-->
തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനല്‍ തുടങ്ങും മുമ്പേ പാല്‍ ഉത്‌പാദനം നേര്‍ പകുതിയായി. കൊടുംചൂടില്‍ കരിഞ്ഞുണങ്ങിയതോടെ പുല്ല് കിട്ടാനില്ല. കാലിത്തീറ്റ വില ദിനംപ്രതി കുതിച്ചുയരുന്നു. ക്ഷീരമേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.
പശുക്കളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് നാലു ലക്ഷം കുറഞ്ഞ് ഒന്‍പതു ലക്ഷത്തിലെത്തി. ക്ഷീരകര്‍ഷകര്‍ പലരും കളം ഒഴിഞ്ഞു. പാല്‍ ഉത്‌പാദനം കുറഞ്ഞതോടെ സംസ്‌ഥാനത്തിന് പുറത്തുനിന്നും നിലവാരം കുറഞ്ഞ പാല്‍ ആണ് എത്തുന്നത്.
കാലിത്തീറ്റ വില വര്‍ധനയ്‌ക്കു പുറമേ തൊഴിലാളികളുടെ കൂലി വര്‍ധന, പുല്‍ക്കൃഷിക്കുള്ള ചെലവ് ഉയര്‍ന്നത് എന്നിവയും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. വെറ്ററിനറി സേവനങ്ങള്‍ക്കുള്ള ചെലവും വര്‍ധിച്ചു. വൈദ്യുതി, വെള്ളക്കരം എന്നിവയ്‌ക്കും ചെലവേറി. തൊഴുത്തിലേക്ക് വേണ്ട മെഷീന്‍, പാര്‍ട്‌സുകള്‍ എന്നിവ പിടിച്ചാല്‍ കിട്ടാത്ത നിലയിലായി.
ഒരു ലിറ്റര്‍ പാല്‍ ഉല്‌പാദിപ്പിക്കാന്‍ ചെലവ് ഇപ്പോള്‍ 60 രൂപയ്‌ക്ക് മുകളിലാണ്. സൊസൈറ്റിയില്‍ നിന്നും പാലിന് കിട്ടുന്നത് 42 രൂപയും.
2019 ല്‍ മില്‍മ തന്നെ നടത്തിയ പഠനത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉല്‌പാദിപ്പിക്കാന്‍ 48.68 രൂപ വരെ ചെലവുണ്ടെന്ന് കണ്ടെത്തിയതാണ്. അന്നത്തെ പഠനത്തില്‍ ഒരു കിലോ കാലിത്തീറ്റയ്‌ക്ക് 23.4 രൂപയാണ് കണക്കാക്കിയത്. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം അത് 40 രൂപക്ക് അടുത്ത് വര്‍ധിച്ചു. നിയമസഭയ്‌ക്ക് അകത്തും പുറത്തും വാഗ്‌ദാനം നല്‍കിയ മന്ത്രിയും സര്‍ക്കാരും ഇപ്പോള്‍ വാക്കിന് പുല്ലുവില പോലും കല്‍പിക്കുന്നില്ലെന്ന് കേരള ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറി ബിജു വട്ടമുകളേല്‍ കുറ്റപ്പെടുത്തി.
ജി. അരുണ്‍