Friday, March 13, 2026 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 16 Feb 2026 11.34 PM

പകല്‍താപനില ഉയരുന്നു; രണ്ടു മുതല്‍ നാല്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ, കൊടുംചൂടിലേക്ക്‌ കേരളം, മാര്‍ച്ചു മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ്‌ കടക്കും

രാത്രിയും പുലര്‍ച്ചെയും താപനിലയില്‍ കാര്യമായ വര്‍ധനയില്ല. മാര്‍ച്ചു മുതല്‍ പകല്‍ച്ചൂട്‌ 40 ഡിഗ്രി സെല്‍ഷ്യസ്‌ കടക്കാമെന്നും മുന്നറിയിപ്പുണ്ട്‌. ഫലത്തില്‍ മാര്‍ച്ച്‌, ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ കേരളം ചുട്ടുപൊള്ളും.
uploads/news/2026/02/825742/k4.jpg

കൊച്ചി: സംസ്‌ഥാനത്ത്‌ പകല്‍ച്ചൂട്‌ കൂടുന്നു. രണ്ടു മുതല്‍ നാല്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണു പകല്‍ താപനില വര്‍ധിച്ചിട്ടുള്ളത്‌. എന്നാല്‍, രാത്രിയും പുലര്‍ച്ചെയും താപനിലയില്‍ കാര്യമായ വര്‍ധനയില്ല. മാര്‍ച്ചു മുതല്‍ പകല്‍ച്ചൂട്‌ 40 ഡിഗ്രി സെല്‍ഷ്യസ്‌ കടക്കാമെന്നും മുന്നറിയിപ്പുണ്ട്‌. ഫലത്തില്‍ മാര്‍ച്ച്‌, ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ കേരളം ചുട്ടുപൊള്ളും. നിലവില്‍ മിക്ക ജില്ലകളിലും പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിലേക്ക്‌ എത്തിക്കഴിഞ്ഞു. കണ്ണൂരും കോട്ടയവുമാണ്‌ പകല്‍ച്ചൂടില്‍ മുന്നില്‍.
ഫെബ്രുവരി കഴിയുന്നതോടെ സംസ്‌ഥാനം അത്യുഷ്‌ണത്തിലേക്കും വരള്‍ച്ചയിലേക്കും കടക്കുമെന്നാണ്‌ കാലാവസ്‌ഥാ വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്‌. ശക്‌തിയേറിയ വെയില്‍ മൂലം അള്‍ട്രാവയലറ്റ്‌ (യു.വി.)സൂചികയും ഉയരുന്നുണ്ട്‌്. ഇടുക്കി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ്‌ സൂചിക രേഖപ്പെടുത്തി. ഇടുക്കി മൂന്നാറില്‍ എട്ടും ചെങ്ങന്നൂരില്‍ ഏഴുമാ്‌ അള്‍ട്രാവയലറ്റ്‌ സൂചിക. യു.വി. അഞ്ചിനുമുകളിലാണെങ്കില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
പസഫിക്‌ സമുദ്രത്തില്‍ എല്‍നിനോ ഉരുത്തിരിയുന്നതിന്റെ പശ്‌ചാത്തലവും ചൂടിനു കാരണമാകുന്നുണ്ട്‌. സമുദ്രജലത്തിന്‌ ചൂടുപിടിക്കുന്ന പ്രതിഭാസമാണ്‌ എല്‍നിനോ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കടല്‍ തണുക്കുന്ന പ്രതിഭാസമായ ലാനിനയായിരുന്നു. അതുകൊണ്ട്‌ മഴയും ജലലഭ്യതയും ധാരാളമായിരുന്നു. എല്‍നിനോ കടുത്താല്‍ വേനലും ചൂടും മഴക്കുറവും പ്രതീക്ഷിക്കാമെന്നാണ്‌ കാലാവസ്‌ഥാ ഗവേഷകര്‍ പറയുന്നത്‌. ഇക്കുറി വേനല്‍ മഴയുടെ ലഭ്യത കുറഞ്ഞുപോയാല്‍ വരള്‍ച്ചയുടെ കാഠിന്യം കൂടും. ഇപ്പോള്‍ തന്നെ പല നദികളിലും ജലനിരപ്പ്‌ താഴ്‌ന്നുതുടങ്ങി.
കണ്ണൂരിനും കോട്ടയത്തിനും പുറമേ പാലക്കാട്‌, തൃശൂര്‍ ജില്ലകളും ചൂടില്‍ മുന്നിലാണ്‌. ഈര്‍പ്പമുള്ള അന്തരീക്ഷമൂലം യഥാര്‍ഥ താപനിലയേക്കാള്‍ കൂടുതല്‍ ചൂട്‌ അനുഭവപ്പെടും. മഴ പൂര്‍ണമായി അകന്നതോടെ മേഘരഹിതമായ അന്തരീക്ഷം സൂര്യരശ്‌മിയുടെ നേരിട്ടുള്ള പതനത്തിന്‌ കാരണമാകുന്നതും ചൂട്‌ വര്‍ധിപ്പിക്കുന്നു.
രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക്‌ മൂന്നുവരെ സുര്യരശ്‌മി നേരിട്ട്‌ ശരീരത്ത്‌ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്തു പണിയെടുക്കുന്നവര്‍ക്ക്‌ നിര്‍ജലീകരണവും സൂര്യാഘാത സാധ്യതയും ഏറെയാണെന്ന്‌ സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. കണ്ണൂരിലാണ്‌ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 38.4 ഡിഗ്രി സെല്‍ഷ്യസ്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു ഇത്‌ രേഖപ്പെടുത്തിയത്‌. വേനല്‍ മഴ ഈ മാസമുണ്ടാകാനിടയില്ല. മാര്‍ച്ചിലും ഏപ്രിലിലും നേരിയതോതിലെങ്കിലും വേനല്‍ മഴ പ്രതീക്ഷിക്കാമെന്നാണ്‌ കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്‌.

Ads by Google
സ്വന്തം ലേഖകന്‍
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW