-->
തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നിയമസഭയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ നേരത്തേ തന്നെ തയ്യാറെടുപ്പുമായി ബിജെപി. നേരത്തേ തന്നെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങളുമായി പോയ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയും പുറത്തുവിട്ടിരിക്കുകയാണ്. ബിജെപി ഇത്തവണ വിജയം ഉറപ്പിച്ച് നീങ്ങുന്ന ഹോട്ട് സീറ്റുകള്‍ക്കൊപ്പം ജനങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനവും ചുറുചുറുക്കും മികവും പ്രവര്‍ത്തിപരിചയവുമുള്ള സ്ഥാനാര്‍ത്ഥികളെയാണ് നോക്കുന്നത്.
35 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക സംബന്ധിച്ച ഏകദേശ ധാരണയമായെങ്കിലും ഇപ്പോഴും ആശയക്കുഴപ്പം നില നില്‍ക്കുന്നത് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍കാവിലും തിരുവനന്തപുരം സെന്‍ട്രലിലുമാണ്. അതുപോലെ തന്നെ തീപ്പൊരി വനിതാനേതാവായ ശോഭാസുരേന്ദ്രനെ ഏതു മണ്ഡലം നല്‍കും എന്ന കാര്യത്തിലും പ്രവര്‍ത്തകര്‍ക്ക് ആകാംക്ഷയുണ്ട്. നേമത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി. മുരളീധരന്‍. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ എന്നീ സീറ്റുകളാണ് ഉറപ്പാക്കി വെച്ചിട്ടുള്ളത്.
വട്ടിയൂര്‍ കാവില്‍ ആര്‍ ശ്രീലേഖയുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നതെങ്കിലും ഇപ്പോഴും ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം വരുത്താന്‍ കഴിഞ്ഞിട്ടില്ല. ശോഭാ സുരേന്ദ്രനായി പാലക്കാട്, കായംകുളം, ഹരിപ്പാട് എന്നീ മണ്ഡലങ്ങളില്‍ ഒരെണ്ണമാകും കിട്ടു. എം.ടി. രമേഷിന് തൃശൂരോ കോഴിക്കോടോ നല്‍കും. മലമ്പുഴയില്‍ സി. കൃഷ്ണകുമാറും മത്സരിക്കും. എ ക്ലാസ്സ് മണ്ഡലങ്ങളുടെ പട്ടികയില്‍ വരുന്ന വട്ടിയൂര്‍ കാവില്‍ കെ. സുരേന്ദ്രന്റെ പേരാണ് ആദ്യം പറഞ്ഞുകേട്ടത്. എന്നാല്‍ അദ്ദേഹം മഞ്ചേശ്വരത്ത് മത്സരിക്കാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദേശവും ഇതു തന്നെയാണ്. പിന്നെ വട്ടിയൂര്‍കാവിലേക്ക് പരിഗണിക്കുന്ന പേര് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീലേഖ ഐപിഎസിന്റേതാണ്. എന്നാല്‍ ഇനിയൊരു അഞ്ചു വര്‍ഷത്തേക്ക് മത്സരത്തിനില്ല എന്ന് ശ്രീലേഖ മുമ്പ് എടുത്ത നിലപാടാണ് പ്രശ്‌നമായിരിക്കുന്നത്. എന്നാല്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറായേക്കും. നേരത്തേ തിരുവനന്തപുരം മേയര്‍ പദവിയിലേക്ക് ആദ്യം പരിഗണിച്ചെങ്കിലും പിന്നീട് ശ്രീലേഖയെ മാറ്റിയത് വട്ടിയൂര്‍കാവ് പിടിക്കുക ലക്ഷ്യമിട്ടായിരുന്നു.
തിരുവനന്തപുരം സെന്‍ട്രലിന്റെ കാര്യത്തിലും കൃത്യത വരുത്താനായിട്ടില്ല. കരമന ജയന്റെ പേരിനാണ് മൂന്‍തൂക്കം. അതേസമയം തന്നെ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് ഒരവസരം കൂടി നല്‍കുന്നതും ആലോചിക്കുന്നുണ്ട്. മണ്ഡലം ഉറപ്പാക്കി പ്രചരണ പരിപാടികള്‍ തുടങ്ങിയിരിക്കുന്നത് നേമത്തും മഞ്ചേശ്വരത്തുമാണ്. നേമത്ത് രണ്ടു മണ്ഡലം കമ്മറ്റികളുടേയും ഭാരവാഹികളുടെ യോഗം മാരാര്‍ജി ഭവനില്‍ ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റിയിലാണ് സാധ്യതാ പട്ടികയ്ക്ക് രൂപം നല്‍കിയത്.
ഓരോ മണ്ഡലത്തിലും മൂന്ന് പേരുകള്‍ വീതമാണ് പരിഗണനയില്‍. എന്നാല്‍ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ മാറ്റം വരാനിടയില്ല. അതേസമയം പട്ടികയില്‍ ശ്രീധരന്‍ പിള്ളയുടേയും എസ് സുരേഷിന്റെയും പേരുകളില്ല. താന്‍ മത്സരത്തിനില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്. സുരേഷ് നേരത്തേ അറിയിച്ചിരുന്നു.