-->
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം ചർച്ചയാകാതിരിക്കാനും അത് ഒതുക്കിത്തീർക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ . തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിലപാടുകൾ അവസരവാദപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം സർക്കാരിനെയും പോലീസിനെയും ദുരുപയോഗിച്ച് സ്വർണക്കൊള്ള മറയ്ക്കാൻ ശ്രമിക്കുന്നു. എസ്. ഐ ടി അന്വേഷിച്ചിട്ട് എന്ത് കിട്ടിയെന്നും മന്ത്രിമാരിലേക്ക് അന്വേഷണങ്ങൾ ചെന്നെത്തുമ്പോൾ തന്ത്രിയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒരു ഫയലും മറ്റാർക്കും കൈകാര്യം ചെയ്യാനാകില്ല. എസ് ഐ ടി യിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു . സർക്കാർ ഭക്തരുടെ വികാരങ്ങളെ മാനിക്കാതെയാണ് പ്രവർത്തിച്ചതെന്നും, ഇപ്പോൾ തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി മാത്രം വിഷയത്തിൽ മൃദുസമീപനം സ്വീകരിക്കുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി .
കേരളത്തിലെ വികസന മുരടിപ്പിനെക്കുറിച്ചും കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിലെ വീഴ്ചകളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വിമർശനം ഉന്നയിച്ചു . ശബരിമല വിഷയത്തിൽ ബിജെപി എന്നും വിശ്വാസികൾക്കൊപ്പമാണെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിലപാടുകൾ മാറ്റുന്നവരല്ല തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശബരിമല വീണ്ടും പ്രധാന ചർച്ചാവിഷയമായി ഉയർന്നു വരുന്ന സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.