-->
അമ്പലപ്പുഴ: വിവാദങ്ങള്‍ തുടരുന്നതിനിടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ശ്രമം. ഈ മാസം 25 ന് മുന്‍പ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാര്‍ വിവിധ വകുപ്പ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഗൈനക്കോളജി വിഭാഗത്തില്‍ ജീവനക്കാര്‍ കുറവാണെന്നു മുന്‍ വകുപ്പ് മേധാവിയും കേസിലെ പ്രതിയുമായ ഡോ. ലളിതാംബിക ആരോപിച്ചിരുന്നു. ഈ ആരോപണം നിഷേധിച്ചു കൊണ്ട് ആരോഗ്യമന്ത്രിയും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഡോ. ലളിതാംബികയുടെ ആരോപണം ശരിവെക്കുന്ന തരത്തില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികള്‍ക്ക് രേഖാമൂലം കത്തയച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഒരു വിലയിരുത്തല്‍ നടത്തണമെന്നാണ് പ്രധാന നിര്‍ദേശം. പുതിയ തസ്‌തികകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ എല്ലാ വകുപ്പ് മേധാവികളും അടിയന്തിരമായി സമര്‍പ്പിക്കണം. നിലവിലുള്ള സ്‌ഥിരം ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, എച്ച്.ഡി.എസ് വഴി നിയമിക്കപ്പെട്ടവര്‍ എന്നിവരുടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കണം. ഇതിന്റെ അടിസ്‌ഥാനത്തിലായിരിക്കണം പ്ര?പ്പോസലുകള്‍ സമര്‍പ്പിക്കേണ്ടത്. ഏതെല്ലാം വിഭാഗങ്ങളില്‍ പുതിയ തസ്‌തികകള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തണം. ഇത് നിശ്‌ചിത മാതൃകയില്‍ തയാറാക്കി നല്‍കണം. സാമ്പത്തിക ബാധ്യതയും ആവശ്യകതയും ഇതില്‍ വ്യക്‌തമാക്കണമെന്ന് നിര്‍ദേശമുണ്ട്.
നഴ്‌സിംഗ് അസിസ്‌റ്റന്റ്, ഗ്രേഡ് അറ്റന്‍ഡന്റ് എന്നീ തസ്‌തികകളില്‍ അടിയന്തിര നിയമനം നടത്തുന്നത് സംബന്ധിച്ച് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും നിര്‍ദേശമുണ്ട്.