-->
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ ശക്‌തികേന്ദ്രമായിരുന്ന മലമ്പുഴ നിയമസഭാ മണ്ഡലം വീണ്ടും രാഷ്‌ട്രീയ ചര്‍ച്ചാകേന്ദ്രമായി. ഇവിടെ മകന്‍ വി.എ. അരുണ്‍കുമാറിനെ മത്സരിപ്പിക്കാന്‍ സി.പി.എം. ആലോചിക്കുന്നതായി സൂചനകള്‍ വന്നു. വി.എസിന്റെ മുന്‍ പി.എ: എ. സുരേഷ് യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകുമെന്നും വിവരം.
പാലക്കാട്ട് പുതുയുഗ യാത്രാ വേദിയില്‍ സുരേഷിന് ലഭിച്ച വന്‍ സ്വീകരണം രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടേകി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചതും സൂചനാപൂര്‍ണമാണെന്ന് വിലയിരുത്തലുണ്ട്. ഇന്ന് പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോള്‍ സുരേഷ് പങ്കെടുക്കും. നേരിട്ട് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
വി.എസ് ഫാക്‌ടര്‍ ഉറപ്പിക്കാന്‍ അരുണ്‍?
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് അരുണ്‍കുമാര്‍. മലമ്പുഴയില്‍ അരുണിനെ രംഗത്തിറക്കുന്നതിന് സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തിനും എതിര്‍പ്പില്ലെന്നാണ് വിവരം. അരുണ്‍ മത്സരിച്ചാല്‍ മണ്ഡലത്തില്‍ വി.എസ്. ഫാക്‌ടര്‍ ശക്‌തിപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, സമവാക്യം സങ്കീര്‍ണമാക്കുന്നത് സുരേഷിന്റെ നിലപാടാണ്. വി.എസിന്റെ മനസ് സൂക്ഷിപ്പുകാരനെന്ന നിലയിലാണ് സുരേഷിനെ പലരും കാണുന്നത്. അരുണിനെതിരേ മത്സരിച്ചാല്‍, വഞ്ചകന്‍എന്ന പരിവേഷമാകും.
ആശയക്കുഴപ്പത്തില്‍ യു.ഡി.എഫ്
അരുണ്‍ രംഗത്തിറങ്ങാത്ത സാഹചര്യത്തില്‍ സുരേഷിനെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ച് പിന്നീട് പിന്മാറേണ്ടിവന്നാല്‍ മുന്നണിക്കുതന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ യു.ഡി.എഫിനുണ്ട്.അരുണിനെ നേരിടേണ്ട സാഹചര്യം വന്നാല്‍ അത് പുനര്‍വിചിന്തനം ആവശ്യമായ ചോദ്യം,എന്നായിരുന്നു സുരേഷിന്റെ പ്രതികരണം. കുഴയ്‌ക്കുന്ന ചോദ്യമാണ്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മത്സരമായിരിക്കുംഎന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ മനസ് കാത്തുസൂക്ഷിക്കുന്നയാളാണ് ഞാന്‍. ഇതുവരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. സ്‌ഥാനാര്‍ഥിത്വം താനല്ല തീരുമാനിക്കേണ്ടത്. മത്സരിക്കുകയാണെങ്കില്‍ ഒരു പാര്‍ട്ടിയെയും പ്രതിനിധീകരിക്കാതെ സ്വതന്ത്രനായി മത്സരിക്കുമെന്നും സുരേഷ് വ്യക്‌തമാക്കി. കോണ്‍ഗ്രസില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് മത്സരിച്ചാല്‍ ഒറ്റ പാര്‍ട്ടി വോട്ട് പോലും കിട്ടില്ല എന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി .ഗോവിന്ദന്റെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി: ഇത്രയും വലിയ അപമാനം നേരിടാന്‍ തക്ക തെറ്റ് ചെയ്‌തിട്ടില്ല. എന്തുകൊണ്ടാണ് പുറത്തുനിര്‍ത്തിയതെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. രാഷ്‌ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പെന്നും സുരേഷ് പറഞ്ഞു.
വോട്ട് കണക്കിലെ യാഥാര്‍ഥ്യം
മലമ്പുഴയില്‍ നിലവില്‍ യു.ഡി.എഫിന് വേരോട്ടം കുറവാണ്. 2016ല്‍ വി.എസ്. വിജയിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 35,333 വോട്ടുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്‌ഥാനാര്‍ഥി എ. പ്രഭാകരന്‍ വിജയിക്കുമ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 35,444 വോട്ടുകള്‍. രണ്ട് തവണയും കോണ്‍ഗ്രസ് ബി.ജെ.പിക്കു പിന്നില്‍ മൂന്നാം സ്‌ഥാനത്തായിരുന്നു.
സുനില്‍ ജെ. സണ്ണി