-->
പാലാ: കോണ്‍ഗ്രസിന്റെ പുതുയുഗയാത്ര പാലായിലെത്തുമ്പോള്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാപ്പുപറയണമെന്നു ബി.ജെ.പി. സംസ്‌ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്.
പാലാ മീഡിയാ അക്കാദമിയില്‍ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പള്ളി പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച മാര്‍ കല്ലറങ്ങാട്ടിനെതിരേ എട്ടു കേസാണ് രജിസ്‌റ്റര്‍ ചെയ്‌തത്. അന്ന് അദ്ദേഹത്തെ തുറുങ്കില്‍ അടയ്‌ക്കണമെന്നാണു വി.ഡി. സതീശന്‍ ആവശ്യപ്പെട്ടത്. പുതുയുഗയാത്രയുമായി പാലയിലെത്തുമ്പോള്‍ മാര്‍ കല്ലറങ്ങാട്ടിനോട് മാപ്പുപറയാന്‍ സതീശന്‍ സന്മനസ് കാണിക്കണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
‘‘കേരളത്തിൽ രാഷ്ട്രീയകാർ അധികം സംസാരിച്ചു കേൾക്കാത്ത ഒരു വിഷയമാണ് വർധിച്ചു വരുന്ന ലഹരി ഉപയോഗം. അത് മനഃപൂർവ്വം ഒരു തലമുറയെ ലഹരിയുടെ അടിമത്തത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢ നീക്കമാണോ എന്ന്പോലും നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു. കല്ലറങ്ങാട്ട് പിതാവിനെ പോലെയുള്ള ആത്മീയ നേതാക്കൾ ഈ വിപത്തിനെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പ് കൊടുത്തപ്പോൾ അദ്ദേഹത്തിനെ ജയിലിൽ ഇടാൻ ഒന്നിച്ചു ശ്രമിച്ചവരാണ് ഇവിടുത്തെ ഭരണ പക്ഷവും പ്രതിപക്ഷവും.
കേരളത്തിൽ ഒഴുകുന്ന ലഹരി മൂലം തകർന്ന കുടുംബങ്ങൾ നിരവധിയാണ്. അതിന്റെ പേരിൽ ഈ നാട്ടിൽ വീഴുന്ന അമ്മമാരുടെ കണ്ണുനീരിനു ഇവിടുത്തെ സിസ്റ്റം തന്നെയാണ് ഉത്തരവാദി. 12 ഉം 25 നും ഇടയിൽ പ്രായമുള്ള മക്കൾ ഉള്ള വീട്ടുകാർ തങ്ങളുടെ മക്കൾ ആൺ പെൺ വ്യത്യാസമില്ലാതെ ലഹരിക്കടിമപ്പെടുമോ എന്ന ഭയത്തിലാണ് കഴിഞ്ഞുപോകുന്നത്. ’’ അദ്ദേഹം പറഞ്ഞു.