-->
തിരുവനന്തപുരം: സര്‍ക്കാര്‍ ബ്രാണ്ടിയുടെ പേരില്‍ വീണ്ടും മാറ്റം.'മലബാര്‍ മിസ്റ്ററി' പേര് മാറ്റി 'മിന്നല്‍ മാജിക്' എന്നാക്കി. ഒരു മാസത്തിനകം ഉല്‍പ്പന്നം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെത്തും. മലബാര്‍ ഡിസ്റ്റല്ലറീസ് നിര്‍മ്മാണോത്ഘാടന ചടങ്ങില്‍ എക്‌സൈസ് മന്ത്രി എം പി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. അരലിറ്ററിന്റെ മദ്യം 400 രൂപയ്ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
നേരത്തെ പൊതുജനങ്ങളില്‍ നിന്ന് പേര് സ്വീകരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാന്‍ഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നല്‍കുമെന്നും നേരത്തെ ബെവ്‌കോ എംഡി പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍.
അബ്കാരി ചട്ടങ്ങളുടെ ലംഘനമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയില്‍ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. 13, 500 കെയ്‌സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റര്‍ കുപ്പിയിലാണ് ഉത്പാദനം. നിലവില്‍ സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്നത് ജവാന്‍ റം മാത്രമാണ്.