-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ കെപിസിസി അദ്ധ്യക്ഷ സ്ഥാനം മാറിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ബെന്നി ബഹന്നാനെ കെപിസിസി അദ്ധ്യക്ഷന്‍ ആക്കാനുള്ള ആലോചന ഹൈക്കമാന്റ് തള്ളി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ സണ്ണി ജോസഫ് തുടരട്ടെയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുകയും പ്രചരണം നയിക്കുകയും ചെയ്യേണ്ട സമയത്ത് കെപിസിസി അധ്യക്ഷനെ മാറ്റുന്നത് ഉചിതമല്ലെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഇതോടെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. അതേസമയം തന്നെ അദ്ദേഹം പേരാവുരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും സംഘടനയുടെ പ്രവര്‍ത്തനവും ഏകോപിപ്പിച്ച് കൊണ്ടുപോകാനാകുമെന്ന് സണ്ണിജോസഫ് ഹൈക്കമാന്റിന് ഉറപ്പും നല്‍കിയിട്ടുണ്ട്.
ഭരണം ലഭിച്ച് സര്‍ക്കാരില്‍ തത്തുല്യ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വേളയില്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്ന് ധാരണ. സണ്ണിജോസഫ് മത്സരിക്കുന്ന സാഹചര്യത്തില്‍ ബെന്നി ബഹനാനെ താല്‍ക്കാലിക കെപിസിസി അധ്യക്ഷന്‍ ആക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നു. രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടന്ന കൂടിക്കാഴ്ചയില്‍ അധ്യക്ഷനായി തുടരാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു.