-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്‌ഠര് രാജീവര്‍ക്കു ജാമ്യം അനുവദിച്ചുള്ള കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി).
ഈ വിഷയം ദേവസ്വം ബോര്‍ഡിന്റെ ബെഞ്ചില്‍ കൊണ്ടു വരാനാകും എസ്.ഐ.ടി. ശ്രമിക്കുക. കോടതി നിരീക്ഷണങ്ങള്‍ കേസിന് തിരിച്ചടിയാണെന്ന് അറിയിക്കും. ജാമ്യ ഹര്‍ജിക്കെതിരേ അപ്പീല്‍ നല്‍കിയാല്‍ ഈ ബെഞ്ചിന് പുറത്താകും നല്‍കേണ്ടത്. ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള നീക്കം.
വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും നിരീക്ഷണങ്ങള്‍ കേസിനെ ബാധിക്കുമെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനുമാണ് എസ്.ഐ.ടിയുടെ ശ്രമം. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. അറസ്‌റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്കു ജാമ്യം ലഭിച്ചത്.
തന്ത്രിക്കെതിരേയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതല്ല എന്ന കോടതിയുടെ നിരീക്ഷണം കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തല്‍. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് (ഗുണദോഷങ്ങള്‍) കടന്നുള്ള നിരീക്ഷണങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍, കൊല്ലം വിജിലന്‍സ് കോടതി ഇത് ലംഘിച്ചുവെന്നാണ് എസ്.ഐ.ടി. ചൂണ്ടിക്കാട്ടുന്നത്.
കോടതി പരാമര്‍ശങ്ങള്‍ ആയുധമാക്കി പ്രതിപക്ഷം കടന്നാക്രമണം തുടങ്ങിയതോടെ വിഷയം രാഷ്‌ട്രീയമായും സര്‍ക്കാരിന് ക്ഷീണമായിട്ടുണ്ട്. വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ പ്രാഥമികലക്ഷ്യം. നിയമവിദഗ്‌ധരുമായി എസ്.ഐ.ടി. ഇന്നു കൂടിക്കാഴ്‌ച നടത്തും. അതിനു ശേഷം തീരുമാനം ഉണ്ടാകും. ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കിയാല്‍ മാത്രമേ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ എസ്.ഐ.ടിക്ക് ആത്മവിശ്വാസം ലഭിക്കൂ. അതുകൊണ്ടാണ് ഹൈക്കോടതിയില്‍ വിഷയം എത്തിക്കുന്നത്.
ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ഹൈക്കോടതിയിലേക്ക് എത്തിയാല്‍ ഈ പരാമര്‍ശങ്ങള്‍ നീക്കംചെയ്യാനും ജാമ്യം നല്‍കിയ ഉത്തരവ് ചോദ്യംചെയ്യാനുമുള്ള സാധ്യതയുണ്ടാകും.