക കോണ്‍ഗ്രസ്‌ കേന്ദ്രസമിതിയുടെ മുന്നറിയിപ്പ്‌. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നയം അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണെന്നും സമിതി വിലയിരുത്തി.

രാഷ്‌ട്രീയ പാര്‍ട്ടികള്‍
നിലപാട്‌ പ്രഖ്യാപിക്കണം

റിപ്പോര്‍ട്ടിന്മേല്‍ വിവിധ രാഷ്‌ട്രീയ മുന്നണികളും പാര്‍ട്ടികളും പരസ്യമായി നിലപാട്‌ പ്രഖ്യാപിക്കണമെന്ന്‌ കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ ലെയ്‌റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പഠനറിപ്പോര്‍ട്ട്‌ പുറത്തുവിടാതെ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്‌ട്രീയ നാടകത്തിനപ്പുറം മുഖവിലയ്‌ക്കെടുക്കാനാവില്ല.
റിപ്പോര്‍ട്ട്‌ പുറത്തുവിടാതെ ശിപാര്‍ശകളിന്മേല്‍ ചര്‍ച്ചയ്‌ക്കില്ല. സഭകള്‍ക്കുള്ളിലേക്കു നുഴഞ്ഞുകയറുവാനുള്ള പുതിയ മാര്‍ഗമായി ശിപാര്‍ശകളെ ഭരണനേതൃത്വങ്ങള്‍ വളച്ചൊടിക്കുന്നതു ഗൗരവമായി കാണണമെന്ന്‌ സെക്രട്ടറി വി.സി. സെബാസ്‌റ്റ്യന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്‌ ഉടന്‍ പുറത്തുവിടുമെന്ന്‌
ജോസ്‌ കെ. മാണി

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടുമെന്ന്‌ ജോസ്‌ കെ. മാണി.
കന്യാസ്‌ത്രീകളുടെ പെന്‍ഷന്‍ പ്രഖ്യാപിച്ചതു റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌. അധ്യാപക നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം ഉണ്ടാകും.

മുഖ്യമന്ത്രി പറയുന്നത്‌

ജസ്‌റ്റിസ്‌. ജെ.ബി. കോശി കമ്മിഷന്റെ ശിപാര്‍ശകളിന്മേല്‍ സാധ്യമായതെല്ലാം ചെയ്‌തു. 220 ശിപാര്‍ശകള്‍ നടപ്പാക്കി. ബാക്കിയുള്ളവയില്‍ ആശയക്കുഴപ്പം മാറ്റാന്‍ യോഗം ചേരും.
284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളുമാണു പരിഗണിച്ചത്‌. 17 വകുപ്പുകള്‍ പൂര്‍ണമായി ശിപാര്‍ശ നടപ്പിലാക്കി. 220 ശിപാര്‍ശകളിലും ഉപശിപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കി.

കമ്മിഷന്റെ പ്രധാന
ശിപാര്‍ശകള്‍:

പിന്നാക്ക ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം 4% ല്‍ നിന്ന്‌ 6% ആയി വര്‍ധിപ്പിക്കുക. ഈ വര്‍ധന ലത്തീന്‍ ആംോ ഇന്ത്യന്‍, നാടാര്‍, പരിവര്‍ത്തിത ക്രൈസ്‌തവര്‍ എന്നിവര്‍ക്കുവേണ്ടി 3:2:1 എന്ന അനുപാതത്തില്‍ വിഭജിക്കുക.
സ്വാശ്രയ മെഡിക്കല്‍, നഴ്‌സിങ്‌, പാരാ മെഡിക്കല്‍ സ്‌ഥാപനങ്ങള്‍ സര്‍ക്കാരിനു വിട്ടുനല്‍കുന്ന 50% സീറ്റില്‍ 20% സീറ്റുകള്‍ സ്‌ഥാപന മാനേജ്‌മെന്റ്‌ പ്രതിനിധീകരിക്കുന്ന വിഭാഗത്തിനു വേണ്ടി കമ്യൂണിറ്റി സീറ്റായി മാറ്റുക.

സര്‍ക്കാര്‍ സര്‍വീസുകളിലെ ക്രിസ്‌ത്യാനികള്‍, നാടാര്‍, പരിവര്‍ത്തിത ക്രൈസ്‌തവര്‍ എന്നിവരുടെ കുറവു നികത്താന്‍ പ്രത്യേക നിയമനം.
പട്ടികജാതിക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ദലിത്‌ ക്രൈസ്‌തവര്‍ക്കും നല്‍കണം.
സര്‍ക്കാര്‍ ജോലികളില്‍ ലത്തീന്‍ കത്തോലിക്കരുടെയും ദലിത്‌ക്രൈസ്‌തവരുടെയും പ്രാതിനിധ്യം പഠിക്കാന്‍ പ്രത്യേക സമിതി.
ക്രിസ്‌തീയ വിശ്വാസത്തെ അപമാനിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള രേഖാമൂലമുള്ള പരാതികളില്‍ നിയമനടപടി സ്വീകരിക്കുക.
ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ആനുപാതികമായ ക്രിസ്‌ത്യന്‍ പ്രാതിനിധ്യം ഉറപ്പാക്കുക.

ജെബി പോള്‍

Ads by Google
ജെബി പോള്‍
ജെബി പോള്‍
Monday 23 Feb 2026 11.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW